ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി. രാവിലെ 8.45നും 9.45നും മദ്ധ്യേ, തന്ത്രി മുഖ്യൻ ചെങ്ങന്നൂർ താഴമൺ മഠത്തിൽ ബ്രഹ്മശ്രീ കണ്ഠരര് മോഹനര്, ബ്രഹ്മശ്രീ കണ്ഠരര് രാജീവര്, മേൽശാന്തി തളിയിൽ വിരിക്കാട്ട് ബ്രഹ്മശ്രീ കേശവൻ സത്യേഷ് എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു തൃക്കൊടിയേറ്റ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്, മുൻകൂട്ടി വിതരണം ചെയ്ത പാസ്സുകളുടെ അടിസ്ഥാനത്തിലാണ് ഭക്തജനങ്ങളെ പ്രവേശിപ്പിച്ചത്. രണ്ടാം ഉത്സവ ദിവസം മുതൽ ഉത്സവബലി ദർശനം, ഓട്ടൻതുള്ളൽ, കഥകളി, ഭരതനാട്യം, അക്ഷരശ്ലോകസദസ്സ്, ആദ്ധ്യാത്മിക പ്രഭാഷണം തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. പ്രശസ്തമായ ഏഴരപ്പൊന്നാന ദർശനം എട്ടാം ഉത്സവ ദിവസമായ ഫെബ്രുവരി 21 ഞായറാഴ്ചയാണ്. വൈകിട്ട് 9 മുതലാണ് ഏഴരപ്പൊന്നാന ദർശനം. ഒമ്പതാം ഉത്സവദിവസമായ ഇരുപത്തിരണ്ടാം തീയതി തിങ്കളാഴ്ചയാണ് പള്ളിവേട്ട. ഫെബ്രുവരി 23 ചൊവ്വാഴ്ചയാണ് ആറാട്ട്. ആറാട്ട് ദിവസം വൈകിട്ട് അഞ്ച് മണിക്ക് ആറാട്ട് ഘോഷയാത്ര പുറപ്പെടുന്നതും, പേരൂർക്കാവിലെ ചടങ്ങുകൾ പൂർത്തിയാക്കി, ഏഴു മണിയോടുകൂടി ആറാട്ട് കടവിൽ എത്തുന്നതുമാണ്. ആറാട്ടിന് ശേഷം തിരിച്ചെഴുന്നള്ളിപ്പ്, ചാലക്കൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തി കൂടി പൂജയ്ക്കു ശേഷം രാത്രി 9.30 ന് പേരൂർക്കവല ആറാട്ട് എതിരേൽപ്പ് മണ്ഡപത്തിൽ എത്തുകയും, 11ന് കല്യാണമണ്ഡപത്തിലും 11.30ഓടു കൂടി ക്ഷേത്രമതിൽക്കകത്ത് പ്രവേശിക്കുന്നതുമാണ്. ആറാട്ട് വഴികളിൽ പറ വഴിപാടുകൾ സ്വീകരിക്കുന്നതല്ലെന്നും മുൻകൂട്ടി നൽകുന്ന പാസ്സുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഉത്സവബലി ദർശനം, ഏഴരപ്പൊന്നാന ദർശനം തുടങ്ങിയ എല്ലാ ചടങ്ങുകൾക്കും ഭക്തജനങ്ങളെ പ്രവേശിപ്പിക്കുകയുള്ളൂവെന്നും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.