സന്തോഷ് ശ്രീധർ, സൗദി
ദമ്മാം : സൗദിയിലെ ആദ്യ കാർ ഫാക്ടറി നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. സൗദിയിലെ ഏറ്റവും വലിയ വ്യാവസായിക കേന്ദ്രമായ അൽ ജുബൈലിൽ ആണ് കാർ ഫാക്ടറി നിർമ്മാണം പുരോഗമിക്കുന്നത്.
കൊറിയൻ കാർ നിർമ്മാതാക്കൾ ആയ സാങ് യോങ് മോട്ടോർ കമ്പനിയുമായി ചേർന്നാണ് സൗദി കാർ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെക്കുന്നത്.അസംബ്ലി സെന്ററിന്റെ പണിയാണ് ഇപ്പോൾ നടന്നുവരുന്നത്. ഇത് പൂർത്തീകരിച്ചാൽ ഉടൻ കാർ നിർമ്മാണം ആരംഭിക്കും.അടുത്ത വർഷം ആദ്യം കാർ പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2040 ഓടെ കാർ വിപണന രംഗത്ത് സൗദിയുടെ ശക്തമായ സാന്നിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ആണ് നടന്നു വരുന്നത്.
വരുന്ന 20 വർഷത്തേക്ക് 40 ശത കോടി റിയാലിന്റെ വികസന പദ്ധതികൾ ആണ് സൗദി ലക്ഷ്യം വെക്കുന്നത്.കാർ നിർമ്മാണ രംഗത്തെ വിദേശ വമ്പൻമാരെ കൂടി രാജ്യത്തേക്ക് കൊണ്ടുവരുന്നതിന്റെ മുന്നോടി ആയിട്ടാണ് കാർ ഫാക്ടറി വികസനപ്രവത്തനങ്ങൾ നടപ്പിലാക്കുന്നത്.
ഫാക്ടറി പൂർണ്ണ തോതിൽ സജ്ജമാകുന്നതോടെ 27000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. വാഹന നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളിൽ 90 ശതമാനവും ജുബൈൽ -റാസൽഖൈർ വ്യവസായ മേഖലയിൽ ഉൽപ്പദിപ്പിക്കുന്നവയാണ്. ജുബൈൽ റോയൽ കമ്മീഷൻ ആണ് കാർ നിർമ്മാണവുമായി ബന്ധപ്പെട്ട് ധന വിനിയോഗം നടത്തുന്നത്.