റിപ്പോർട്ട്: വിവേക് പഞ്ചമൻ
റിയാദ്: സൗദിയില്‍ ഈ അധ്യയന വര്‍ഷാവസാനം വരെ ഓണ്‍ലൈന്‍ പഠന രീതി തുടരാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും യൂനിവേഴ്‌സിറ്റികള്‍ക്കും സാങ്കേതിക വിദ്യാഭ്യാസ, തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ക്കുമെല്ലാം ഇതു ബാധകമാണ്.
കോവി വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെയും വിദ്യാഭ്യാസ മേഖലാ ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയും രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയുമാണ് ഓണ്‍ലൈന്‍ പഠന രീതി തുടരാനുള്ള രാജാവിന്റെ നിര്‍ദേശമെന്ന വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആലുശൈഖ് പറഞ്ഞു. ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി മികച്ച നിലയിലാണ് മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ എല്ലാ വിഭാഗവുമായും പൊതു സമിതി കൂടിയാലോചിച്ചാണ് ഈ തുരമാനത്തിലെത്തിയത്.
മദ്‌റസതീ പ്ലാറ്റ്‌ഫോം, ബദല്‍ പഠന സംവിധാനങ്ങളായ ഐന്‍ ചാനലുകള്‍ (23 സാറ്റലൈറ്റ് ചാനലുകള്‍), യൂട്യൂബിലെ പഠന ചാനലുകള്‍, നാഷണല്‍ എജുക്കേഷന്‍ പോര്‍ട്ടല്‍ ഐന്‍, വെര്‍ച്വല്‍ കിന്റര്‍ഗാര്‍ട്ടന്‍ ആപ്പ് എന്നിവയെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. യൂനിവേഴ്‌സിറ്റികളും കോളേജുകളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും തുടരുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയും മികവുറ്റതാണ്. ഇവയെല്ലാം കണക്കിലെടുത്തുമാണ് ഈ അധ്യയന വര്‍ഷാവസാനം വരെ വ്യവസ്ഥകള്‍ പാലിച്ച് ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി തുടരാനുള്ള തീരുമാനം.