17.1 C
New York
Saturday, September 18, 2021
Home Religion കുന്ധലിനിശക്തി (ശ്രീജ മനോജ്‌ അമ്പലപ്പുഴ)

കുന്ധലിനിശക്തി (ശ്രീജ മനോജ്‌ അമ്പലപ്പുഴ)

✍ശ്രീജ മനോജ്‌ അമ്പലപ്പുഴ

മനുഷ്യശരീരത്തില്‍ 114 ചക്രങ്ങളുണ്ട് – വാസ്‌തവത്തില്‍, അതിലും അധികമാണ്‌ അവയുടെ എണ്ണം, എങ്കിലും പ്രധാന ചക്രങ്ങള്‍ ഇത്രയാണെന്നുമാത്രം. അവയെ 114 ജംഗ്‌ഷന്‍ബോക്‌സുകളെന്നോ നാഡീസംഗമങ്ങളെന്നോ വിശേഷിപ്പിക്കാം. ഒരു ദിശാകേന്ദ്രത്തില്‍ നിന്ന് വേറൊരു ദിശാകേന്ദ്രത്തിലേക്കുള്ള ചലനം വെളിപ്പെടുത്തിക്കൊണ്ട്‌ ഇവയെ ചക്രങ്ങളെന്നോ വൃത്തങ്ങളെന്നോ വിശേഷിപ്പിക്കപ്പെടുന്നു. വാസ്‌തവത്തില്‍, ഈ സന്ധികള്‍ എല്ലായ്‌പ്പോഴും ത്രികോണാകൃതിയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. 114 ചക്രങ്ങളില്‍ രണ്ടെണ്ണം ഭൌതികശരീരത്തിനു പുറത്താണു സ്ഥിതിചെയ്യുന്നത്‌. അവശേഷിക്കുന്ന 112 ചക്രങ്ങളില്‍ 108 എണ്ണത്തിന്മേല്‍ മാത്രമേ നമുക്കു പ്രവര്‍ത്തിക്കാനാവൂ. ബാക്കി നാലെണ്ണം ആ പ്രക്രിയയിലൂടെ വികസിച്ചുവരുന്നുവെന്നുമാത്രം.

സൌരയൂഥത്തിന്‍റെ സൃഷ്‌ടിയില്‍ 108 എന്നത്‌ സാരവത്തായ സംഖ്യയായതുകൊണ്ടാണ്‌, മനുഷ്യന്‍റെ ശാരീരികവ്യവസ്ഥയില്‍ ഈ സംഖ്യ സ്‌പഷ്‌ടമായി കാണപ്പെടുന്നത്‌. സൂര്യന്‍റെ വ്യാസവും, ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരവും 108ന്‍റെ ഗുണിതങ്ങളാണ്‌. ചന്ദ്രന്‍റെ വ്യാസവും ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലവും 108ന്‍റെ ഗുണിതം തന്നെ. അതുപോലെതന്നെ ഭൂമിയുടെ വ്യാസവും സൂര്യന്‍റെ വ്യാസവും 108ന്‍റെ ഗുണിതമാണ്‌. വിവിധ ആധ്യാത്മികസാധനകളില്‍ സാരഗര്‍ഭമായ സംഖ്യയായി 108നെ കരുതപ്പെട്ടിരിക്കുന്നത്‌ ഈ കാരണങ്ങള്‍ കൊണ്ടാണ്‌.

ഏഴു മൌലികചക്രങ്ങള്‍

ജനനേന്ദ്രിയത്തിനും മലദ്വാരത്തിനുമിടയ്ക്കു സ്ഥിതിചെയ്യുന്ന മൂലാധാരം, ജനനേന്ദ്രിയത്തിനു തൊട്ടുമുകളില്‍ സ്ഥിതിചെയ്യുന്ന സ്വാധിഷ്‌ഠാനം, നാഭിക്കു തൊട്ടു താഴെയുള്ള മണിപൂരകം, വാരിയെല്ലിന്‍ കൂടുകള്‍ സന്ധിക്കുന്നതിനു തൊട്ടുപിന്നില്‍ നില്‍ക്കുന്ന അനാഹതം, തൊണ്ടക്കുഴിയിലുള്ള വിശുദ്ധി, പുരികങ്ങള്‍ക്കിടയില്‍ വര്‍ത്തിക്കുന്ന ആജ്ഞ, ശിരസ്സിന്‍റെ മേല്‍ഭാഗത്തു സ്ഥിതിചെയ്യുന്ന സഹസ്രാരം അഥവാ ബ്രഹ്മരന്ധ്രം. (പിറന്നയുടനെ ശിശുവിന്‍റെ ശിരസ്സിന്‍മേല്‍ നേര്‍ത്തൊരു പാടുകാണും) ഇവയാണ്‌ ഏഴു മൌലിക ചക്രങ്ങള്‍.

താഴ്‌ന്നതും ഉയര്‍ന്നതുമായ ശക്തികേന്ദ്രങ്ങള്‍ എന്നൊക്കെ നമുക്കു ചര്‍ച്ച ചെയ്യാനാവും, പക്ഷേ അത്തരം ഭാഷ വളരെ എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടും. കെട്ടിടത്തിന്‍റെ മേല്‍ക്കൂരയെ അടിത്തറയോടു താരതമ്യപ്പെടുത്തി നോക്കുന്നതു പോലെയാണത്‌. അടിത്തറയേക്കാള്‍ ഉല്‍കൃഷ്‌ടം മേല്‍ക്കൂരയാണോ? കെട്ടിടത്തിന്‍റെ ആധാരം എന്ന വിശേഷണത്തിന്‌ കൂടുതല്‍ യോഗ്യത അടിത്തറയ്ക്കു തന്നെ. കെട്ടിടത്തിന്‍റെ ഗുണനിലവാരവും, ആയുസ്സും, ഉറപ്പും, സുരക്ഷിതത്വവും വലിയ പരിധിവരെ നിര്‍ണ്ണയിക്കുന്നത്‌ അതിന്‍റെ അടിത്തറയാണ്‌, മേല്‍ക്കൂരയല്ല, പക്ഷേ, ഭാഷാപ്രയോഗത്തിന്‍റെ തലത്തില്‍ വരുമ്പോള്‍ മേല്‍ക്കൂര ഉയര്‍ന്നതും അടിത്തറ താഴ്‌ന്നതുമാണ്‌.

നിങ്ങളുടെ ഊര്‍ജം പ്രബലമായി നില്‍ക്കുന്നത്‌ മൂലാധാരത്തിലാണെങ്കില്‍ സ്വന്തം ജീവിതത്തില്‍ പ്രബലമായ കാര്യങ്ങള്‍ ഭക്ഷണവും നിദ്രയുമായിരിക്കും. ഒന്നിലധികം മാനങ്ങളുണ്ട്‌ ഈ ചക്രങ്ങള്‍ക്ക്‌. ഒന്ന് ഭൌതികാത്മികമാണ്‌, അതേസമയം, അവയ്ക്ക്‌ ആധ്യാത്മികമാനം കൂടിയുണ്ട്‌. അതുകൊണ്ടുതന്നെ, അവയെ പാടേ പരിവര്‍ത്തനവിധേയമാക്കാനാവുമെന്ന് സാരം. ഉദാഹരണമായി ഭക്ഷണവും നിദ്രയും കാംക്ഷിക്കുന്ന അതേ മൂലാധാരത്തിന്‌ ആഗ്രഹങ്ങളില്‍ നിന്ന് പാടേ മുക്തമാകുവാനും കഴിയും – പൂര്‍ണമായ അവബോധമുണ്ടായാല്‍.
ക്ഷേത്രങ്ങള്‍

ഈ ചക്രങ്ങള്‍ ശരീരത്തില്‍ പ്രത്യക്ഷീഭവിക്കുന്നതിനോടൊപ്പംതന്നെ, അവ നിഗൂഡമായൊരു രീതിയില്‍ വ്യക്തമാകുന്നുമുണ്ട്‌. ചക്രങ്ങളുടെ ഈ സ്‌പഷ്‌ടീകരണത്തേയാണ്‌(manifestation) ക്ഷേത്രങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌. ക്ഷേത്രം എന്ന വാക്കിന്‍റെ അര്‍ത്ഥം, ഒരാള്‍ അധിവസിക്കുന്ന ഇടം എന്നതാണ്‌. ഇപ്പോള്‍, നിങ്ങള്‍ ഇവിടെയായിരിക്കാം, എന്നാല്‍ നിങ്ങളുടെ സ്ഥിരതാമസം മറ്റെവിടെയോ ആണ്‌. അതുപോലെത്തന്നെ ബാഹ്യക്ഷേത്രങ്ങളും അന്തര്‍ക്ഷേത്രങ്ങളുമുണ്ട്‌ – ഭവനങ്ങളു൦, ഒഴിവുദിനഭവനങ്ങളും എന്നതുപോലെ

വീട്ടിലായിരിക്കുമ്പോള്‍ നിങ്ങള്‍ ഒരു വിധത്തിലായിരിക്കും പെരുമാറുക, അപ്പോള്‍ ലൌകിക കാര്യങ്ങള്‍ക്കാവും നിങ്ങളുടെ സമയത്തിനും ജീവിതത്തിനും മുന്‍തൂക്കം. എന്നാല്‍ ഒഴിവുദിന ഭവനത്തിലെത്തിയാല്‍ ലൌകിക കാര്യങ്ങള്‍ നിങ്ങളുടെ സത്തയെ അങ്ങനെ അപഹരിക്കില്ല, കുറെക്കൂടി ചൈതന്യവത്തായ നിലനില്‍പാണിത്‌.

പര്‍വ്വതപ്രദേശങ്ങളിലെ താമസം കൂടുതല്‍ ചൈതന്യവത്തായ അസ്‌തിത്വമായിരിക്കുമെന്നാണ്‌ വയ്‌പ്‌, അത്‌ ശരീരത്തെ ക്ലേശിപ്പിക്കുന്നതാണെങ്കില്‍ക്കൂടി. സ്വഗൃഹത്തിലെ വാസംതന്നെയാണ് ഏതുവിധേനയും കുറച്ചുകൂടി സ്വസ്ഥമായിട്ടുള്ളത്‌. പലരും ലൌകികതയെല്ലാം വിട്ടെറിഞ്ഞിട്ടും, സ്വന്തം വീട്ടില്‍തന്നെ കഴിയുന്നത്‌ അത്‌ അനായാസമായതുകൊണ്ടു മാത്രമാണ്‌, സുഖസൌകര്യങ്ങള്‍ക്കു വേണ്ടിയല്ല. അതേ സമയം, സ്വന്തം വീട്ടില്‍നിന്നും അകലെയായിരിക്കുമ്പോഴും, മറ്റൊരു ഗൃഹാന്തരീക്ഷം തേടിപ്പോകുവാന്‍ കാരണം, അപ്പോഴും വീടിന്‍റ സുഖസൌകര്യങ്ങള്‍ ആഗ്രഹിക്കുന്നു എന്നതുകൊണ്ടുതന്നെ. നേരെമറിച്ച്, സ്വഗൃഹത്തില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നില്ല, അതേസമയം കൂടുതല്‍ ചൈതന്യവത്തായ ഒരസ്‌തിത്വം വേണം താനും, അങ്ങിനെയൊരവസ്ഥ വരുമ്പോളാണ് ഒരു വ്യക്തി ആശ്രമം പോലെയുള്ളയിടങ്ങള്‍ തേടിപ്പോകുന്നത്. അതിനൊക്കെ വേണ്ടിത്തന്നെയാണ്‌ നിങ്ങളുടെ തന്നെയുള്ളിലുള്ള അന്തര്‍ക്ഷേത്രം നിങ്ങള്‍ക്കായി ഈശ്വരന്‍ ഒരുക്കിവച്ചിരിക്കുന്നതെന്നകാര്യം ഒരുപക്ഷേ നിങ്ങള്‍ മനസ്സിലാക്കുന്നില്ല. ഒന്നുകില്‍, ലൌകീകതയില്‍ വലിയ താല്‍പര്യമൊന്നുമില്ലാതെ അന്തര്‍ക്ഷേത്രത്തിലായിത്തന്നെയിരിക്കാം, അതാണധ്യാത്മികം. അല്ലെങ്കിലോ, ബാഹ്യക്ഷേത്രത്തില്‍ കഴിയാം, അതു ലൌകികം. എപ്പോള്‍ വീട്ടിലേക്കു ( ആധ്യാത്മികതയിലേക്ക്) മടങ്ങിപ്പോവണമെന്നു തോന്നിയാലും ആരും തടയില്ല, ലൌകികം മതിയായിയെന്നു തോന്നുന്വോള്‍ തിരികെ നടക്കാം.

രണ്ടാമത്തെ ചക്രമാണ്‌ സ്വാധിഷ്‌ഠാനം. ഊര്‍ജം പ്രബലമാവുന്നത്‌ സ്വാധിഷ്‌ഠാനത്തിലാണെങ്കില്‍ സുഖങ്ങള്‍ക്കാവും ജീവിതത്തില്‍ മുന്‍തൂക്കം നല്‍കുക, നിങ്ങള്‍ സുഖങ്ങളെ തേടിപ്പോവും. ശരീരത്തിന്‍റ യാഥാര്‍ത്ഥ്യത്തെ പല രീതിയില്‍ ആസ്വദിക്കാനാഗ്രഹിക്കും . ഊര്‍ജം പ്രബലമാവുന്നത്‌ മണിപൂരകത്തിലാണെങ്കില്‍ കര്‍മ്മനിരതനാവും, ഈ ലോകത്തില്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാകും. ഊര്‍ജം അനാഹത ചക്രത്തെ കേന്ദ്രീകരിച്ചാണ്‌ നില്‍ക്കുന്നതെങ്കില്‍ എന്തും പരിത്യജിക്കാന്‍ തയ്യാറായ വ്യക്തിയായിത്തീരും. ഊര്‍ജം വിശുദ്ധി ചക്രത്തില്‍ പ്രബലമാവുമ്പോള്‍ കരുത്തനായി മാറുന്നു. ഊര്‍ജം പ്രബലമാവുന്നത്‌ ആജ്ഞയിലാണെങ്കില്‍, അഥവാ, ആജ്ഞയില്‍ എത്തിയിട്ടുണ്ടെങ്കില്‍ ബുദ്ധിതലത്തില്‍ സാക്ഷാത്കാരം നേടിക്കഴിഞ്ഞു. ആ ബൌദ്ധികസാക്ഷാത്‌കാരം ശാന്തി പകര്‍ന്നുതരും, അനുഭവതലത്തില്‍ അക്കാര്യം ഇനിയും സംഭവിച്ചിട്ടില്ലെന്നുമാത്രം. ബൌദ്ധികസാക്ഷാത്കാരം കൈവന്നു കഴിഞ്ഞാല്‍, ബാഹ്യസംഭവങ്ങളൊന്നും ഏശാത്തവിധം, ഉള്ളില്‍ ശാന്തിയുടെയും സ്വൈര്യത്തിന്‍റേയും സ്‌ഥിതിവിശേഷം രൂപപ്പെട്ടിട്ടുണ്ടാവും. ഊര്‍ജം സഹസ്രാരത്തിലെത്തിക്കഴിഞ്ഞാല്‍ ഭ്രാന്തുപിടിച്ചമാതിരി ഒരുതരം ഹര്‍ഷോന്മാദത്തിലായിരിക്കും. ബാഹ്യപ്രചോദനങ്ങളൊന്നും ഉണ്ടാവില്ല, ഒരു കാരണവുമില്ലാതെ നിങ്ങള്‍ ഉന്മാദലഹരിയിലായിത്തീരും – ശക്തികള്‍ മൂര്‍ധന്യത്തില്‍ എത്തിയതുതന്നെ കാരണം.
മൌലികമായി, ഏതു ആധ്യാത്മീകരീതിയും മൂലാധാരത്തില്‍നിന്നും സഹസ്രാരത്തിലേക്കുള്ള യാത്രയാണെന്നു പറയാം. ഇത്‌ ഒരു ദിശയില്‍ നിന്നു മറ്റൊന്നിലേക്കുള്ള പരിണാമമാണ്‌. തീവ്രശ്രദ്ധയുടെ ഏഴു വ്യത്യസ്‌തവിതാനങ്ങള്‍ മാത്രമാണിവ. ശക്തികളെ മൂലാധാരത്തില്‍നിന്ന് ആജ്ഞയിലേക്ക്‌ എത്തിക്കാന്‍ നിരവധി ആധ്യാത്മികപ്രക്രിയകളും വഴികളുമുണ്ട്‌. പക്ഷേ ആജ്ഞയില്‍ നിന്നു സഹസ്രാരത്തിലെത്താന്‍ ഒരു വഴിയുമില്ല, കൃത്യമായൊരു വഴിയുമില്ല – അതിന്‌ നാം എടുത്തു ചാടുകയോ അടികാണാക്കുണ്ടിലേക്ക്‌ പതിക്കുക്കയോ ചെയ്യണം. ഇതാണ്‌ മേലേക്കുള്ള പതനം എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌. മേലേക്ക്‌ പതിക്കാന്‍ (to fall upward) തയ്യാറല്ലെങ്കില്‍ അവിടെയെത്താന്‍ സാധ്യതയില്ല എന്നാണ്‌ യോഗമാര്‍ഗ്ഗം പറയുന്നത്‌.

അതുകൊണ്ടാണ്‌ ആധ്യാത്മികരെന്നു വിളിക്കപ്പെടുന്ന പലരും ശാന്തിയാണ്‌ ഏറ്റവും ഉയര്‍ന്ന സാധ്യത എന്ന നിഗമനത്തിലെത്തിയിട്ടുള്ളത്‌. അവര്‍ ആജ്ഞാചക്രത്തില്‍ കുടുങ്ങി നില്‍ക്കുകയാണെന്നതുതന്നെ കാരണം. ശാന്തിയല്ല ഉന്നത സാധ്യത, അതിനപ്പുറവും സാധ്യതകളുണ്ട്‌. അത്യുന്നതത്തിലുള്ള ആനന്ദലഹരിയിലെത്താനാകാന്‍ കഴിയണം, നിങ്ങളുടെ ധാരണയിലും അനുഭവത്തിലും ലോകം മുഴുവന്‍ വലിയൊരു തമാശയായി മാറുംവിധം ആഹ്‌ളാദത്തിമിര്‍പ്പിലെത്താന്‍ കഴിയണം. അപ്പോള്‍ എല്ലാവരും വലിയ ഗൌരവത്തോടെ കാണുന്ന കാര്യങ്ങളെല്ലാം നിങ്ങളെ സംബന്ധിച്ചിടത്തോളം വെറും തമാശയായിത്തീര്‍ന്നിരിക്കും.

ആളുകള്‍ ആജ്ഞയില്‍ എത്തിയിട്ട്‌ അടുത്തയൊരു കടമ്പ കടന്നുകിട്ടാന്‍ മനസ്സിനെ പാകപ്പെടുത്തിയെടുക്കാന്‍ വേണ്ടിമാത്രം ഏറെക്കാലം അവിടെത്തന്നെ നിന്നുപോവുന്നു. ആധ്യാത്മിക പാരമ്പര്യങ്ങളില്‍ ഗുരുശിഷ്യബന്ധത്തിന്‌ എപ്പോഴും ഏറെ ഊന്നല്‍ നല്‍കിപ്പോന്നത്‌ അതുകൊണ്ടാണ്‌, ഗുരുവില്‍ ഗാഢവിശ്വാസമില്ലാതെ, ഗുരുവില്‍ സമര്‍പ്പണബോധമില്ലാതെ, ഈ കടമ്പ ചാടിക്കടക്കാനാവില്ല. 90% ആളുകള്‍ക്കും ഈ സമര്‍പ്പണബോധം കൂടിയേതീരു. അല്ലാതെ ആജ്ഞാചക്രത്തിനപ്പുറത്തേക്കു പോകാനാവില്ല. അതുകൊണ്ടാണ്‌ ഈ ബന്ധത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്‌. ഗുരുവില്‍ ദൃഢവിശ്വാസമില്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും മറുപുറം കാണാനാവില്ല…

⚜️🔥 കുണ്ഡലിനിശക്തിയുടെ പഞ്ചവിംശതി തത്ത്വങ്ങൾ 🔥 ⚜️

കുണ്ഡലിനിശക്തി ജഡവസ്തുക്കളിലും ജീവവസ്തുക്കളിലും ഒരുപോലെ അന്തർഭൂതമായി കിടക്കുന്ന ഗൂഡമായ പ്രപഞ്ചശക്തിയാണ്. ഷഡാധാരങ്ങളെ ഭേദിച്ച് സഹസ്രകമല ദളത്തിൽ ചെന്ന് പതിയായ പരമശിവനോടുകൂടി ക്രീഡിക്കുന്നു. പ്രപഞ്ചത്തിലുള്ള സമസ്തശക്തികളും ശരീരത്തിലും അന്തർഭവിച്ചിട്ടുണ്ട്. പ്രപഞ്ചവും ശരീരവും ഒന്നു പോലെ പഞ്ചവിംശതി (25) തത്ത്വാത്മകങ്ങളാകുന്നു.

🔥 🔸 പഞ്ചവിംശതി തത്ത്വങ്ങൾ 🔸 🔥

ആകാശം, വായു, അഗ്നി, ജലം, പൃഥ്വി, ശബ്ദം, ഗന്ധം, രൂപം, രസം, സ്പർശം, ശ്രോത്രം, നാസിക, ചക്ഷുസ്, രസന, ത്വക്ക്, വാക്ക്, പാണി, പാദം, പായു, ഉപസ്ഥം, മനസ്സ്, ശുദ്ധവിദ്യ, മഹേശ്വരൻ, സദാശിവൻ, ഇവയാകുന്നു. മായ മഹേശ്വരനോട് ചേർന്ന് [അർധനാരിശ്വരൻ] വൃഷ്ടിജീവനായും, ശുദ്ധവിദ്യ സദാശിവനോട് ചേർന്ന് സാദാഖ്യ കലയായും തീരുന്നു. നമ്മുടെ ജീവന്റെ ശക്തിക്ക് കുണ്ഡലിനീ ശക്തിയെന്നും സമഷ്ടിജീവനായ പരമശിവന്റെ ശക്തിക്ക് തിപുരസുന്ദരിയെന്നും പറയുന്നു. മൂലാധാര ചക്രത്തിൽ നിഗൂഡമായി ശക്തിമത്തായി കിടക്കുന്ന മൂലശക്തിയാണ് കുണ്ഡലിനി. കുണ്ഡലിനി ശക്തിയെപ്പറ്റിയും ആദ്ധ്യാത്മശക്തികേന്ദ്രങ്ങളായ ഏഴ് ആധാരങ്ങളെക്കുറിച്ചും, സുപ്തങ്ങളായ കുണ്ഡലിനി ഉണർത്തുന്നതിനെപ്പറ്റിയും സഹസ്രാര ചക്രത്തിൽ വെച്ച് ശിവനുമായി യോഗം ചെയ്യുന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്ന ശാസ്ത്രമാണ് കുണ്ഡലിനീ യോഗം. കുണ്ഡലിനി ശക്തി ഊർദ്ധ്വഗതിയിൽ ശീർഷത്തിലേക്കു കുതിച്ചുകയറുന്ന സമയം ഏഴ് ആധാരചക്രങ്ങളെയും തുളച്ചുകയറുന്നു.

👉 ഷഡാധാരവും അതിലെ ദേവതമാരും:-

മനുഷ്യശരീരത്തിലെ നട്ടെല്ല് മൂലാധാരം മുതൽ സഹ്രസാരം വരെ വ്യാപിക്കുന്നു. ഇതിൽ (നട്ടെല്ലിൽ) 33 കശേരുക്കളാണ് ഉള്ളത്. [മുപ്പത്തിമുക്കോടി-33 കോടി- ദേവന്മാർ]
ഈ നട്ടെല്ലുനിര തന്നെയാണ് മുപ്പത്തിമുക്കോടി ദേവന്മാരുടെയും ആവസസ്ഥാനമായ മേരു. നട്ടെല്ലുനിരകൾക്കുള്ളിലൂടെ മൂലാധാരം മുതൽ സഹസ്രാരം വരെ വ്യാപിച്ചിരിക്കുന്ന സുഷുമ്നാനാഡിയാണ് ജന്തു ശരീരത്തിലെ സർവ്വശക്തികളെയും വഹിക്കുന്ന ശക്തി
സഞ്ചയപഥം നമ്മുടെ ശരീരത്തിലെ സകല പ്രവർത്തനങ്ങളും ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നീ മൂന്നു ശക്തികളുടെ പരിണതഫലങ്ങളാണ്. ശാരീരിക പ്രവർത്തനങ്ങളെല്ലാംതന്നെ മൂലാധാരവും മസ്തിഷ്കവും തമ്മിലുള്ള ഒരു ശക്തിധാര പ്രവാഹത്തിൽ സംഭവിക്കുന്നു. സുഷുമ്നാനാഡിയെ ചുവടിൽനിന്ന് മേൽഭാഗത്തു മസ്തിഷ്കം വരെയുള്ള ഭാഗത്തെ ആറ് ആധാരങ്ങൾ ആയി വിഭജിച്ചിരിക്കുന്നു.

👉 മൂലാധാരം
👉 സ്വാധിഷ്ഠാനം
👉 മണിപൂരകം
👉 അനാഹതം
👉 വിശുദ്ധി
👉 ആജ്ഞ
ഇതിനെല്ലാം മീതെ മസ്തിഷകമാകുന്ന

👉 സഹാസ്രാരപത്മം
സ്ഥിതി ചെയ്യുന്നു. നട്ടെല്ലിന്റെ കീഴിലുള്ള മൂലാധാരത്തിൽ സർപ്പാകാരമായ തന്റെ ശരീരത്തെ മൂന്നുചുറ്റായിചുരുട്ടി അധോമുഖിയായി സാക്ഷാൽ ത്രിപുരിസുന്ദരിയായ കുണ്ഡലിനി ഉറങ്ങുന്നു. ഇതിലെ മൂന്നുചുരുൾ മൂന്നു ഗുണത്തെയും ( സത്വരജസ്തമോ ഗുണങ്ങൾ ) അരചുരുൾ വികൃതികളേയും പ്രതിനിധാനം ചെയ്യുന്നു.

👉 🔸 മൂലാധാരചക്രം 🔸 :-

ഗണപതിയെ മൂലാധാരക്ഷേത്രത്തിന്റെ അധിപതിയായി. കൽപിക്കുന്നു. ഇത് “ഭൂ” തത്ത്വത്തിന്റെ സ്ഥാനമാകുന്നു. “ലാ” എന്ന ബീജാക്ഷരം കൊണ്ട് തന്ത്രികർ ഇതിൽ ന്യാസം കൽപിക്കുന്നു. ഇതിന് ബ്രഹ്മചക്രം എന്നും പേരുണ്ട്. ഇതിനു നാലു ദളങ്ങൾ ഉണ്ട്. തന്ത്രികർ വ, ശ, ഷ, സ, എന്നി ചതുരാക്ഷരങ്ങളെ ദളങ്ങളിൽ ന്യാസിക്കുന്നു. ഓരോ ദളത്തിന്റെയും ദേവതകൾ വരദ, ശ്രീ, ഷണ്ഡ, സരസ്വതി, ചക്രത്തിൽ കർണികയിൽ ഒരു ത്രികോണമുണ്ട് (കാമയോനി) ഇച്ച, ശക്തി, ക്രിയ, ഇങ്ങനെ ത്രിഗുണങ്ങളോടുകൂടിയതാണിത് . മൂലാധാരത്തിൽ ത്രിവലയത്തിനുള്ളിൽ ചതുർദളപത്മവും അതിനുള്ളിൽ ത്രികോണകർണികയും തന്മദ്ധ്യത്തിൽ പാവകപ്രഭപൂണ്ട കുണ്ഡലിനിയും ധ്യാനിക്കപ്പെടുന്നു. “കുണ്ഡലിനിതം” എന്ന ശബ്ദത്തിന് ചുറ്റപ്പെട്ടത് എന്നാണ് അർത്ഥം. മനുഷ്യശരീരത്തിലെ ജീവാത്മാവിന്റെ സ്ഥാനം എന്നനിലയിലാണ് യോഗികൾ ആ സ്ഥാനത്തിൽ ഒരു കുണ്ഡലിത ശക്തിയെ സങ്കൽപിച്ചു വരുന്നത്. ഭാവനാ സൗകര്യാർത്ഥം ചുറ്റിക്കിടക്കുന്നു. ഒരു സർപ്പത്തിന്റെ രൂപം അതിനു കൽപ്പിച്ചിരിക്കുന്നുവെന്നു മാത്രം. അല്ലാതെ അവിടെ കീറി നോക്കിയാൽ ഒരു ഒരു പത്മത്തെയോ സർപ്പത്തെയോ കാണാൻ കഴിയില്ല , അവ തത്ത്വങ്ങളുടെ പ്രതീകങ്ങൾ മാത്രമാണ്.

👉 🔸 സ്വാധിഷ്ഠാനചക്രം 🔸 :-

ഇതിൽ ബ്രഹ്മാവാണ് ദേവത ഇതിന് ആറ് ദളങ്ങൾ ഉണ്ട്. പവിഴമൊട്ടുപോലെ പ്രകാശിക്കുന്നതും പശ്ചിമാഭിമുഖമായ ശിവലിംഗത്തെ ധ്യാനിക്കണം. ലോകത്തെ മുഴുവൻ ആകർഷിക്കുവാനുള്ള ശക്തി ഈ ആധാരത്തിലെ സമാധിജയം കൊണ്ട് സിദ്ധിക്കുന്നു. രത്നപ്രകാശത്തോടെ കുങ്കുമവർണ്ണത്തിൽ ആറു ദളങ്ങളിൽ ബ, ഭ, മ, യ, ര, ല, (യഥാക്രമത്തിൽ ബന്ധിനി, ഭദ്രകാളി, മഹാമായ, യശസ്വിനി, രമ, ലംബോഷ്ഠി) എന്നീ അക്ഷരങ്ങൾ ന്യാസിക്കുന്നു. ഇതിന്റെ സ്ഥാനം ലിംഗദേശത്തിനു പിന്നിലുള്ള നട്ടെല്ലിലെ കശേരുക്കളായിട്ടു വരും. ബീജാക്ഷരം “വം” ഷഡ്ചക്രങ്ങളിൽ ചക്രംതോറും അഭ്യന്തരങ്ങളിൽ ഈരണ്ടു ഗ്രന്ഥികൾ വീതമുണ്ട്. മൂലാധാരപത്മത്തിന്റെ അധോഗ്രന്ഥി മൂലാധാരചക്രവും ഉപരിഗ്രന്ഥി സ്വാധിഷ്ഠാനചക്രവുമാകുന്നു. ലളിതാസഹസ്രാനാമത്തിൽ ” മൂലാധാരൈകനിലയാ ബ്രഹ്മഗ്രന്ഥി വിഭേദിനി” എന്ന് ദേവിയെ സ്തുതിക്കുന്നുണ്ട് . ഇവിടെ ബ്രഹ്മഗ്രന്ഥി വിഭേദിനിയായിട്ട് കൽപ്പിച്ചത് സ്വാധിഷ്ഠാന പത്മാന്തർഗതയായ ദേവിയെയാണ്. ഇവിടെ ജലതത്ത്വം , സിന്ദൂരത്തിന്റെ നിറം.

👉 🔸 മണിപൂരകചക്രം 🔸 :-

ഇതിൽ വിഷ്ണുവാണ് ദേവത. സ്വാധിഷ്ഠാനചക്രത്തിൽ നിന്നും പത്തരയംഗുലം മുകളിൽ സ്ഥിതിചെയ്യുന്ന മണിപൂരക ചക്രത്തിന് 10 ദളങ്ങൾ ഉണ്ട്. ഡ,ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ, ( 10 അക്ഷരങ്ങൾ ) ഡമരി, ഢംകാരി, ണാമരി, താമസി, സ്ഥാണി, ദാക്ഷായണി, ധാത്രി, നാരായണി, പർവ്വതി, ഫട്കാരി, എന്നീ ശക്തിദേവതകൾ. ശക്തേയ ഉപാസകർ ദേവിയെ ഈ മണിപൂരക പീഠത്തിൽ ആവാഹിച്ചിരുത്തി . രത്നാഭരണങ്ങൾ കൊണ്ട് അലങ്കരിച്ച് പൂജിക്കുന്നു. ഇവിടെ അഗ്നിതത്ത്വം. ബീജാക്ഷര മന്ത്രം “രം” മഞ്ഞനിറം.

👉 🔸 അനാഹത ചക്രം 🔸 :-

ഇതിൽ രുദ്രനാണ് ദേവത, ഹൃദയത്തിൽ അധോമുഖവും അവികസിതവും ആയി ഒരു പത്മത്തെ ആദ്യം ഭാവന ചെയ്യണം. പ്രാണായാമ പ്രത്യാഹാര ധാരണങ്ങൾകൊണ്ട് അതിനെ ഊർദ്ധ്വമുഖമാക്കണം.( സങ്കലപ്പം കൊണ്ട് ഉയർത്തണം ) സങ്കൽപ്പം കൊണ്ട് തന്നെ അതിനെ വികസിപ്പിക്കുകയും വേണം. മണിപൂരകത്തിൽനിന്ന് 14 അംഗുലം മുകളിൽ മിന്നൽപ്പിണറിന്റെ ശോഭയോടെ വർത്തിക്കുന്നു. ഇതിന് 12 ദളങ്ങളാണുള്ളത്. ക,ഖ,ഗ, ഘ, ങ,ച, ഛ, ജ, ഝ, ഞ, ട, ഠ, യഥാക്രമം കാളരാത്രി, ഖാവിത്രി, ഗായത്രി, ഘണ്ടാധാരിണി, ജാർണ്ണ, ചണ്ഡാ, ഛായ, ഝംകാരി, ജ്ഞാനരൂപാ, ടംകസ്ഥാ, ഠംകാരി, എന്നീ ശക്തി ദേവതകൾ ആണ്. ഇതിന് വിഷ്ണുഗ്രന്ഥിയെന്നും എന്നും പറയുന്നു.

👉 🔸 വിശുദ്ധി ചക്രം 🔸:-

ഇതിൽ മഹാദേവനാണ് ദേവത. അനാഹതത്തിൽ നിന്നും 6 അംഗുലം മുകളിലായി കണ്ഠത്തിൽ ആണ് വിശുദ്ധി ചക്രം, ഇതിന് ചാരനിറമാണ്, 16 ദളങ്ങൾ ഉണ്ട്. അ, ആ, ഇ, ഈ, ഉ, ഊ, ഋ, ഋൗ, നു, നൗ, എ, ഐ, ഒ, ഔ, അം, അഃ യഥാക്രമം അമൃത, ആകർഷണി, ഇന്ദ്ര, ഈശാനി, ഉമാ, ഊർദ്ധ്വകേശി, ഋദ്ധിത, ഋനപാനുതി, നൗതാ, ഏകപാദാ, ഐശ്വര്യ, ഓങ്കാകരി, ഓഷാധാത്മിക, അംബിക, അക്ഷയ എന്നീശക്തി ദേവതകൾ, ജീവൻ പരിശുദ്ധമാക്കുന്ന ഇടം. ഗുരുലാഭം ഉണ്ടാകുമെന്നർത്ഥം, അതിനാലാണ് വിശുദ്ധി എന്നപേർ വന്നത്. ആകാശതത്ത്വം, ബീജാക്ഷരമന്ത്രം “ഹം” .

✍ശ്രീജ മനോജ്‌ അമ്പലപ്പുഴ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ...

മലയാള കവിതയിലെ മാണിക്യ രത്നങ്ങൾ –ഇരയിമ്മൻ തമ്പി

ബാലരാമവർമ മഹാരാജാവിന്റെ സദസ്സിലെ കവി. 1782-ൽ ജനനം. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ അടക്കം നിരവധി കൃതികൾ. 1855-ൽ അന്തരിച്ചു. ''ഓമനത്തിങ്കൾക്കിടാവോ, നല്ല-കോമളത്താമരപ്പൂവോപൂവിൽ നിറഞ്ഞ മധുവോ, പരി-പൂർണേന്ദു തൻറെ നിലാവോ ?പുത്തൻ പവിഴക്കൊടിയോ?...

ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിന് കേരള ടൈംസ് ധനസമാഹാരം നടത്തുന്നു

  ധനസമാഹാര മീറ്റിംഗ് സെപ്റ്റംബർ 21ന് ചൊവ്വാഴ്ച്ച വൈകുന്നേരം 6. 30 ന് ഓറഞ്ച് ബെർഗിലുള്ള സിത്താർ പാലസിൽ  ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിന് കേരള ടൈംസ്...
WP2Social Auto Publish Powered By : XYZScripts.com
error: