അനിൽ പുനർജ്ജനിയുടെ കരവിരുതിൽ ദാരുവിൽ ഭദ്രകാളീ തിരുമുടി ശില്പം ഒരുങ്ങുന്നു.
അനിൽ പുനർജ്ജനിയുടെ കരവിരുതിൽ ദാരുവിൽ ഭദ്രകാളീ തിരുമുടി ശില്പം ഒരുങ്ങുന്നു.
സാധാരണ ശില്പകലയിൽ നിന്നും വ്യത്യസ്തമായി ഏറെ ആചാരാനുഷ്ഠാനത്തോടെ നിർവഹിക്കേണ്ട ഒന്നാണ് ക്ഷേത്ര ശില്പകല.ശില്പികളിൽത്തന്നെ, ശില്പകലാ വൈഭവത്തോടൊപ്പം വാസ്തുവിദ്യയിലും ക്ഷേത്ര ഗണിതത്തിലും പ്രാവീണ്യമുള്ള അപൂർവം ചിലർ മാത്രമാണ് ക്ഷേത്ര ശില്പകലയും മൂർത്തീ രൂപകല്പനയും ചെയ്യാറുള്ളത്. നിർമ്മിതി സമയത്ത് ഏറെ കടുപ്പമുള്ള കൃത്യമായ വ്രതാനുഷ്ഠാനവും മൂർത്തീ ഉപാസനയും ശില്പപൂർത്തീകരണത്തിന് കൂടിയേ തീരൂ. ഈ കൂട്ടത്തിൽ ഒരാളാണ് കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത് വള്ളിത്തോട് താമസിക്കുന്ന അനിൽ പുനർജനി. കഴിഞ്ഞ 20 വർഷത്തിൽ അധികമായി ശില്പകലാ രംഗത്ത് സജീവമായ അനിലിന്റെ കരവിരുതിൽ ഈ കാലയളവിൽ ഒട്ടനവധി ശില്പങ്ങളും നിർമ്മിതീ കലാരൂപങ്ങളും പൂർണതയിലെത്തിയിട്ടുണ്ട്. അവയിൽ ക്ഷേത്രങ്ങളും പള്ളികളും അടക്കമുള്ള ആരാധനാലയങ്ങളും ഉൾപ്പെടുന്നു.
കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരി ശ്രീ വാണിയംകാവ് ദേവീക്ഷേത്രത്തിലേക്ക് വേണ്ടി അനിൽ ദാരുവിൽ നിർമ്മിക്കുന്ന ഭദ്രകാളീ തിരുമുടി ശില്പമാണ്’ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. 200 വർഷം പഴക്കമുള്ള വരിക്കപ്ലാവ് ആചാരപ്രകാരം മുറിച്ചാണ് ശില്പം നിർമ്മിക്കുന്നത്. മൂന്നു മാസത്തോളം സമയമെടുത്താണ് ഈ ശിൽപം പൂർത്തിയാക്കിയത്.മറ്റ് ക്ഷേത്രങ്ങളിലെ മുടിയുമായ് വ്യത്യാസപ്പെടുത്തി തൃക്കണ്ണും ചന്ദ്രക്കലയും നൽകിയിട്ടുണ്ട്. കാതുകളിൽ മദ ഗജവും സിംഹവും, പ്രഭയോടു കൂടിയ കിരീടവും, ഫണം വിടർത്തി അതിരൗദ്രഭാവത്തോടു കൂടിയ സർപ്പ നിരകളും അതിസൂക്ഷ്മമായ്തടിയിൽ ചെയ്തിരിക്കുന്നു.
ദാരുക നിഗ്രഹത്തിനായ് കോപം ജ്വലിച്ചു നില്ക്കുന്ന കണ്ണുകളോട് കൂടിയ മുഖം ഭയം ജനിപ്പിക്കുമാറാണ് ചെയ്തിരിക്കുന്നത്. മലബാറിൽ ഇത്തരത്തിലുള്ള പ്രതിഷ്ഠ ആദ്യത്തെതാണെന്ന് ശ്രീ വാണിയംകാവ് ദേവീ ക്ഷേത്രം മേൽശാന്തി ജയകുമാർ അറിയിച്ചു. ചിത്രകലയോടുള്ള താല്പര്യമാണ് ചെറുപ്രായത്തിൽ തന്നെ അനിലിനെ ശില്പകലാ മേഖലയിൽ എത്തിച്ചത്. ശില്പ കലയിൽ ഗുരുക്കന്മാരില്ലാത്ത അനിൽ ഇപ്പോൾ ദേവശില്പി പ്രശാന്ത് ചെറുതാഴത്തിന്റെ ശിഷ്യനാണ്.ശില്പകലയോടൊപ്പം കവിതാരചനയിലും ചുവടുറപ്പിച്ചിട്ടുള്ള അനിലിന്റേതായി നിരവധി കവിതകൾ പുറത്തിറങ്ങിയിട്ടുണ്ട്.
