17.1 C
New York
Thursday, August 18, 2022
Home Religion കുംഭമേള - (ആത്മീയ പാതയിലൂടെ ഒരു യാത്ര)

കുംഭമേള – (ആത്മീയ പാതയിലൂടെ ഒരു യാത്ര)

ശ്രീ നാരായണ മാരാർ മാഷ്

ഭാരതത്തിലെ ഏത് ആഘോഷത്തെയും പോലെ കുംഭമേളയ്ക്കും പൗരാണികമായ ഒരു ചരിത്രമുണ്ട് . ദുർവ്വാസാവ് മഹർഷിയുടെ ശാപത്താൽ , സ്വർഗാധിപതിയായ ദേവേന്ദ്രനും ദേവന്മാർക്കും ജരാനരകൾ ബാധിച്ചു. ജരാനരകൾ മാറാൻ സുദർശനപാണിയായ മഹാവിഷ്ണു പള്ളികൊള്ളുന്ന പാലാഴി കടഞ്ഞ് അമൃതെടുത്ത് ഭുജിക്കുക എന്നതായിരുന്നു പ്രതിവിധി.

മന്ദര പർവ്വതത്തെ കടകോലും ഘോരസർപ്പമായ വാസുകിയെ കയറായും ഉപയോഗിച്ച് ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടഞ്ഞു. ആദ്യം ഉയർന്നത് അമൃതായിരുന്നില്ല. കാളകൂടമെന്ന കൊടും വിഷമായിരുന്നു.

ഈ വിഷം പതിച്ചാൽ പ്രപഞ്ചം തന്നെ ഇല്ലാതായിപ്പോകുമെന്ന് കണ്ട് എല്ലാവരും ഭയപ്പെട്ടു. ഒടുവിൽ ലോകക്ഷേമത്തിനായി ശ്രീ പരമേശ്വരൻ കാളകൂട വിഷം പാനം ചെയ്തു. പ്രിയതമൻ വിഷത്തിന്റെ ശക്തിയാൽ കൊല്ലപ്പെടുമെന്ന് പേടിച്ച് പാർവ്വതീ ദേവി വിഷം താഴോട്ടിറങ്ങാതിരിക്കാൻ ശിവന്റെ കഴുത്തിൽ പിടി മുറുക്കി . ലോകം നശിക്കുമെന്ന് പേടിച്ച് മഹാവിഷ്ണു ശിവന്റെ വാപൊത്തി.

താഴോട്ടും മേലോട്ടും പോകാതെ കാളകുടം ശിവഭഗവാന്റെ കണ്ഠത്തിലുറച്ചു . വിഷം കുടിച്ചിട്ടും മൃത്യുഞ്ജയനായ ഭഗവാൻ അങ്ങനെ നീലകണ്ഠനുമായി.

ഒടുവിൽ ഔഷധങ്ങളുടെ ദേവനായ ധന്വന്തരി മൂർത്തി അമൃതകുംഭവുമായി ഉയർന്നു വന്നു. അതോടെ അമൃതിനെച്ചൊല്ലി ദേവന്മാരും അസുരന്മാരും യുദ്ധമാരംഭിച്ചു. അസുരന്മാരിൽ നിന്ന് അമൃത് രക്ഷിക്കാൻ ഇന്ദ്രപുത്രനായ ജയന്തൻ അമൃതകുംഭവുമായി ഓട്ടമാരംഭിച്ചു. ജയന്തൻ പന്ത്രണ്ട് ദിനം തുടർച്ചയായി ഓടിയെന്നാണ് ഐതിഹ്യം.

ഓട്ടത്തിനിടെ നാലു സ്ഥലങ്ങളിൽ ഇന്ദ്ര പുത്രൻ അമൃത് താഴെ വച്ച് വിശ്രമിച്ചു. ഗംഗാതീരത്ത് ഹരിദ്വാറിലും ഗോദാവരീ തീരത്ത് നാസിക്കിലും ക്ഷിപ്രാ നദീ തീരത്ത് ഉജ്ജയിനിലും ത്രിവേണീ സംഗമസ്ഥാനമായ പ്രയാഗിലുമാണ് ഇന്ദ്രപുത്രൻ അമൃതകുംഭം വച്ചത്. ഇങ്ങനെ വയ്ക്കുന്നതിനിടെ നാലിടങ്ങളിൽ അമൃത് തുളുമ്പി വീണു

പന്ത്രണ്ട് ദേവദിനങ്ങൾ പന്ത്രണ്ട് മനുഷ്യവർഷങ്ങളാണ്. അതിനാലാണ് മൂന്ന് വർഷം കൂടുമ്പോൾ ഇതിലെ ഓരോ സ്ഥലങ്ങളിലും ക്രമാനുഗതം കുംഭമേളകൾ നടത്തുന്നത്. അങ്ങനെ വരുമ്പോൾ ഒരു സ്ഥലത്ത് 12 വർഷം കൂടുമ്പോഴാണ് കുംഭമേളകൾ നടക്കുക.

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നദികളിൽ അമൃതിന്റെ സാന്നിദ്ധ്യമുണ്ടാകുമെന്നും അന്ന് സ്നാനം ചെയ്താൽ പുനർജ്ജന്മ രഹിതമായ മോക്ഷം നേടുമെന്നുമാണ് വിശ്വാസം. ഹൈന്ദവധർമ്മത്തിലെ എല്ലാ ധാരകളിൽ നിന്നുള്ള സ്വാമിമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്നാനത്തിനെത്തും. സപ്തർഷികളെപ്പോലുള്ള ദിവ്യ ഋഷിമാരും ആ സമയത്ത് അദൃശ്യരായി എത്തുമെന്നാണ് വിശ്വാസം .

കുംഭമേളകൾ നടക്കുന്ന നദീതടങ്ങളും നദികളും ഭാരതീയ സംസ്കൃതിയുമായി അഭേദ്യമായ ബന്ധമുള്ളവയാണ്. ഗംഗ, ഗോദാവരി, ക്ഷിപ്ര, യമുന, സരസ്വതി എന്നിവയാണ് ആ നദികൾ

സഗരാത്മജർക്ക് മോക്ഷം നൽകാൻ ഭഗീരഥ പ്രയത്നത്താൽ ഭൂമിയിലേക്കെത്തി ത്രിവേണീ സംഗമഭൂവിനെ പവിത്രമാക്കുന്ന അനശ്വരധാരയാണ് ഗംഗ. ജാഹ്നവിയെന്നും ഭാഗീരഥിയെന്നും അറിയപ്പെട്ട് ഭാരതത്തിന്റെ സംസ്കാരധാരകളെ അനുദിനം പരിപാലിച്ചു കൊണ്ടൊഴുകുന്ന ഗംഗാമാതാവിന്റെ തീരത്താണ് കുംഭമേളകൾ നടക്കുന്ന ഹരിദ്വാറും പ്രയാഗും.

പ്രയാഗിൽ ഗംഗയ്ക്കൊപ്പം ശ്രീകൃഷ്ണകഥകളുമായി അഭേദ്യ ബന്ധമുള്ള യമുന, വൈദിക കാലഘട്ടം മുതൽ ഭാരതത്തിന്റെ സാംസ്കാരിക ധാരകളെ സമ്പന്നമാക്കിയ, മണ്മറഞ്ഞ സരസ്വതി എന്നിവ ചേരുന്ന ത്രിവേണീ സംഗമമാണുള്ളത്.

ഇന്ദ്രാവതിയും മഞ്ജീരയും ശബരിയും തങ്ങളുടെ ജലധാരകളാൽ സമ്പന്നമാക്കുന്ന ഗോദാവരി. വൃദ്ധഗംഗയെന്നും ദക്ഷിണ ഗംഗയെന്നും അറിയപ്പെടുന്നു. പശ്ചിമ ഘട്ടത്തിൽ നാസിക്കിലെ ത്യയംബകേശ്വരിൽ നിന്നും ഉത്ഭവം. 1450 കിലോമീറ്റർ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നതിനിടെ ഡെക്കാൻ പീഠഭൂമിയെ ജീവസ്സുറ്റതാക്കുന്നത് ഗോദാവരിയാണ്. ഈ ഗോദാവരിയുടെ തീരത്താണ് കുംഭമേള നടക്കുന്ന നാസിക്ക്.

ഭഗവാൻ വിഷ്ണുവിന്റെ വിരലുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദിയാണ് ക്ഷിപ്രയെന്ന് ഐതിഹ്യം പറയുന്നു. അതല്ല ഉത്ഭവം വരാഹമൂർത്തിയുടെ ഹൃദയത്തിൽ നിന്നാണെന്നും ഐതിഹ്യമുണ്ട്. ക്ഷിപ്രയുടെ തീരത്താണ് ശ്രീകൃഷ്ണഭഗവാൻ വിദ്യാഭ്യാസം നേടിയ സാന്ദീപനി ആശ്രമം. കുംഭമേള നടക്കുന്ന ഹിന്ദുക്കളുടെ പുണ്യനഗരങ്ങളിലൊന്നായ ഉജ്ജയിനും ഈ തീരഭൂമിയിലാണ്.

വ്യാഴത്തിന്റെ സൂര്യന്റെയും നിലകളനുസരിച്ചാണ് കുംഭമേളകൾ നടത്തുന്നത്. വ്യാഴവും സൂര്യനും സിഹരാശിയിൽ വരുമ്പോൾ നാസിക്കിലും വ്യാഴം ഇടവരാശിയിലും സൂര്യൻ മകരരാശിയിലും വരുമ്പോൾ പ്രയാഗിലും, വ്യാഴവും സൂര്യനും വൃശ്ചിക രാശിയിൽ വരുമ്പോൾ ഉജ്ജയിനിലും കുഭമേളകൾ നടക്കും. സൂര്യൻ മേട രാശിയിൽ വരുമ്പോഴാണ് ഹരിദ്വാറിലെ കുംഭമേള നടക്കുക.

പൂർണകുംഭമേളകൾക്കൊപ്പം അർദ്ധകുംഭമേളകളും നടക്കാറുണ്ട്. ആറു വർഷം കൂടുമ്പോൾ നടക്കുന്ന അർദ്ധകുംഭമേളകൾ പ്രയാഗിലും ഹരിദ്വാറിലുമാണ് നടത്തപ്പെടുക. നൂറ്റിനാൽപ്പത്തിനാല് വർഷം കൂടുമ്പോഴുള്ള മഹാകുംഭമേള നടക്കുന്നത് പ്രയാഗിലാണ് .

ആറാം നൂറ്റാണ്ടിൽ ഭാരതം സന്ദർശിച്ച ഹുയാൻ സാങ് എന്ന ചൈനീസ് സഞ്ചാരി കുംഭമേളയെപ്പോലെ ഒരു ഉത്സവത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. എഴുതപ്പെട്ട ചരിത്രത്തിൽ എറ്റവും പഴക്കമുള്ളത് ഇതാണ്.

കുംഭമേളകൾക്കൊന്നും പൊതുവായ സംഘാടക നേതൃത്വമില്ല. സർക്കാരും സന്യാസി സംഘങ്ങളും പരസ്പരം സഹകരിച്ചാണ് കുംഭമേളകൾ നടത്തുക . സർക്കാർ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും നോക്കുമ്പോൾ സന്യാസിമാർക്ക് അവരുടേതായ സംവിധാനങ്ങളുണ്ട്. ഏതെങ്കിലും കാരാണവശാൽ തർക്കമുണ്ടായാൽ സന്യാസി സംഘങ്ങൾക്ക് തന്നെയാണ് മേൽക്കൈ.

വ്യാഴത്തിന്റെ സൂര്യന്റെയും ചന്ദ്രന്റെയും നിലകളനുസരിച്ചാണ് കുംഭമേളകൾ നടത്തുന്നത് . വ്യാഴം കുംഭരാശിയിലും സൂര്യൻ മേട രാശിയിലും ചന്ദ്രൻ ധനുരാശിയിലും നിൽക്കുമ്പോഴാണ് ഹരിദ്വാറിൽ കുംഭമേള നടക്കുക. വ്യാഴം ഇടവ രാശിയിലും സൂര്യനും ചന്ദ്രനും മകരരാശിയിലും നിൽക്കുമ്പോഴാണ് പ്രയാഗിലെ കുംഭമേള .

നാസിക്കിൽ കുംഭമേള നടക്കുന്നത് വ്യാഴം സിംഹരാശിയിലും സൂര്യനും ചന്ദ്രനും കർക്കടക രാശിയിലും നിൽക്കുമ്പോഴാണ്. വ്യാഴം സിംഹരാശിയിലും സൂര്യനും ചന്ദ്രനും മേടരാശിയിലും നിൽക്കുമ്പോഴാണ് ഉജ്ജയിനിലെ കുംഭമേള..

വ്യാഴം സിഹരാശിയിൽ നിൽക്കുമ്പോൾ നടക്കുന്നതിനാൽ ഉജ്ജയിനിലേയും നാസിക്കിലേയും കുംഭമേളകൾ സിംഹസ്ഥ കുംഭമേള എന്നും അറിയപ്പെടുന്നു

അഖാഡ പരിഷദ് എന്ന സംഘടനയാണ് കുംഭമേളയുടെ സംഘാടകർ എന്ന് പറയാം. അഖാഡ പരിഷദിന്റെ അദ്ധ്യക്ഷനാണ് മേളയുടെ സർവ്വാധിപതി. ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങളിൽ ഉൾപ്പെടാത്ത അഖാഡ സന്യാസിമാരാണ് കുംഭമേളയിൽ ആദ്യമായി സ്നാനം ചെയ്യാൻ അവകാശം ലഭിച്ചവർ .

ലോകോപകാരാർത്ഥം ജനങ്ങൾക്ക് ആത്മവിദ്യ ഉപദേശിക്കലാണ് പൊതുവെ സന്യാസിമാരുടെ ധർമ്മം. എന്നാൽ ലോകക്ഷേമത്തിനു വേണ്ടി ആയുധമെടുക്കാനും അവകാശമുള്ളവരാണ് അഖാഡ സന്യാസിമാർ.

ഒരു കയ്യിൽ ജപമാലയും മറുകയ്യിൽ ആയുധവുമായാണ് ഇവരുടെ നടപ്പ്. പണ്ട് ഇസ്ളാമിക അധിനിവേശമുണ്ടായപ്പോൾ ധർമ്മ സംരക്ഷണത്തിനായി ആയുധമെടുത്ത പാരമ്പര്യമാണ് ഇവർക്കുള്ളത്. അലിഖിതമാണ് അഖാഡകളുടെ ഭരണഘടന. എന്നാൽ അത് അലംഘനീയവുമാണ്.

മഠികൾ ചേർന്നാണ് അഖാഡയുണ്ടാകുന്നത്. ഓരോ അഖാഡയ്ക്കും ഓരോ മഹന്തുക്കൾ അധിപതിയായുണ്ട്. മൊത്തം അഖാഡയിലെ മഹന്തുക്കളിൽ നിന്ന് നാലു പേരെ ശ്രീമഹന്തുക്കളായി തെരഞ്ഞെടുക്കും. ഇവരിൽ നിന്നൊരാളെ സഭാപതിയായി തെരഞ്ഞെടുക്കും.

സന്യാസികളിൽ നിന്നൊരാളെയാണ് അഖാഡകൾ തങ്ങളുടെ ആചാര്യനാക്കുന്നത്. പാണ്ഡിത്യമുള്ള സന്യാസിമാരെ അഖാഡകൾ മഹാമണ്ഡലേശ്വരന്മാരായി വാഴിക്കും. അവരിൽ നിന്നൊരാളെ ആചാര്യ മഹാമണ്ഡലേശ്വരനായി തെരഞ്ഞെടുക്കും.

പതിമൂന്ന് അഖാഡകളിൽ ഏഴെണ്ണം ശൈവരുടേതും മൂന്നെണ്ണം വൈഷ്ണവരുടേതും രണ്ടെണ്ണം ഉദാസീനുകളുടേതും ഒരെണ്ണം നിർമ്മലുകളുടേതുമാണ്. സിഖ് ഗുരുവായ ഗുരുനാനാക്കിനെ തങ്ങളുടെ ആചാര്യനായി പരിഗണിക്കുന്നവരാണ് ഉദാസീനുകൾ.

ഷാഹി സ്നാനം അഥവാ പുണ്യസ്നാനമാണ് കുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് . വ്യത്യസ്തമായ സ്നാന ദിനങ്ങൾ ഉണ്ടെങ്കിലും ഷാഹി സ്നാനമാണ് ഏറ്റവും വിശേഷപ്പെട്ടത്. മുഖ്യസ്നാനദിനങ്ങളിൽ അഖാഡകളിൽ പെട്ട സന്യാസിമാർക്കും അവരുടെ ആശ്രമത്തിലെ അന്തേവാസികൾക്കും മാത്രമേ സ്നാനം ചെയ്യാൻ അവകാശമുള്ളൂ .

ഇതിനായി സ്നാനഘട്ടത്തിലേക്ക് പോകുന്ന ഘോഷയാത്രയ്ക്ക് ജുലുസ് എന്നാണ് പേര്. ആദ്യം അഖാഡയുടെ പതാകയും ചിഹ്നവും.അഖാഡയുടെ ദേവന്റെ സ്വർണരഥം. ഒപ്പം നീണ്ഡ ദണ്ഡുകളും അധികാര സ്ഥാനങ്ങളും പിടിച്ച് നാഗസന്യാസിമാർ. പിന്നീട് മഹമണ്ഡലേശ്വരന്റെ വെള്ളി രഥം അതിനു ശേഷം ആചാര്യന്മാരും മഹന്തുക്കളും. ഇടയ്ക്ക് വാദ്യഘോഷങ്ങളും ഇങ്ങനെയാണ് യാത്രയുടെ ക്രമം.

ഓരോ അഖാഡയ്ക്കും സ്നാനത്തിന് അതിന്റേതായ ക്രമമുണ്ട്. അത് തെറ്റിയാൽ അഖാഡകൾ തമ്മിൽ യുദ്ധങ്ങൾ വരെ നടക്കും. അതിനാൽ അലിഖിതമായ നിയമം ആരും തെറ്റിക്കാറില്ല. ഒരു അഖാഡയിലെ എല്ലാവരും സ്നാനം ചെയ്തതിനു ശേഷം മാത്രമേ അടുത്ത അഖാഡയിലുള്ളവർ സ്നാനത്തിനിറങ്ങൂ.

ശൈവ അഖാഡകൾക്ക് ശേഷം വൈഷ്ണവ അഖാഡകളും ഉദാസീനുകളും സ്നാനം ചെയ്യുന്നതോടെ കുംഭമേളയുടെ പ്രധാന ഘട്ടമാണ് കടന്നു പോകുന്നത്. തുടർന്ന് അടുത്ത കുംഭമേള തീര ഭൂമിയിലേക്ക്…

കുംഭമേളയുടെ ഭാഗമായി ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വിഭാഗമാണ് നാഗ സന്യാസിമാർ. ശൈവ അഖാഡകളിലെ മുഴുവൻ സന്യാസിമാരും നാഗബാബ മാരാണ്. അതിൽ മഹന്ത്, ആചാര്യൻ തുടങ്ങി മുകളിലേക്കുള്ള സ്ഥാനങ്ങളിലുള്ളവർക്ക് എപ്പോഴും ജനങ്ങളുമായി ബന്ധപ്പെടേണ്ടി വരും. അതുകൊണ്ട് അവർ വസ്ത്രം ധരിക്കും. മറ്റുള്ളവർ ദിഗംബരന്മാരായി തുടരും.

കുംഭമേള കഴിഞ്ഞാൽ ഹിമാലയത്തിൽ ജപധ്യാനങ്ങൾ ചെയ്യുന്നവർ മാത്രം അങ്ങോട്ടു പോകും, ബാക്കിയുള്ളവർ ഉത്തരേന്ത്യൻ നഗരങ്ങളിലും കാശി, മഥുര, തുടങ്ങിയ പുണ്യസ്ഥലങ്ങളിലും സന്ദർശനം നടത്തും. കുംഭമേളക്കാലത്ത് മാത്രം ഹിമാലയത്തിൽ നിന്നിറങ്ങി വരുന്നവരാണ് നാഗബാബമാരെന്നത് തെറ്റായ അറിവാണ്.

ശരീരത്തെ എങ്ങനെയും ദണ്ഡിപ്പിക്കാൻ കഴിവുള്ളവരാണ് നാഗസന്യാസിമാർ. ചുടല ഭസ്മം ശരീരമാസകലം വാരിപ്പൂശി ദിഗംബരന്മാരായി നടക്കുന്ന നാഗബാബമാർ കുംഭമേളയുടെ പ്രധാന ആകർഷണമാണ്. പലവിധത്തിലുള്ള അഭ്യാസങ്ങൾ കാണിച്ച് നാഗബാബമാർ കാണികളെ അത്ഭുതപ്പെടുത്തുന്നു.

ഇങ്ങനെ പ്രകടന പരതയില്ലാത്ത ആത്മീയതയിൽ ജീവിക്കുന്ന മഹായോഗികളും നാഗബാബമാർക്കിടയിലുണ്ട്. ഒന്നിനോടും മമതയില്ലാതെ ചൂടിനേയും തണുപ്പിനേയും മഴയേയും മഞ്ഞിനേയും സമമായി കണ്ട് ജീവിക്കുന്നവർ. ഉൾക്കാമ്പിൽ ആത്മീയയുടെ, ആത്മബോധത്തിന്റെ ചൂടുള്ളവർ.. മഹാസന്യാസിമാർ.

നാലിടങ്ങളിൽ കുംഭമേള നടക്കുന്നുണ്ടെങ്കിലും ഹരിദ്വാറിലെ കുംഭമേളയ്ക്ക് ചില പ്രത്യേകതകളുണ്ട്. ഹിമാലയത്തിന്റെ സാന്നിദ്ധ്യമാണത്. ഹരിദ്വാറിലെ സ്നാനം നടക്കുന്നത് ഹർ കി പ്രൗഢിലെ ബ്രഹ്മകുണ്ഡിലാണ്മ്. ത്രിമൂർത്തികളുടെ സാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്നാനഘട്ടമാണത്.

ലോകത്തിലെ ഏറ്റവും വലിയ മഹാമേളയിൽ പങ്കെടുത്ത് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ സാന്നിദ്ധ്യത്തിൽ പുണ്യസ്നാനം ചെയ്യാൻ കഴിയുന്നതിൽ പരം സായൂജ്യമെന്താണ് ഭക്തന്മാർക്കുള്ളത്…?

കടപ്പാട് ഗുരു പരമ്പരയോട്🙏🙏

Facebook Comments

COMMENTS

- Advertisment -

Most Popular

വൈദ്യുതിയിൽ ഷോക്ക് മാസം തോറും; ഓരോ മാസവും നിരക്ക് വര്‍ദ്ധിപ്പിക്കാൻ ഭേദഗതിയുമായി കേന്ദ്രം.

ഇനി ഓരോ മാസവും വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. ഓരോ മാസവും നിരക്ക് വർദ്ധിപ്പിക്കാവുന്ന ചട്ടഭേദ​ഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വൈദ്യുതി വിതരണക്കമ്പനികൾക്ക് ഓരോ മാസവും വൈദ്യുതി നിരക്ക് കൂട്ടാൻ അനുവദിക്കുന്നതാണ് ചട്ടഭേദ​ഗതി....

കോട്ടയത്ത് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി മർദ്ദിച്ച സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ.

തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തൽ പഞ്ചായത്ത് മെമ്പർ അടക്കം സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ ബൈജു വിജയൻ, പാർട്ടി...

ട്രോയ് സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു.

ലോസ് ആഞ്ചലസ് : ഹോളിവുഡിന് ഒട്ടേറെ സൂപ്പർഹിറ്റ്, ക്ലാസിക് സിനിമകൾ സമ്മാനിച്ച സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു; 81 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ച് ഏറെ നാളായിചികിത്സയിലായിരുന്നു. ലോസ്ആഞ്ചലസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ജര്‍മന്‍...

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: