ആദ്യമായി വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു….. 🙏🙏🙏
തയ്യാറാക്കിയത് : ബിജു പി രാജ്, വൈക്കം.
🌞 വൈക്കം മഹാദേവ ക്ഷേത്രം 🌞
🌷 ഐതിഹ്യം 🌷
🙏🙏🙏 ഓം 🙏🙏🙏
വൈക്കം ക്ഷേത്രത്തിന്റെ ഉല്പത്തി വേദവ്യാസ വിരചിതമായ പതിനെട്ടു ഉപപുരാണങ്ങളിൽ ഒന്നായ ” ഭാർഗവ പുരാണത്തിൽ” വ്യാഘ്രപുരീ മാഹാത്മത്തിൽ പ്രതിപാതിച്ചിരിക്കുന്നു. ആ കഥ ഇങ്ങിനെ…
പണ്ട് ഭുജ ബലത്തിലും ബുദ്ധിസാമർഥ്യത്തിലും അധ്വാതീയൻ ആയിരുന്ന ഖരൻ, തപശ്ശക്തികൊണ്ട് ശക്തൻ ആയിതീർന്നു. മാല്യവാൻ എന്ന രാക്ഷസനെ ഗുരുവായി വരിച്ചു,, അദ്ദേഹത്തിൽ നിന്നും ശൈവ വിദ്യ ഗ്രഹിക്കുകയും, ചിദംബരത്തു ചെന്ന് നടരാജ മൂർത്തിയെ ഉപാസിച്ചു പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു. ഭക്തവത്സലനായ ഭഗവാൻ, ഖരന് മൂന്ന് വിശിഷ്ടങ്ങളായ ശിവലിംഗങ്ങളും സകല അനുഗ്രഹങ്ങളും നൽകി മറഞ്ഞു. സന്തുഷ്ടനായ ഖരൻ ഒരു ശിവലിംഗം വലതുകൈയിലും മറ്റൊന്ന് ഇടതു കൈയിലും മൂന്നാമത്തെതു വായ് കൊണ്ടും വഹിച്ചു കൊണ്ട് ആകാശമാർഗേണ സഞ്ചരിക്കവേ ലിംഗത്രയത്തിന്റെ കനം നിമിത്തം വിഗ്രഹങ്ങൾ താഴെ വച്ചു. ക്ഷീണം തീർന്നശേഷം പുറപ്പെടാൻ സമയം വലതു കൈയിലെ ശിവലിംഗം അങ്ങിയില്ല. ഭഗവാന് “അവിടെ ഇരിക്കുന്നത് ഇഷ്ടമാന്നെന്നു” ഒരശരീരിയും കേട്ടു. വ്യാഘ്രപാദൻ എന്ന മഹർഷി ആ സമയത്തു അവിടെ എത്താനിടയായി. സന്തുഷ്ടനായ ഖരൻ വ്യാഘ്രപാദനോട് ഈ പരമേശ്വര വിഗ്രഹത്തെ പൂജിക്കുവാനും വിശ്വപവിത്രമായ ഈ വിഗ്രഹം ആരാധിക്കുന്നവർക്കു സർവ്വ സൗഭാഗ്യങ്ങളും സിദ്ധിക്കും എന്ന് പറഞ്ഞു

വ്യാഘ്രപാദരെ ശിവലിംഗം
ഏല്പിച്ചു ഖരൻ അന്തർധാനം ചെയ്തു.
ഇടതു കൈയിലെ ശിവലിംഗം ഏറ്റുമാന്നൂരും കടിച്ചു പിടിച്ചിരുന്ന ശിവലിംഗം കടുത്തുരുത്തിയിലും ഖരൻ പ്രതിഷ്ഠിച്ചു. വൈക്കത്തു നിന്ന് കടുത്തുരുത്തിയിലേക്കും അവിടെ നിന്ന് ഏറ്റുമാന്നൂരിലേക്കും തുല്യ ദൂരമാന്നെന്നുള്ള വസ്തുത ഈ ഐതിഹ്യത്തിന്റെ വിശ്വാസതക്ക് ബലം കൂട്ടുന്നു.
ഖരന്റെ നിർദേശം അനുസരിച്ചു വ്യാഘ്രപാദർ അനേകസംവത്സരങ്ങൾ ആ ശിവലിംഗത്തെ പൂജാദികർമ്മങ്ങളാൽ പരിചരിക്കുകയും ആ സ്ഥലത്തിനു വ്യാഘ്രപാദപുരം (വൈക്കം )എന്ന പേര് സിദ്ധിക്കുകയും ചെയ്തു.
പാർവതിയുമൊന്നിച്ചു ശ്രീപരമേശ്വരൻ വൈക്കത്തു എഴുന്നള്ളിയപ്പോൾ വ്യാഘ്രപാദ മഹർഷി ശിവലിംഗ പൂജയും ചെയ്തു അവിടെ വസിക്കുകയാണ്. അങ്ങിനെ വൃശ്ചിക മാസത്തിലെ കൃഷ്ണാഷ്ടമി ദിവസം ഏഴര വെളുപ്പിന് ശിവപാർവതിമാർ വ്യാഘ്രപാദ മഹർഷിക്ക് ദർശനം നൽകി. ആ ദിവസം ഇന്നും അഷ്ടമി ആയി ആഘോഷിക്കുന്നു.

കാലമാകുന്ന ചില്ലയിൽ നിന്നും ഇലകൾ പലതും കൊഴിഞ്ഞു. പുതിയത് പലതുമുണ്ടായി. ഒരിക്കൽ കേരളസൃഷ്ടാവ് എന്ന് പൗരാണികർ പറഞ്ഞു വരുന്ന ചിരഞ്ജീവിയായ ശ്രീപരശുരാമൻ ആകാശമാർഗ്ഗം ഗമിക്കവേ ശുഭസൂചകങ്ങളായ ശകുനങ്ങളെ കണ്ടു താഴേക്ക് നോക്കിയപ്പോൾ ജലത്തിൽ മുങ്ങികിടക്കുന്ന ഒരു ശിവലിംഗവും അതിൽ നിന്നും ബഹിർഗമിക്കുന്ന അസാധാരണ ജ്യോതിസും കണ്ടു. ദിക്കെങ്ങും പ്രഭ വീശുന്ന വൈക്കത്തെ ശിവലിംഗം കണ്ടപ്പോൾ, അദ്ദേഹം ഭക്തിപരവശനായി അതിൽ കെട്ടിപിടിച്ചു കിടന്ന് താൻ ചെയ്ത മാതൃഹത്യയും ബ്രഹ്മഹത്യയും പൊറുക്കണം എന്ന് മനമുരുകി പ്രാർത്ഥിച്ചു. അനന്തരം അദ്ദേഹം കാലു കൊണ്ട് മണ്ണുയർത്തി പ്രതിഷ്ഠക്കു സൗകര്യം വരുത്തിയ ശേഷം തന്റെ വലതു കൈകൊണ്ടു ശുഭ മുഹൂർത്തത്തിൽ വിഗ്രഹപ്രതിഷ്ഠ നടത്തി. പാർവ്വതി സമേതനായി ശ്രീ പരമേശ്വരൻ തൽക്ഷണം അവിടെ പ്രത്യക്ഷപെട്ടു തന്റെ ഭക്തോത്തമന്മാരിൽ അഗ്രഗണ്യനും മഹാവിഷ്ണുവിന്റെ അംശാവതാരവുമായ ഭാർഗ്ഗവരാമൻ മന്ത്രപുരസ്സരം പ്രതിഷ്ഠിക്കയാൽ "ഇനി മുതൽ ശൈവവൈഷ്ണവ ചൈതന്യവുമായി ഭക്തനുഗ്രഹ മോക്ഷപ്രദനായി ഞാൻ ഇവിടെ വസിച്ചുകൊള്ളാം" എന്ന് ഭാർഗ്ഗവരാമനോട് അരുളി ചെയ്തു അവിടെ തന്നെ അന്തർദ്ധാനം ചെയ്തു. അനന്തരം അതിമനോഹരമായ ഒരു ക്ഷേത്രവും ഭാർഗവരാമൻ പണികഴിപ്പിച്ചു. ചുരുക്കത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതും, പൂജാ ക്രമങ്ങൾ ചിട്ടപ്പെടുത്തിയതും ശ്രീപരശുരാമൻ ആണ് എന്ന് വിശ്വസിക്കുന്നു. പിന്നീട് ക്ഷേത്രം ബ്രാഹ്മണർക്കായി ദാനം ചെയ്തു എങ്ങോ മറയുകയും ചെയ്തു.
🌻ക്ഷേത്രരൂപവർണ്ണന 🌾
എട്ട് ഏക്കറോളം വരുന്ന വിസ്തൃത സ്ഥലത്താണ് കിഴക്കോട്ടു ദർശനമായുള്ള ക്ഷേത്രം. മണൽ വിരിച്ചു ചുറ്റിനും മതിലുകെട്ടിയ ക്ഷേത്രങ്കണത്തിൽ വടദ്രുമങ്ങൾ സദാ പഞ്ചാക്ഷരമന്ത്രമുരുവിട്ടുകൊണ്ടു താലവൃന്ദം വീശി നിൽക്കുന്നു. കിഴക്കേ ഗോപുരത്തിനടുത്തായി പ്രത്യേകം തറയും മതിലും കെട്ടി ആലും മാവും പ്ലാവും ഒന്നിച്ചു വളരുന്ന ഒരു സ്ഥലം ഉണ്ട്. ഇവിടെ വച്ചാണത്രെ വ്യാഘ്രപാദ മഹർഷിക്കു ഭഗവാൻ പാർവ്വതി സമേതനായി ദർശനം നൽകിയത്. വലിയ ധാടിയോ മോടിയോ ഒന്നുമില്ലെങ്കിലും സാമാന്യം വലിയ നാലു ഗോപുരങ്ങൾ ക്ഷേത്രങ്കണത്തിന്റെ നാലു വശങ്ങളും അലങ്കരിക്കുന്നു. വടക്കേ അറ്റത്തു രണ്ടു നില ഉരുട്ടുപുര മാളിക കാണാം. അതിനോട് ചേർന്ന് വടക്കു ഭാഗത്താണ് കരിങ്കൽപടവുകളോട് കൂടിയ വലിയ ചിറ (അമ്പലക്കുളം ).
കിഴക്ക് ഭാഗത്തു ഗോപുരത്തിനടുത്തും കൊടിമരത്തിനടുത്തുമായി രണ്ടു ആനകൊട്ടിലുകൾ ഉണ്ട്. ബലിക്കൽ പുരയുടെയും ആനകൊട്ടിലിന്റെയും ഇടയിൽ ആണ് ക്ഷേത്രത്തിന്റെ പ്രൗഢിക്കു മകുടം ചാർത്തുന്ന സ്വർണ്ണധ്വജം. ബലിക്കൽ പുരയിൽ നിന്നും വീണ്ടും അകത്തെക്ക് പോകുമ്പോൾ പാർശ്വങ്ങളിലായി കരിങ്കലിൽ തീർത്ത വാതിൽ മാടങ്ങൾ കാണാം. അതു കഴിഞ്ഞ് ചെല്ലുന്നത് ശിലയിലും തരുവിലും തീർത്ത ശില്പങ്ങളും കൊത്തുവേലകളും കൊണ്ടലംകൃതമായ നമസ്കാരമണ്ഡപത്തിന്റെ കിഴക്കുഭാഗത്തു ആണ്. നമസ്കാര മണ്ഡപത്തിന്റെ മുകളിൽ രാമായണം കഥ മുഴുവനും ദാരുശില്പങ്ങളിൽ ആലേഖനം ചെയ്തിട്ടുണ്ട്. മണ്ഡപത്തിന്റെ കിഴക്കേ അറ്റത്തായി ഒറ്റക്കല്ലിൽ പണിത നന്ദി വിഗ്രഹവും അതിനടുത്തു അർച്ചനാബിംബരൂപത്തിൽ മറ്റൊരു ചെറിയ നന്ദി പ്രതിഷ്ഠയും ഉണ്ട്. വീണ്ടും മുന്നോട്ടു പോയാൽ ചെന്നെത്തുന്നത് ഭക്തജന സഹസ്രങ്ങൾക്ക് സർവ്വാഭീ ഷ്ടങ്ങളും പ്രദാനം ചെയ്തരുളുന്ന അന്നദാനപ്രഭുവായ തിരുവൈക്കത്തപ്പന്റെ ഭീമാകാരമായ ശ്രീകോവിലിനു മുൻപിൽ ആണ്.

ചെമ്പടിച്ച ഈ വട്ട ശ്രീകോവിൽ രണ്ടകങ്ങളോട് കൂടിയതാണ്. തിരുനടയിൽ നിന്ന് സോപാനം വഴി മുഖമണ്ഡപത്തിലേക്കും , മുഖമണ്ഡപത്തിൽ നിന്നും ഗർഭഗൃഹത്തിലേക്കും ആറു കരിങ്കൽ പടികൾ വീതമുണ്ട്. ഗോപുരം മുതൽക്കു കണക്കാക്കുകയാണെങ്കിലും തിരുനട മുതൽക്കു നോക്കുകയാണെങ്കിലും പടിയാറുകൾ പിന്നിട്ടാൽ മാത്രമേ ശ്രേഷ്ഠവും പരമപവിത്രവും വിശ്വപ്രസിദധവുമായ ആ ചൈതന്യദർശനം സാധ്യമാവൂ എന്നതാണ് മറ്റൊരു സവിശേഷത.
പടിയാറും കടന്നെത്തുന്ന ഗർഭഗൃഹത്തിൽ രണ്ടുമൂന്നടിയോളം ഉയർന്ന കരിങ്കൽപീഠത്തിലാണ് അഞ്ചാറടിയെങ്കിലും പൊക്കം വരുന്ന കൃഷ്ണ ശിലയിൽ തീർത്ത നിത്യശുദ്ധവും അതിശ്രേഷ്ഠവുമായ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. തിരുമുറ്റത്തു ശ്രീകോവിലിന്റെ വായുകോണിലായി നിത്യ യുവത്വത്തോട് കൂടി നിലകൊള്ളുന്ന ഒരു ഇരട്ടവില്വ വൃക്ഷം അത്യധികം വിസ്മയം ഉണർത്തുന്ന കാഴ്ച്ചയാണ്. വടക്കേ ചുറ്റമ്പലത്തിന്റെ ഏകദേശം കിഴക്കേ അറ്റത്താണ് മാന്യസ്ഥാനമെന്ന് അറിയപ്പെടുന്ന ഭാഗം. പണ്ട് വൈക്കത്തപ്പൻ ബ്രാഹ്മണ വേഷധാരിയായി വന്നിരുന്നു പ്രാതൽ സമയത്ത് ഭോജനം നടത്തുന്നത് വില്യമംഗലം സ്വാമിയാർ കണ്ടുവെന്നും അന്ന് മുതലാണ് ആ ഭാഗത്തിന് മാന്യസ്ഥാനമെന്നു പേര് സിദ്ധിച്ചതെന്നും പറയപ്പെടുന്നു. അവിടെ ഒരു ഭദ്രദീപം കൊളുത്തിവച്ചാണ് ഇന്നും നടക്കുന്ന പ്രാതലിനു ഇല വയ്ക്കുന്നത്.
തുടരും........
👍👍👍👍good narration 👌👌👌👏👏👏
വൈക്കത്തപ്പൻ ശരണം , ഓം നമഃശിവായ , നല്ല അവതരണം
വൈക്കത്തപ്പൻ ശരണം🙏
ഓം നഃമ ശിവായ🙏
വൈക്കം മഹാദേവക്ഷേത്രത്തിന്റെ ഐതിഹ്യം കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം …
വളരെ നല്ല അവതരണം👍👍👍👍👍
ബിജു സാറിന്
ഹൃദയം നിറഞ്ഞ സ്നേഹേത്തോടെ ആശംസകൾ🙏❤️❤️❤️❤️❤️🌹🌹🌹🌹🌹