റിപ്പോർട്ട്: സന്തോഷ് ശ്രീധർ, സൗദി
ദമ്മാം: 24 അന്താരാഷ്ട്ര കമ്പനികൾ അവരുടെ പ്രധാന പ്രാദേശിക ഓഫീസുകൾ റിയാദിൽ സ്ഥാപിക്കുന്നതു മായി ബന്ധപ്പെട്ട് കരാറിൽ ഒപ്പിട്ടു.
നിക്ഷേപ മന്ത്രി എഞ്ചിനീയർ ഖാലിദ് ബിൻ അൽഫാലിസും കമ്പനി സി. ഇ. ഒ മാരും ആണ് കരാറിൽ ഒപ്പ് വെച്ചത്. റിയാദ് സിറ്റി റോയൽ കമ്മീഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫഹദ് ബിൻ അബ്ദുൽ അൽ റഷീദ് ചടങ്ങിൽ സന്നിഹിതനായിരുന്നു.
പെപ്സി, ഷാലംബർഗർ, ഡെലോയിറ്റ്, പി ഡബ്ല്യൂ സി, ടീം ഹോർട്ടൻസ്, ബേക്റ്റൽ, സോഷ്, ബോസ്റ്റൺ സയന്റിഫിക്ക് എന്നീ കമ്പനികളുടെ സി. ഇ. ഒ. മാരാണ് കരാറിൽ ഒപ്പ് വെച്ചത്.

ഇത് സമ്പത് വ്യവസ്ഥ ഇരട്ടിയാക്കാനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ജീവിത നിലവാരം ഉയർത്തുന്നതിനും സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. നിക്ഷേപങ്ങളെ ആകർഷിക്കുന്നതിലും വിപുലീകരിക്കുന്നതിലും വൻ കുതിച്ചു ചാട്ടമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2030 ഓടെ ലോകത്തിലെ ഏറ്റവും വലിയ പത്ത് സമ്പന്ന നഗരങ്ങളിൽ ഒന്നായി റിയാദിനെ മാറ്റുന്നതിൽ അന്താരാഷ്ട്ര കമ്പനികളുടെ കടന്ന് വരവ് സഹായക മാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതുവഴി 35000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും സ്വദേശികൾക്ക് ഉന്നത മാനേജ്‍മെന്റ് വൈദഗ്ദ്യം നേടാൻ കഴിയുമെന്നും പറഞ്ഞ മന്ത്രി 2030 ഓടെ 70ബില്യൺ റിയാലിന്റെ നിക്ഷേപം ആണ് ലക്ഷ്യമിടുന്നതെന്നും അതിനായി മറ്റ് ആഗോള കമ്പനികളെ കൂടി റിയാദിലേക്ക് കൊണ്ടു വരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു.
