17.1 C
New York
Saturday, August 13, 2022
Home Religion കന്യാകുമാരി സ്ഥാണുമലയൻ (ശുചീന്ദ്രം) ക്ഷേത്രം

കന്യാകുമാരി സ്ഥാണുമലയൻ (ശുചീന്ദ്രം) ക്ഷേത്രം

ശ്രീ നാരായണ മാരാർ മാഷ്

(ആത്മീയ പാതയിലൂടെ ഒരു യാത്ര-6)

മുകള്‍ ഭാഗം ശിവന്‍, നടുഭാഗം വിഷ്ണു, കീഴ്ഭാഗം ബ്രഹ്മാവ്, അപൂര്‍വം ഈ ക്ഷേത്രം

ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ ഒരുമിച്ചു വാഴുന്ന സന്നിധാനം. അതാണ് സ്ഥാണുമലയൻ ക്ഷേത്രം. അപൂർവ ശില്പ ഭംഗികൊണ്ട് പ്രശസ്തമായ ഏഴു നിലകളുള്ള ഈ ക്ഷേത്രം കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്താണ്. ശിവന്റെ പര്യായമായ സ്ഥാണുവും മഹാവിഷ്ണുവിനെ സൂചിപ്പിക്കുന്ന മാലും ബ്രഹ്മാവിന്റെ മറ്റൊരു പേരായ അയനും ചേർന്നാണ് സ്ഥാണുമലയൻ എന്ന പേരുണ്ടായത് എന്നാണ് വിശ്വാസം. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് നാഗർകോവിൽ – കന്യാകുമാരി രാജവീഥിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം.

ഐതിഹ്യം

ഐതിഹ്യകഥകളാൽ സമ്പന്നമാണ് സ്ഥാണുമലയൻ ക്ഷേത്രവും. അത്രി മഹർഷിയുടെ വാസകേന്ദ്രമായിരുന്നു പണ്ട് ജ്ഞാനാരണ്യം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലമത്രേ. ഭർത്താവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്ന അനസൂയമൊത്ത് അത്രി മഹർഷി കഴിയുന്ന അവസരത്തിൽ ഒരിക്കൽ അവിടെ മഴ പെയ്യാതായി. അതിന്റെ കാരണമന്വേഷിച്ച് തപസനുഷ്ഠിച്ച മഹർഷിയ്ക്ക് ഉത്തരം നൽകാൻ ത്രിമൂർത്തികൾക്കു പോലുമായില്ല. തുടർന്ന് ദേവേന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി അത്രി മഹർഷി ഹിമാലയത്തിലേയ്ക്ക് പോയി. മഹർഷി യാത്രയാകും മുമ്പ് അദ്ദേഹത്തിന്റെ കാല് കഴുകിയ വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു. ഭർത്താവിന്റെ അഭാവത്തിൽ തനിയ്ക്കിത് ശക്തി നൽകുമെന്നും അവർ വിശ്വസിച്ചു.

അനസൂയയുടെ ഭക്തിയേക്കുറിച്ചറിഞ്ഞ ത്രിമൂർത്തികൾ അനസൂയയെ പരീക്ഷിക്കാൻ തീരുമാനിച്ചു. സന്യാസിമാരുടെ വേഷത്തിൽ അനസൂയയുടെ അടുക്കലെത്തിയ സന്യാസിമാർ ഭിക്ഷയാചിച്ചു. പക്ഷേ ഒരു നിബന്ധന. വിവസ്ത്രയായി വേണം ഭിക്ഷ നൽകാൻ. ഇതു കേട്ട അനസൂയ അത്രിയുടെ പാദം കഴുകിയ ജലത്തിൽ നോക്കി പ്രാർത്ഥിക്കുകയും ത്രിമൂർത്തികൾ ശിശുക്കളായി മാറുകയും ചെയ്തു. തുടർന്ന് അനസൂയ ആ കൈക്കുഞ്ഞുങ്ങളെ പരിചരിക്കുകയും ചെയ്തു. വിവരമറിഞ്ഞ അവിടെയെത്തിയ ലക്ഷ്മി, പാർവതി, സരസ്വതി ദേവിമാർ മൂവരുടേയും പഴയരൂപം തിരികെ കൊടുക്കണമെന്ന് അപേക്ഷിച്ചു. ഇതേ തുടർന്ന് അനസൂയ ശിശുക്കളായി മാറിയ ത്രിമൂർത്തികളെ പഴയരൂപത്തിലാക്കി എന്നാണ് കഥ.

ദേവേന്ദ്രൻ ത്രിമൂർത്തികൾക്കായി നിർമിച്ച ക്ഷേത്രമാണിതെന്ന മറ്റൊരു വിശ്വാസവും ഇവിടെ നിലനിൽക്കുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ മുകൾ ഭാഗം ശിവനായും നടുഭാഗം വിഷ്ണുവായും കീഴ്ഭാഗം ബ്രഹ്മാവായും സങ്കൽപ്പിച്ചിരിക്കുന്നു. പ്രധാന റോഡിൽ നിന്നും കവാടം കടന്നാൽ ദൂരെ നിന്ന് തന്നെ ശിൽപചാതുര്യം വിളിച്ചോതുന്ന വെളുത്ത നിറത്തിലുള്ള ക്ഷേത്രഗോപുരം കാണാം. കുറച്ചുകൂടി മുന്നോട്ടു ചെന്നാൽ വലതുഭാഗത്തായി ഒത്ത നടുക്ക് മണ്ഡപത്തോടുകൂടിയ വിശാലമായ കുളമാണ്. ഈ കുളത്തിനോടു ചേർന്ന് തന്നെ അഗ്രഹാരവീഥികളും ദൃശ്യമാണ്. റോഡരികിൽ വലതുഭാഗത്തായി ഒരു ശിലയിൽ കുങ്കുമവും പട്ടും ചാർത്തിയിരിക്കുന്നത് കാണാം.

ശുചീന്ദ്രം ചരിത്രത്തിൽ

കുറ്റവാളിയെന്നു കരുതുന്നയാൾ തീയിൽ ചാടിയോ തിളയ്ക്കുന്ന എണ്ണയിൽ കൈമുക്കിയോ നിരപരാധിത്വം തെളിയിക്കുന്ന ശുചീന്ദ്രം കൈമുക്ക് ഇവിടെയാണ് നടന്നത്. മനുസ്മൃതി, യാജ്ഞവൽക്യ സ്മൃതി എന്നിവയിൽ പലതരം കുറ്റങ്ങളേയും അവയ്ക്കുള്ള ശിക്ഷ എന്താണെന്നും പറഞ്ഞിട്ടുണ്ട്. 13-ാം ശതകത്തിൽ തുടങ്ങിയ ഈ ആചാരം സ്വാതി തിരുനാളിന്റെ കാലത്താണ് നിർത്തലാക്കിയത്.

പ്രത്യേകതകൾ

134 അടിയോളം ഉയരമുള്ള ക്ഷേത്രത്തിന്റെ പ്രവേശനഗോപുരം കൊത്തുപണികളാൽ സമൃദ്ധമാണ്. ക്ഷേത്രകവാടത്തിലെ 25 അടിയോളം ഉയരമുള്ള വാതിലും കാണേണ്ട കാഴ്ചയാണ്. പടുകൂറ്റൻ പക്ഷിശ്രേഷ്ഠന്റെ പ്രതിമയും സന്ദർശകരെ ആശ്ചര്യഭരിതരാക്കും. ദേവന്മാരും ഉപദേവന്മാരുമായി നിരവധി ആരാധനാമൂർത്തികളാണ് ക്ഷേത്രത്തിലുള്ളത്. സ്ഥാണുമലയ ശിവനാണ് അതിൽ പ്രധാനം. ക്ഷേത്രത്തിനകത്ത് ആദ്യഘട്ട പ്രാർത്ഥന പൂർത്തിയാക്കി ഇറങ്ങുന്നത് മറ്റൊരു ഇടനാഴിയിലാണ്. ഹനുമാൻ പ്രതിഷ്ഠയിലേക്കാണ് ഈ വഴി ചെല്ലുന്നത്. 18 അടിയോളം ഉയരമുണ്ട് ഈ പ്രതിമയ്ക്ക്. ഈ പ്രതിഷ്ഠയുള്ളതിനാൽ ഹനുമാൻ ക്ഷേത്രമെന്നും സ്ഥാണുമലയൻ ക്ഷേത്രം അറിയപ്പെടുന്നു.

ഉത്സവങ്ങൾ

മാർകഴി, ചിത്തിര എന്നിവയാണ് പ്രധാന ഉത്സവങ്ങൾ. ഡിസംബർ-ജനുവരി മാസങ്ങളിലാണ് ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന മാർകഴി ഉത്സവം നടക്കുക. ദേവന്മാരെ മൂന്ന് തേരുകളിൽ എഴുന്നെള്ളിക്കുന്ന തേരോട്ടമാണ് ഉത്സവത്തിന്റെ മുഖ്യ ആകർഷണം. ഏപ്രിൽ-മെയ് മാസങ്ങളിലാണ് ചിത്തിര ഉത്സവം നടക്കാറ്. പുലർച്ചെ നാലേ മുപ്പത് മുതൽ 11.30 വരേയും വൈകിട്ട് അഞ്ചുമണി മുതൽ എട്ടേ മുപ്പത് വരെയും ക്ഷേത്രത്തിൽ ദർശനം നടത്താം.

എത്തേണ്ടത്

തിരുവനന്തപുരത്ത് നിന്നും നാഗർ കോവിലിലേക്ക് കെ.എസ്.ആർ.ടി.സിയുടേയും തമിഴ്നാട് ആർ.ടി.സിയുടേയും ബസുകളുണ്ട്. നാഗർ കോവിലിലെത്തിയാൽ 15/- രൂപ കൊടുത്താൽ ശുചീന്ദ്രത്തെത്താം. കന്യാകുമാരിയിൽ നിന്നും 11 കിലോമീറ്ററാണ് ശുചീന്ദ്രത്തേക്ക്.
കടപ്പാട് .

Facebook Comments

COMMENTS

- Advertisment -

Most Popular

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...

അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ.

ന്യൂയോർക്ക്: പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന "മിമിക്സ് വൺമാൻ ഷോ" യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ ഏറെ സ്വീകാരിത. കലാഭവൻ ജയന്റെ ഷോയെ പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫ്ളോറിഡയിൽ ഓർലാന്റോയിലെ...

പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ്‌പിഎംസി) ഈ വർഷത്തെ ഓണാഘോഷം മാവേലി തമ്പുരാനെ വരവേറ്റുകൊണ്ടു വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും ഓഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: