വാനപ്രസ്ഥത്തിന് പോകാനൊരുങ്ങുന്ന പാണ്ഡവർ ഭഗവാൻ ശ്രീകൃഷ്ണനോടു ചോദിച്ചു..
“കലിയുഗത്തിന്റെ പ്രഭാവം എങ്ങനെയായിരിക്കും പ്രഭോ.?”
“ഉത്തരം എനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല.
നിങ്ങൾ അഞ്ചു സഹോദരങ്ങളും വനത്തിൽ ഓരോ ദിശയിൽ സഞ്ചരിക്കുക.
അവിടെ നിങ്ങൾ കാണുന്ന കാഴ്ചകളുടെ അടിസ്ഥാനത്തിൽ ഞാൻ കലിയുഗത്തിന്റെ പ്രഭാവം എന്താണെന്ന് പറയാം.”
കൃഷ്ണന്റെ ആജ്ഞപോലെ പാണ്ഡവർ അഞ്ചുപേരും അഞ്ചു ദിശകളിലായി വനത്തിൽ സഞ്ചരിച്ചു.
അവർ വളരെ വിചിത്രവും അത്ഭുതകരവുമായ കാഴ്ച്ചകളാണ് കണ്ടത്..
യുധിഷ്ഠിരന് രണ്ടു തുമ്പികൈകളുള്ള ഒരു ആനയെ ആണ് കാണാൻ കഴിഞ്ഞത്..
അർജുനൻ ഒരു പക്ഷിയേയും..
അതിന്റെ ചിറകുകളിൽ വേദത്തില്‍ നിന്നുള്ള വരികള്‍ ആലേഖനം ചെയ്തിരിക്കുന്നു.
ആ പക്ഷി ഒരു ശവ ശരീരം കൊത്തി തിന്നുന്ന കാഴ്ച്ചയായിരുന്നു..
ഭീമൻ ഒരു പശുവിനെ ആണ് കണ്ടത്.
പശു അതിന്റെ കുഞ്ഞിനെ വാത്സല്യത്തോടെ നക്കി നക്കി ലാളിക്കുന്നു.
സഹദേവൻ നാല് കിണറുകൾ കണ്ടു.
ഒരു കിണറ്റിൽ വെള്ളം ഒട്ടും ഇല്ല. അടുത്തുള്ള മറ്റു കിണറുകൾ നിറയെ വെള്ളവും.
വെള്ളമില്ലാത്ത കിണറിന് ആഴം കൂടുതലുമാണ്..
നകുലൻ മലമുകളിൽ നിന്ന് ഒരു വലിയ പാറ താഴേക്ക് ഉരുണ്ടു വരുന്നതാണ് കണ്ടത്.
വലിയ വൃക്ഷങ്ങൾക്ക് പോലും അത് തടഞ്ഞു നിർത്തുവാൻ കഴിഞ്ഞില്ല. പക്ഷേ ഒരു ചെറിയ ചെടിയിൽ തട്ടി അത് നിൽകുന്നു.
പാണ്ഡവർ അഞ്ചു പേരും തങ്ങൾ കണ്ട കാഴ്ചകൾ ശ്രീകൃഷ്ണനോടു വിവരിച്ചു…
യുധിഷ്ഠിരൻ താൻ കണ്ട രണ്ടു തുമ്പികൈകളുള്ള ആനയെ പറ്റിയാണ് ആദ്യം പറഞ്ഞത്.
“താങ്കൾ കണ്ടതിന്റെ അർത്ഥം കലിയുഗത്തിലെ ഭരണ സാരിത്ഥ്യമാണ്.
ഭരണാധികാരികൾ രണ്ടു രീതിയിൽ ചിന്തിക്കുകയും പെരുമാറുകയും ചെയ്യും എന്നതാണ്.. പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നും.
പ്രജകളോട് സത്യസന്ധത ഇല്ലാത്തവരായിരിക്കും കലിയുഗ ഭരണാധാരികൾ..
മനസ്സിൽ കൊണ്ടു നടക്കുന്നത് ഒന്നും പുറത്ത് കാണിക്കുന്നത് മറ്റൊന്നുമായിരിക്കും.
എളിമയും വിനയവും ഇല്ലാത്ത ഭരണാധികാരകൾ വിനാശകാരികളായിരിക്കും..
അതുകൊണ്ട് നിങ്ങൾ കലിയുഗത്തിന് മുൻപ് തന്നെ ഭരണം അവസാനിപ്പിക്കുക.”
അർജ്ജുനൻ പറഞ്ഞു….
” വേദത്തില്‍ നിന്നുള്ള ആപ്ത വരികള്‍ ചിറകിൽ ആലേഖനം ചെയ്ത ഒരു പക്ഷിയേയാണ് ഞാൻ കണ്ടത്.
പക്ഷേ അത് ഒരു ശവ ശരീരം ആർത്തിയോടെ കൊത്തി തിന്നുന്നു.
എന്താണ് പ്രഭു അതിന്റെ അർത്ഥം.?”
“മനുഷ്യർ കലിയുഗത്തിൽ അവർ സ്വയം ജ്ഞാനി ആണെന്ന് പ്രചരിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യും…
പക്ഷേ സ്വഭാവം രാക്ഷസന്മാരെ പോലെ ആയിരിക്കും.
സ്വാർത്ഥരായ അവർ
മറ്റുള്ളവരുടെ മരണം കാത്തിരുന്ന് മരിക്കുന്നവരുടെ സമ്പത്ത് നിഷ്പ്രയാസം ഗൂഢമാർഗ്ഗത്തിലൂടെ കൈകലാക്കാൻ തുനിയുന്നു..
ഉന്നത സ്ഥാനങ്ങളിലുള്ളവരുടെ മരണവും ആഗ്രഹിക്കും
ശേഷം ആ സ്ഥാനം നേടിയെടുക്കാൻ തുനിയും..
ഉന്നത വിദ്യഭ്യാസം സിദ്ധിച്ചവരുടെ ചിന്ത ധനവും പദവിയും ആയിരിക്കും.
അറിവിന്റെ മഹത്വം അശേഷവും അവരുടെ പ്രവർത്തിയിൽ ഉണ്ടാവില്ല..”
ഭീമൻ ഒരു പശുവിനെ ആണ് കണ്ടത്. പശു പ്രസവിച്ചതിനുശേഷം കിടാവിനെ നക്കുന്നു…
വാത്സല്യത്തോടെ നക്കി നക്കി ലാളിക്കുന്ന കാഴ്ച്ച..
ശ്രീകൃഷ്ണൻ പറഞ്ഞു
“കലിയുഗത്തിലെ മനുഷ്യൻ അതുപോലെ ആയിരിക്കും.
കലിയുഗത്തിൽ സ്വന്തം കുട്ടികളോടുള്ള വാത്സല്യം അത്രയും കൂടും.
ആരുടെയെങ്കിലും പുത്രൻ വീട് വിട്ടു സന്യാസം സ്വീകരിച്ചാൽ ആയിരക്കണക്കിന് മാതാപിതാക്കൾ ദർശനം നടത്തും.
എന്നാൽ സ്വന്തം കുട്ടി ഒരു സന്യാസി ആകണമെന്ന് പറഞ്ഞാല്‍ മാതാപിതാക്കൾ എന്റെ കുട്ടിയുടെ ഭാവി എന്താകും എന്ന ആകുലപ്പെട്ട്… പറഞ്ഞു കരയും.
വാത്സല്യം കൂടി എപ്പോഴും കുട്ടികളെ പറ്റി ചിന്തിച്ചു കൊണ്ടേയിരിക്കും.
കുട്ടികളെ വീട്ടിൽ തന്നെ തളച്ചിടും.
അവരുടെ ബുദ്ധി വികാസത്തിന് അനുവദിക്കില്ല.
അവരുടെ ജീവിതം അവിടെ അവസാനിപ്പിക്കും.
പുത്രൻ മരുമകളുടെ സ്വത്താണ്.
പുത്രി മരുമകന്റെ സ്വത്താണ്.
നിങ്ങളുടെ ശരീരം മരണത്തിന്റെ സ്വത്താണ്.
നിങ്ങളുടെ ആത്മാവ് പരമാത്മാവിന്റെ സ്വത്താണെന്നും അറിയുക.
അതുകൊണ്ട് നിങ്ങൾ ശാശ്വതമായ ബന്ധത്തെ പറ്റി അറിയേണ്ടത് ആവശ്യമാണ്.”
ഭീമനു ശേഷം സഹദേവൻ
“ഞാൻ കണ്ടത് മൂന്ന് നാല് കിണർ ആണ്. അതിൽ നടുക്കുള്ള കിണറ്റിൽ വെള്ളമില്ല.
എന്നാൽ ചുറ്റുമുള്ള കിണറുകൾ വെള്ളം നിറഞ്ഞു കിടക്കുന്നു .”
ശ്രീകൃഷ്ണൻ പറഞ്ഞു.
“നിറഞ്ഞ കിണര്‍ ധന ധാന്യങ്ങൾ സമൃദ്ധമായി ഉള്ളവനേയും,വരണ്ട കിണര്‍ ഇല്ലാത്തവനേയും പ്രതിനിധാനം ചെയ്യുന്നു.
കലിയുഗത്തിൽ ധനവാൻ വിവാഹത്തിനും, ഉത്സവത്തിനും, മറ്റ് ഓരോ ചടങ്ങുകള്‍ക്കും ലക്ഷകണക്കിന് ധനം ചിലവഴിക്കുന്നു.
സ്വന്തം വീടിനു ചുറ്റും ആളുകൾ പട്ടിണി കിടന്നു മരിക്കുന്നത് അവർ കാണില്ല. അവരുടെ സ്വന്തം ആളുകൾ ദാരിദ്രത്തിൽ കഴിയുമ്പോൾ അവർ ആർഭാടത്തിന് വേണ്ടി ധനം ദൂര്ത്തടിക്കും.
ആരേയും സഹായിക്കാൻ തയ്യാറാകില്ല.”
നകുലൻ ശ്രീകൃഷ്ണനോട് പറഞ്ഞു.
“ഞാൻ കണ്ടത് ഒരു വലിയ പാറ മല മുകളിൽ നിന്ന് താഴേക്ക് വരുന്നതാണ്.
അനേകം വലിയ വൃക്ഷങ്ങൾക്ക് അതിനെ തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല.
എന്നാൽ ഒരു ചെറിയ ചെടിയിൽ തട്ടി അത് നിശ്ചലമായി…”
ശ്രീകൃഷ്ണൻ പറഞ്ഞു.
“കലി യുഗത്തിൽ മനുഷ്യർ അധഃപതിക്കും.
അഹങ്കാരികളും പാപികളും ആയി തീരും.
അവരുടെ പതനവും വലിയ വൃക്ഷം പടര്‍ന്നു പന്തലിച്ച പോലെയാണ്..
സമ്പാദ്യം ഏറുക മൂലം വല്ലാതെ അഹങ്കരിക്കും.. ആരാലും തടുക്കാന്‍ കഴിയില്ല…
നാമ ജപവും ആത്മീയ വിശ്വാസവും പോലുള്ള ചെറിയ കാര്യങ്ങളിലൂടെ മാത്രമെ അഹന്ത അവസാനിക്കുകയുള്ളൂ..
അത്തരം എളിമയുള്ള ചെടികള്ക്കെ അവരെ പതനത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയു.
അഹന്ത എളിമയുടെ മുന്നിൽ നിഷ്പ്രഭമാകുന്നു..!”
ഇതാണ് കലിയുഗത്തിൽ കാണാൻ പോകുന്ന കാഴ്ച്ചകൾ..
ശ്രീകൃഷ്ണൻ പറഞ്ഞു അവസാനിപ്പിച്ചു…
പാണ്ഡവർ കണ്ട കാഴ്ച്ചയിലും അത്ഭുതമൂറുന്നത് കൃഷ്ണന്റെ വാക്കുകളായിരുന്നു..
★***രഘുകല്ലറയ്ക്കൽ..✍