റിപ്പോർട്ട്: നിരഞ്ജൻ അഭി
ദുബൈ: വ്യാജ സർട്ടിഫിക്കറ്റ് നൽകി ജോലി നേടിയാൽ രണ്ടു വർഷംവരെ തടവും,10 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷ വിധിക്കുന്ന നിയമത്തിന് യുഎഇ ഫെഡറൽ കൗൺസിൽ അംഗീകാരം നൽകി. ഉദ്യോഗാർഥികൾക്കും സ്ഥാപനങ്ങൾക്കും നിയമം ബാധകമായിരിക്കും.
സർട്ടിഫിക്കറ്റുകളുടെ ആധികാരികതയെ പറ്റി അറിവില്ലായ്മ കൊണ്ടാണ് ഹാജരാക്കിയത് എന്ന് വാദിച്ചാലും ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കാത്ത വിധമാണ് പുതിയ നിയമം. വ്യാജരേഖ ചമയ്ക്കലും, തൊഴിൽതട്ടിപ്പ് ഒഴിവാക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.
യോഗ്യതയുടെ ആധികാരികത ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തും.
വ്യാജ ബിരുദങ്ങൾ ഒന്നും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും എന്നാൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാകാനുള്ള 143 ശ്രമങ്ങൾ 2018 നടന്നുവെന്നും മന്ത്രാലയം അറിയിച്ചു.
സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നതിനു മുമ്പ് അതാത് രാജ്യത്തെ എംബസികളുടെ മുദ്ര ഉണ്ടോ എന്ന് കർശനമായി പരിശോധിക്കുമെന്നും, അതിനുശേഷം ബന്ധപ്പെട്ട യൂണിവേഴ്സിറ്റികളിൽ അന്വേഷിച്ച് യഥാർത്ഥ ബിരുദം ആണോയെന്ന് ഉറപ്പുവരുത്തുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ അഹമ്മദ് അൽ ഫലാസി അറിയിച്ചു.
അബുദാബിയിലെ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി തേടുന്നവർ മന്ത്രാലയം അംഗീകരിച്ച ബിരുദ സർട്ടിഫിക്കറ്റുകളാണ് ഹാജരാക്കേണ്ടത്.
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അവർക്ക് 20,000 ദിർഹം പിഴയും മൂന്നുമാസം തടവും ശിക്ഷ ഉണ്ടാവും. വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ കൂട്ടുനിൽക്കുകയോ ചെയ്യുന്ന ആളുകൾക്കോ സ്ഥാപനങ്ങൾക്കോ
10 ലക്ഷം ദിർഹം വരെ പിഴയും രണ്ടു വർഷം തടവും ലഭിക്കുന്ന ശിക്ഷയാണ് പുതിയ നിയമത്തിൽ ഉള്ളത്.
യുഎഇ പ്രസിഡന്റ് അംഗീകാരം നൽകുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.
നിരഞ്ജൻ അഭി..