ഷാർജ: ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി (LSDA) ചെയർമാൻ സേലം അൽ ഖസീർ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ വിജയികളായ ടീമുകളെ പ്രൗഢഗംഭീരമായ ചടങ്ങിൽ കിരീടമണിയിച്ചു –
ഷാർജ സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെ ഷാർജ നാഷണൽ പാർക്കിലെ സ്‌പോർട്‌സ് ഫീൽഡുകളിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ ഫുട്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ, ഹോക്കി, ക്രിക്കറ്റ് എന്നിങ്ങനെ അഞ്ച് ഗെയിമുകളിലായി 100 ടീമുകളായി 2000-ലധികം കളിക്കാർ പങ്കെടുത്തു. മൂന്ന് മാസക്കാലം എല്ലാ ശനിയാഴ്ചകളിലും നടത്തിവന്നിരുന്ന ടൂർണമെന്റിന്റെ ആറാം പതിപ്പിലെ വിജയികളായ ടീമുകളെ പ്രൗഢ ഗംഭീരമായ സമാപന ചടങ്ങിൽ കിരീടമണിയിച്ചു.
സമാപന ചടങ്ങിൽ ഷാർജയിലെ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ സേലം യൂസഫ് അൽ ഖസീർ, ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റിയിലെ ലേബർ സ്റ്റാൻഡേർഡ് ആൻഡ് പോളിസി വിഭാഗം ഡയറക്ടർ ഒമർ സലിം അൽ ഷാർജി, ചെയർമാൻ താരിഖ് സലേം അൽ ഖാൻബാഷി എന്നിവർ പങ്കെടുത്തു. കൂടാതെ ഓർഗനൈസിംഗ് കമ്പനിയായ റീച്ച് ടാർഗെറ്റ്, കായിക മേഖലയിലെ നിരവധി ഉദ്യോഗസ്ഥരും, മാത്രമല്ല മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.
ആറാമത് ഷാർജ ലേബർ സ്‌പോർട്‌സ് ടൂർണമെന്റും മുൻ പതിപ്പുകൾ പോലെ തന്നെ മികച്ച വിജയത്തോടെ കിരീടം ചൂടിയതായി സമാപന ചടങ്ങിലെ പ്രസംഗത്തിൽ സേലം അൽ ഖസീർ സ്ഥിരീകരിച്ചു. “ആരോഗ്യകരമായ ജീവിതശൈലിയായി സ്പോർട്സ് നടത്താൻ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിൽ ടൂർണമെന്റ് വിജയിച്ചു,” അദ്ദേഹം പറഞ്ഞു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പിന്തുണയും കിരീടാവകാശിയും രാജകുമാരനുമായ ഹിസ് എക്സലൻസി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ തുടർനടപടികളും ടൂർണമെന്റിന്റെ വിജയത്തിന് കാരണമായി അദ്ദേഹം പറഞ്ഞു. ഷാർജ ഡെപ്യൂട്ടി ഭരണാധികാരി, എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ, ഇരുവരും തൊഴിൽ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാർജ സ്‌പോർട്‌സ് കൗൺസിലിനും സംഘാടക കമ്പനിയായ റീച്ച് ടാർഗെറ്റിനും സർക്കാർ-സ്വകാര്യ മേഖലകളിലെ സ്‌പോൺസർമാർക്കും, സ്ഥാപനങ്ങൾക്കും ഉൾപ്പെടെ ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും സേലം അൽ ഖസീർ നന്ദി പറഞ്ഞു.
ഷാർജയുടെ കായിക നേട്ടങ്ങൾക്ക് പുത്തൻ അധ്യായം എഴുതിച്ചേർക്കാനും, എമിറേറ്റിലെ പൊതു കായിക രംഗത്തെ ലേബർ സ്‌പോർട്‌സിനെ സമന്വയിപ്പിക്കാനും ഉതകുന്നതായിരുന്നു ഷാർജയിലെ കായിക ടൂർണമെന്റ്. ടൂർണമെന്റിന്റെ വലിയ വിജയത്തിൽ എൽഎസ്ഡിഎ അഭിമാനിക്കുന്നു, ഇത് രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ഇത് സംഘടിപ്പിക്കുന്നതിലൂടെ, സ്പോർട്സിനെ അടിസ്ഥാനമാക്കിയുള്ള ടീം വർക്ക് എന്ന ആശയം വിനിയോഗിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. തൊഴിൽ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സംഭാവനയാകുന്നു എന്നും ഭാരവാഹികൾ പറഞ്ഞു.
പ്രൗഢഗംഭീരമായ ചടങ്ങിൽ എൽഎസ്ഡിഎ ചെയർമാൻ സേലം അൽ ഖസീർ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ വിജയികളായ ടീമുകൾക്ക് ട്രോഫികൾ സമ്മാനിച്ചു. ഫുഡ്ബോൾ മത്സരത്തിൽ ഒന്നാമതെത്തി ഷാർജ പോലീസ് ടീം സ്വർണ്ണ മെഡൽ കരസ്ഥമാക്കി. രണ്ടാം സ്ഥാനം വെള്ളി മെഡൽ ഫാസ്റ്റ് കോൺട്രാക്‌റ്റിംഗ് ടീം നേടിയപ്പോൾ, ഓൺ പ്ലാൻ റിയലെസ്റ്റേറ്റ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഫാസ്റ്റ് ടീമിലെ മുഹമ്മദ് മുസ്തഫ ഹിംസും മികച്ച സ്‌കോറർ അൽ ഹിലാൽ ടീമിലെ സുഫിയാൻ ഹമാമും മികച്ച ഗോൾകീപ്പറായി ഷാർജ പോലീസ് ടീമിലെ ജാബിർ മുഹമ്മദും മികച്ച പരിശീലകനായി ഷാർജ പോലീസിലെ അദേൽ അബ്ദുൾ കരീമും തിരഞ്ഞെടുക്കപ്പെട്ടു.
ബാസ്കറ്റ്ബോളിൽ UAS ടീം ചാമ്പ്യന്മാരായി, രണ്ടാം സ്ഥാനം GMG ടീമും, മൂന്നാം സ്ഥാനം ഫ്രണ്ട്സ് ടീമും കരസ്ഥമാക്കി. വോളിബോളിൽ ഷാർജ പോലീസ് ടീം ഒന്നാമതും, ക്ലബ് ഡ്യൂൺസ് ടീം രണ്ടാമതും എത്തി. ക്രിക്കറ്റിൽ ഒന്നാം സ്ഥാനം വെകായ ടീമും, രണ്ടാമത് ബീ’യ ടീമും, മൂന്നാമത് അബോൺഡ് ടീമും സ്വന്തമാക്കി. ഹോക്കിയിൽ ഓസ്‌കാർ ടീം ഒന്നാം സ്ഥാനവും, യുഎഇ ഫാൽക്കൺ ഹോക്കി ക്ലബ് ടീം രണ്ടാം സ്ഥാനവും, ഷാർജ ടൈഗർ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
റിപ്പോർട്ടർ,
രവി കൊമ്മേരി,
യുഎഇ.