17.1 C
New York
Monday, September 25, 2023
Home Religion ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര…വൈക്കം മഹാദേവ ക്ഷേത്രം -PART-2

ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര…വൈക്കം മഹാദേവ ക്ഷേത്രം -PART-2

തയ്യാറാക്കിയത് : ബിജു പി രാജ്, വൈക്കം.

തുടരുന്നു………..

🌷ഉദയനാപുരം ക്ഷേത്രം 🌷
വൈക്കത്തു നിന്നും ഒരു കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന ശ്രീസുബ്രമണ്യക്ഷേത്രം. വൈക്കം ക്ഷേത്രവും ഉദയനാപുരം ക്ഷേത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നാണ് ചിരപുരാതനമായി പറഞ്ഞു വരുന്നത്. ഉദയനാപുരത്തു പോയി കേവലം ഒരു ദർശനം എങ്കിലും നടത്തിയാൽ മാത്രമേ വൈക്കം ക്ഷേത്രത്തിൽ ചെയ്യുന്ന എന്തു വഴിപാടും സമ്പൂർണ്ണമാവു എന്നതാണ് ഇന്നും നിലനിൽക്കുന്ന വിശ്വാസം. രണ്ടു ക്ഷേത്രങ്ങളിലും ഒരേ രീതിയിൽ ഉള്ള നിത്യപൂജാക്രമങ്ങളും വൈക്കം ക്ഷേത്രത്തിലെ തന്ത്രിമാരും ശാന്തിമാരും തന്നെയാണ് ഉദയനാപുരം ക്ഷേത്രത്തിലെ തന്ത്രിമാരും ശാന്തിമാരും എന്ന വസ്തുതയും, അതിനെല്ലാമുപരി കൂടിപൂജ മുതലായ അനന്യസാധാരണ ചടങ്ങുകളും അഭേദ്യമായ ആ പരസ്പര ബന്ധത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.

🌹അഷ്ടമി മാഹാത്മ്യം 🌹

വ്യാഘ്രപാദമഹർഷിക്ക് ദിവ്യദർശനം നൽകിയ വൃശ്ചികമാസത്തിലെ കറുത്തപക്ഷ അഷ്ടമിയാണ് വൈക്കം ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. പന്ത്രണ്ടാം ദിവസം അഷ്ടമിയാകത്തക്കവണ്ണം കൊടികയറി വിപുലമായ പരിപാടികളോട് കൂടിയാണ് ഇന്നും തിരുവുത്സവം കൊണ്ടാടുന്നത്.ശുഭമുഹൂർത്തം കുറിച്ച് രാവിലെയാണ് വൈക്കം ക്ഷേത്രത്തിൽ കൊടിയേറ്റ് നടത്തുന്നത്. വൈക്കം ക്ഷേത്രത്തിലെയും ഉദയനാപുരം ക്ഷേത്രത്തിലെയും ഉത്സവത്തിന് കൊടികയറാൻ വേണ്ടി കൊടിക്കയർ കൊണ്ട് വന്ന് നടയ്ക്കൽ വയ്ക്കാനുള്ള അവകാശം ഉന്റാശ്ശേരി എന്ന പേരിൽ അറിയപ്പെടുന്ന ധീവര കുടുംബത്തിനാണ്.


അഷ്ടമി ഉത്സവത്തിന്റെ ഒന്നും രണ്ടും മൂന്നും ദിവസംങ്ങൾ ഇന്ന് കരക്കാരുടെ വക ആഘോഷമായാണ് കൊണ്ടാടുന്നത്. ക്ഷേത്രത്തിൽ കൊടി കയറി കഴിഞ്ഞാൽ ദിവസവും രാവിലെയും രാത്രിയിലെയും ശ്രീബലിക്ക് ശേഷം ശ്രീഭൂതബലി എന്ന ചടങ്ങ് ഉണ്ട്. ക്ഷേത്രത്തിലെ തന്ത്രിയാണ് ശ്രീഭൂതബലിക്ക് പ്രധാനകാർമ്മികത്വം വഹിക്കുന്നത്. അഞ്ച്, ആറു, എട്ട്, പതിനൊന്നു എന്നീ ഉത്സവദിവസങ്ങളിൽ രാവിലെ ശ്രീബലി കഴിഞ്ഞാൽ ശ്രീഭൂതബലിക്ക് പകരമായി ഉത്സവബലി നടത്തുന്നു. ശ്രീഭൂതബലിക്കും ഉത്സവബലിക്കും ആറാട്ടിനും മാത്രമാണ് വളരെയധികം വിശേഷപ്പെട്ട മൂലബിംബം ശ്രീകോവിലകത്തു നിന്ന് പുറത്തേക്ക് എഴുന്നള്ളിക്കുന്നത്. ഉപവാസത്തോടെ ഉത്സവബലി ദർശനം നടത്തുന്നത് അത്യധികം ശ്രേയസ്കരവും ശത്രുനാശകരവുമാണെന്നാണ് വിശ്വാസം.

🥀ഋഷഭവാഹനം എഴുന്നള്ളിപ്പ് 🥀

 അതിപ്രശസ്തവും മനോഹരവുമായ ഈ എഴുന്നള്ളത്ത്‌ ഏഴാം ഉത്സവദിവസം രാത്രിയിൽ ആണ്. അന്നേദിവസം അത്താഴപൂജ, ശ്രീബലി,  ശ്രീഭൂതബലി മുതലായവ കഴിഞ്ഞ് ഏകദേശം പന്ത്രണ്ടുമണിയോടെയുള്ള വിളക്കിനെഴുന്നള്ളിപ്പ്. പട്ടുടയാടകളും, കട്ടിമാലകളും കൊണ്ട് അലങ്കരിച്ച ഭഗവാന്റെ ചട്ടം (കോലം ) സാധാരണപോലെ ആനപ്പുറത്തെഴുന്നള്ളിക്കുന്നതിനു പകരം കുളിച്ച് തറ്റുടുത്തു വിഭൂതിയണിഞ്ഞു ശുദ്ധരായി നിൽക്കുന്ന പത്തുനാൽപ്പത് മൂസ്സതുമാർ ചേർന്ന് മുളംതണ്ടിലേറ്റിയെടുക്കുന്ന പടുകൂറ്റൻ വെള്ളികാളപ്പുറത്താണ് (108kg ) വിള ക്കിനെഴുന്നള്ളിക്കുന്നത്. ഈ എഴുന്നള്ളത്ത്‌ തിരുവുത്സവത്തിന്റെ ഒരു പ്രധാനചടങ്ങും ഒരിക്കൽ കണ്ടാൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവവുമാണ്.

🌷അഷ്ടമി ദർശനം 🌷

അഷ്ടമി ദിവസം അരുണോദയത്തിനു മുൻപ് വ്യാഘ്രപുരീശനെ വന്ദിക്കുന്നതാണ് അത്യുത്തമമെന്ന് വിശ്വസിക്കുന്നു. അഷ്ടമി ദിവസം രാത്രിയിൽ ആണ് സുവിഖ്യാതമായ അഷ്ടമി വിളക്ക്. കൂട്ടുമ്മേൽ ഭഗവതിയുടെയും ദേശദേവതയായ മൂത്തേടത്തുകാവിൽ ഭഗവതിയുടെയും താരകാസുര നിഗ്രഹം കഴിഞ്ഞു വിജയശ്രീലാളിതനായി പരിവാരങ്ങളോടും സൈന്യങ്ങളോടും കൂടി മാതാപിതാക്കളായ ശ്രീ പാർവ്വതി പരമേശ്വരനെ കണ്ട് വന്ദിക്കാൻ വരുന്ന ഉദയനാപുരത്തപ്പന്റെയും എഴുന്നള്ളത്തുകൾ വൈക്കത്തപ്പനെ എഴുന്നള്ളിച്ചു നിർത്തിയിരിക്കുന്ന വൈക്കം ക്ഷേത്രത്തിലെ കിഴക്കേ ആനക്കൊട്ടിലിൽ എത്തിയ ശേഷം ഒത്തൊരുമിച്ചു ആർഭാടപൂർവ്വം നടത്തുന്നതാണ് സുപ്രസിദ്ധവും നയനാ നന്ദകരവുമായ അഷ്ടമി ചടങ്ങ്. തുടർന്ന് കാരാൺമവകാശിയായ കറുകയിൽ കൈമൾ പല്ലക്കിലേറി വന്ന് തുടക്കം കുറിക്കുന്ന പ്രസിദ്ധിയാർജിച്ച വലിയ കാണിക്ക എന്ന ചടങ്ങ് നടക്കുന്നു. അനന്തരം വിളക്കും മക്കളോട് യാത്രപറയൽ ചടങ്ങും നടക്കുന്നു. വിരഹത്തിന്റെ പിരിമുറുക്കം അനുഭവപ്പെടുന്ന നിശബ്ദമായ പശ്ചാതലത്തിൽ ദേവീദേവന്മാരേയെഴുന്നള്ളിച്ച ഗജവീരന്മാർ മുഖത്തൊട് മുഖം തിരിഞ്ഞു നിന്ന് തുമ്പികൈ ഉയർത്തി ഓങ്കാര ശബ്ദം മുഴങ്ങുന്ന ശംഖൊലികൊത്തു ശബ്ദം പുറപ്പെടുവിച്ചു യാത്ര പറയുന്നതും എല്ലാവരും പിരിഞ്ഞു പോയിക്കഴിഞ്ഞാൽ സർവേശ്വരനെങ്കിലും പ്രാപഞ്ചികനായി ഭാവിച്ചുകൊണ്ടു നിശബ്ദനായി, ചിന്താധീനനായി നമ്രശിരസ്കനായി നാഗസ്വരത്തിൽ അടക്കി വായിക്കുന്ന ശോകരാഗത്തിന്റെ അകമ്പടിയോടെയുള്ള വൈക്കത്തപ്പന്റെ തിരിച്ചെഴുന്നള്ളത്തു ഭക്തർക്ക് നിറകണ്ണുകളോടും തൊഴുകൈകളോടും കൂടിയല്ലാതെ കണ്ടു…

🙏ഘട്ടിയം ചൊല്ലൽ 🙏

പതിവായി ദീപാരാധനയ്ക്കും അത്താഴശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണത്തിനും ഉള്ള പ്രത്യേക ചടങ്ങാണ് ഘട്ടിയം ചൊല്ലൽ. കേരളത്തിലെ മറ്റൊരു ക്ഷേത്രങ്ങളിലും ഇത്തരമൊരു ചടങ്ങ് നടന്നു വരുന്നതായോ, നടന്നിരുന്നതായോ കേട്ടുകേൾവി പോലും ഇല്ല. ഏകദേശം അഞ്ചടിപൊക്കം വരുന്ന, വെള്ളി പൊതിഞ്ഞു മുകളിൽ ഋഷഭവാഹനം ഘടിപ്പിച്ച ഒരു വടിയും കൈയിൽ പിടിച്ചു കൊണ്ട് അഞ്ജലിബദ്ധനായിനിന്ന് ഭഗവാന്റെ സ്തുതിഗീതങ്ങൾ ചൊല്ലുക എന്നതാണ് ഘട്ടിയം ചൊല്ലൽ ചടങ്ങ്. തിരുവിതാംകൂർ മഹാരാജാവായ ആയില്യം തിരുനാളിന്റെ കാലത്താണ് ആയിരത്തിമുപ്പത്തൊമ്പതാം ആണ്ട് തുലാമാസം ഇരുപത്തിയേഴാം തിയതി ഈ ചടങ്ങിന്റെ സമാരംഭം കുറിച്ചത്. വൈക്കത്തപ്പന്റെ ആശ്രിതവാത്സല്യത്തിന്റെയും ദീനാനുകമ്പയുടെയും ഉത്തമദൃഷ്ടാന്തംകൂടിയാണ് ഒന്നരനൂറ്റാണ്ടു പഴക്കമുള്ള ഈ അനുഷ്ഠാനം.

  ശിവഭക്തനും നിർധനനും അനന്യശരണനുമായ ഒരു വൃദ്ധബ്രാഹ്മണൻ വൈക്കത്തപ്പനെ ഭജിച്ചുകൊണ്ടു കാലംകഴിക്കവേ ഒരു ദിവസം പ്രാതലിനു ഊണ് കഴിക്കാനിരിക്കുന്ന അദ്ദേഹത്തിന്റെയടുത്തു ഇരുന്ന് ഊണ്കഴിക്കുവാൻ ഇത്തിരി സ്ഥലം ചോദിച്ചു കൊണ്ട് മറ്റൊരു ബ്രാഹ്മണൻ വന്നു നിന്നു. തൽക്ഷണം വൃദ്ധബ്രാഹ്മണൻ ആഗതനും കൂടി സ്ഥലം കൊടുക്കുകയും കുശലപ്രശ്നങ്ങൾ നടത്തി ഊണ്കഴിച്ചുകൊണ്ടിരിക്കെ സ്വന്തം ശോച്യാവസ്‌ഥ ആഗതനോട് പറയുകയും ചെയ്തു. തത്സമയം "മഹാരാജാവ് താൻ പറഞ്ഞാൽ കേൾക്കുന്ന ആളാണെന്നും ആയതിനാൽ നാളെത്തന്നെ തിരുവനന്തപുരത്തു വന്ന് മഹാരാജാവിനെ മുഖം കാണിക്കണമെന്നും, ബാക്കിയെല്ലാം ഞാൻ ശരിയാക്കിക്കൊള്ളാമെന്നും പറഞ്ഞ് " സ്ഥലം ചോദിച്ചു വന്ന ബ്രാഹ്മണൻ ഊണ് കഴിഞ്ഞ് എഴുന്നേറ്റു എങ്ങോ അപ്രത്യക്ഷനായി. ഒട്ടും ശുഭാപ്‌തിവിശ്വാസമില്ലാതെയാണെങ്കിലും വൃദ്ധബ്രാഹ്മണൻ പിറ്റേ ദിവസം തന്നെ തിരുവനന്തപുരത്തേക്കു പോയി മഹാരാജാവിനെ മുഖം കാണിച്ചു. വൈക്കത്തുനിന്നും വരുന്ന വൃദ്ധബ്രാഹ്മണനെ കണ്ട് ആശ്ച്ചര്യപരതന്ത്രനായ ആയില്യംതിരുനാൾ മഹാരാജാവ് തനിക്കു തലേദിവസം രാത്രിയിലുണ്ടായ ദിവ്യസ്വപ്‌നത്തെപ്പറ്റിയും ആ സ്വപ്‌നത്തിലൂടെ വൈക്കത്തപ്പൻ  "എന്റെ ക്ഷേത്രത്തിൽ ഘട്ടിയം ചൊല്ലൽ ഇല്ല എന്നും ആയതിനാൽ നാളെ വൈക്കത്തു നിന്നും വന്നെത്തുന്ന വന്ദ്യവയോധികനായ ബ്രാഹ്മണനെ വേണ്ടവിധം സൽക്കരിച്ചു ഋഷഭവാഹനം ഉറപ്പിച്ച ഒരു വെള്ളിവടിയും കൊടുത്തു ഘട്ടിയം ചൊല്ലാൻ ചുമതലപ്പെടുത്തി വിടണം " എന്ന് തന്നോട് അരുളി ചെയ്ത കഥയും പറഞ്ഞു.  അനന്തരം അന്ന് തന്നെ ഒരു വെള്ളിവടിയുണ്ടാക്കി ഋഷഭവാഹനം ഘടിപ്പിച്ചു വാദ്യമേളങ്ങളോടും ആർഭാടങ്ങളോടും  കൂടി തിരുവൈക്കത്തപ്പന്റെ സന്നിധാനത്തിൽ വന്ന് ഘട്ടിയം ചൊല്ലാനുള്ള ചുമതല ബ്രാഹ്മണനെയേല്പിച്ചു വെള്ളിവടികൊടുക്കുകയും അതിനു പ്രതിഫലമായി ഒരു തുക മാസം തോറും ദേവസ്വത്തിൽ നിന്ന് വൃദ്ധബ്രാഹ്മണനു കൊടുക്കാൻ ഏർപ്പാടാക്കി തിരിച്ചു പോവുകയും ചെയ്തു.  ഇന്നും മുടങ്ങാതെ ഈ ചടങ്ങ് ക്ഷേത്രത്തിൽ നടന്നുവരുന്നു. 

🌺മുക്കുടി നിവേദ്യം 🌺

      അതീവരഹസ്യങ്ങളായ ചില പച്ചമരുന്നുകൾ പ്രത്യേക അനുപാതത്തിൽ ചേർത്ത് ചൂർണ്ണമാക്കി വെള്ളോടില്ലത്തു മൂസ്സ് നടയ്ക്കുവയ്ക്കുന്ന വളരെ വിശേഷപ്പെട്ട ഒരൗഷധമാണിത്. പുത്തൻ മൺകലത്തിൽ ശുദ്ധമായ മോരിൽ ചാലിച്ചു തിടപ്പള്ളിയിൽ വച്ചു പാകം ചെയ്താണ് ഈ ഔഷധം നിവേദ്യത്തിനു തയ്യാറാക്കുന്നത്. ആറാട്ട് കഴിഞ്ഞ് പിറ്റേ ദിവസം ഉച്ചപൂജയുടെ പ്രസന്നപൂജയ്ക്കാണ് ഇത് നിവേദിക്കുന്നതു.  ഉത്സവകാലത്തെ ക്രമം തെറ്റിയുള്ള ആചാരാദികളാൽ ഒരിക്കൽ വൈക്കത്തപ്പന് ദഹനക്കേട് അനുഭവപ്പെട്ടു എന്നും ഉടൻ തന്നെ വെള്ളോടില്ലത്തു മൂസ്സിനു ഒരു ദിവ്യദർശനമുണ്ടാകുകയും ആ ദർശനത്തിലൂടെ ചില പ്രത്യേക മരുന്നുകൾ ചേർത്ത് ചൂർണ്ണമാക്കി എന്റെ നടയ്ക്കൽ കൊണ്ടുവയ്‌ക്കണമെന്നും,  മറ്റൊരു ദർശനത്തിലൂടെ മഹാരാജാവിനോട് വെള്ളോടില്ലത്തു മൂസ്സ് നടയ്ക്കൽ കൊണ്ടുവരുന്ന ചൂർണ്ണം തിടപ്പള്ളിയിൽവച്ചു പാകം ചെയ്തു നിവേദിക്കാൻ വേണ്ട ഏർപ്പാട് ചെയ്യണം എന്നും അരുളി. ഇന്നും ആ ചടങ്ങ് തുടരുന്നു. ഉച്ചപൂജയ്ക്കു ശേഷം പ്രസാദമായി കിട്ടുന്ന ഈ ദിവ്യഔഷധം ഉദര സംബന്ധമായ എല്ലാവിധ രോഗങ്ങളും മാറാൻ അത്യുത്തമമാണെന്ന് വിശ്വസിച്ചു പോരുന്നു. 

ഓം നമഃ ശിവായ 🙏🙏🙏🙏🙏

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലഹരിമുക്ത കേരളത്തെ വാര്‍ത്തെടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമമാണ് ആവശ്യം- ഡെപ്യൂട്ടി സ്പീക്കര്‍

ലഹരിമുക്ത കേരളത്തെ കെട്ടിപ്പടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണെന്നും അതിനായി സമൂഹം ഒറ്റകെട്ടായിനില്‍ക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം വിഷയത്തില്‍...

ഭാരത് ബോട്ട് ക്ലബ്ബ് കുടുംബ സംഗമം ഒക്ടോബർ 21-ന്

ന്യൂയോർക്ക്: ഭാരത് ബോട്ട് ക്ലബ്ബ് വര്‍ഷം തോറും നടത്തിവരാറുള്ള കുടുംബ സംഗമം ഈ വർഷവും പതിവുപോലെ വിപുലമായ പരിപാടികളോടെ ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റിൽ വച്ച് ഒക്ടോബർ 21-ാം തീയതി ശനിയാഴ്ച വൈകീട്ട്...

രമേശ് ചെന്നിത്തലയ്ക്കും പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്

ഹൂസ്റ്റണ്‍: കേരളത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്. മലയാളി കൂടിയായ മേയര്‍ കെന്‍...

ലാസ്‌ വേഗാസ് മലങ്കര ഓർത്തഡോക്സ് ഇടവക ദൈവമാതാവിന്റെ ജനനപ്പെരുനാൾ ആഘോഷിച്ചു.

ലാസ്‌ വേഗാസ്: സെന്റ് മേരിസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ 2023 ലെ പെരുന്നാൾ സെപ്റ്റമ്പർ 22,23 എന്നീ തീയതികളിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. 2006 ൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ഇടവക, പരിശുദ്ധ...
WP2Social Auto Publish Powered By : XYZScripts.com
error: