റിപ്പോർട്ട്: നിരഞ്ജൻ അഭി
അബുദാബി: വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് സാമൂഹിക അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അബുദാബി പോലീസ് ഒരു മാസത്തെ ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു..
സൈബർ വഞ്ചന,കൊള്ള, ഭീഷണിപ്പെടുത്തൽ,ഭിക്ഷാടനം എന്നിങ്ങനെയുളള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതായി അബുദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി ചൂണ്ടിക്കാട്ടി. “സ്വകാര്യ വിവരങ്ങളും വസ്തുക്കളും മറ്റുള്ളവർക്ക് കൈവശപ്പെടുത്താൻ അവസരം നൽകാതെ സ്വയം സംരക്ഷിക്കേണ്ടതുണ്ട്.അവ വെളിപ്പെടുത്തുമ്പോൾ ആണ് പലരും കെണിയിൽ പെടുന്നതും സൈബർ തട്ടിപ്പിന് ഇരകളാകുന്നതും..” അൽ റാഷിദി പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും മുന്നറിയിപ്പു നൽകുകയെന്നതാണ് ബോധവൽക്കരണ പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അവരെ നിയന്ത്രിക്കാനും അബുദാബി പോലീസ് നൂതന സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നുണ്ട്. സൈബർ കുറ്റവാളികളുടെ പുതിയ ക്രിമിനൽ രീതികൾ മനസ്സിലാക്കിയാണ് നടപടികൾ ഊർജിതപ്പെടുത്തുന്നതെന്നും പോലീസ് വ്യക്തമാക്കി..
സുരക്ഷാ ഏജൻസികൾ പ്രത്യേക മുൻഗണനയോടെയാണ് സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നത്,അബുദാബി പോലീസിലെ എല്ലാ പ്രധാന വിഭാഗങ്ങളും സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സമഗ്രമായ ശ്രമങ്ങളിലാണ്..കുറ്റകൃത്യങ്ങളുടെ രൂപങ്ങൾ, ചെയ്യുന്ന രീതികൾ എന്നിവ പരിഗണിച്ച് കുറ്റവാളികളെ പിടികൂടാൻ പഴുതടച്ച നടപടികളാണ് പോലീസ് സ്വീകരിക്കുന്നതെന്നും മുഹമ്മദ് സുഹൈൽ റാഷിദി വിശദീകരിച്ചു..

കുട്ടികളെ കോളേജിൽ നിന്നും നിരീക്ഷിക്കാനും പെൺകുട്ടികളെ ബ്ലാക്ക്മെയിൽ ചെയ്യുന്നത് തടയാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.. സൗഹൃദത്തിലും ചിത്രങ്ങളിലൂടെയും അവരെ ആകർഷിക്കാനും തുടർന്ന് സോഷ്യൽ മീഡിയകളിലൂടെ ലൈംഗിക ലൈംഗികമായും സാമ്പത്തികമായും ബ്ലാക്മെയിൽ ചെയ്യുന്നതിനെതിരെ കുടുംബങ്ങൾ ജാഗരൂകരാകണം എന്നും പോലീസ് ആവശ്യപ്പെട്ടു..
ബാങ്ക് കാർഡുകൾ,ബാങ്ക് അക്കൗണ്ടുകൾ എന്നിവയുടെ വിവരം ചോർത്തി പണം തട്ടുന്ന സൈബർ ഇടപാടുകാരെയും കരുതിയിരിക്കണമെന്നും പോലീസ് അറിയിച്ചു..
അബുദാബി പൊലീസിനൊപ്പം ടെലികോം റെഗുലേറ്ററി അതോറിറ്റി, എമിറേറ്റ്സ് ടെലികമ്യൂണിക്കേഷൻ കോർപ്പറേഷൻ,എമിറേറ്റ്സ് ഇൻറഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷൻ കമ്പനി,വിവിധ ബാങ്കിംഗ് മേഖല സ്ഥാപനങ്ങൾ,ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ക്യാമ്പയിൻ നടക്കുന്നത്..
നിരഞ്ജൻ അഭി.
