ജിദ്ദ: സൗദിയിൽ ജോലി ചെയ്യുന്നതിനുള്ള യോഗ്യതാ പരീക്ഷ ഈ വരുന്ന ജൂലൈയിൽ ആരംഭിക്കുന്നതോടെ നിരവധി വിദഗ്ധ പ്രഫഷനുകളിലുള്ളവർക്ക് നിബന്ധന ബാധകമായേക്കുമെന്ന് റിപ്പോർട്ടുകൾ.
പരീക്ഷ പദ്ധതി പ്രകാരം വിദേശികളായ വിദഗ്ധ തൊഴിലാളികൾക്ക് സൗദിയിൽ നിലവിലുള്ള പ്രഫഷനുകളിൽ തുടരുവാനുള്ള യോഗ്യത തിയറി, പ്രാക്ടിക്കൽ പരീക്ഷകളിലൂടെയാണ് തെളിയിക്കണ്ടത്.
സൗദിയിലേക്ക് പുതിയ വിസയിൽ വരുന്ന വിദഗ്ധ തൊഴിലാളികൾ അവരവരുടെ രാജ്യത്തുള്ള തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന തൊഴിൽ നൈപുണ്യ പരീക്ഷ പാസായാൽ മാത്രമേ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുകയുള്ളൂ.
അതേ സമയം ഇവർ സൗദിയിലെത്തിയാൽ വീണ്ടും പരീക്ഷയിൽ ഭാഗമാകേണ്ടി വരില്ല. തൊഴിൽ വിപണിയുടെ ഗുണനിലവാരം ഉയർത്തുകയും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുകയുമാണ് പരീക്ഷാ പദ്ധതിയിലൂടെ അധികൃതർ ലക്ഷ്യമാക്കുന്നത്.
വിദേശകാര്യ മന്ത്രാലയത്തിന്‍റെയും തൊഴിൽ സാങ്കേതിക പരിശീലന കോർപ്പറേഷന്‍റെയും സഹകരണത്തോടെയാണ് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം തൊഴിൽ നൈപുണ്യ പരീക്ഷ നടപ്പിലാക്കുക.