സന്തോഷ് ശ്രീധർ (സൗദി)
ദമ്മാം : കഴിഞ്ഞ മൂന്നര വർഷമായി ഖത്തറിനു മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം സൗദി പിൻവലിച്ചു. കര, വ്യോമ, നാവിക യാത്രാ മാർഗ്ഗങ്ങൾ തുറന്നതോടെ സഹോദര രാജ്യങ്ങളിലെ ജനങ്ങൾ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്‌തും സന്തോഷം പങ്കുവെച്ചു.
സൗദിയിൽ നടക്കുന്ന അറബ് രാജ്യങ്ങളുടെ 41-ആമത് ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ഖത്തറിനെതിരെയുള്ള ഉപരോധം നീക്കം ചെയ്തുകൊണ്ടുള്ള സൗദിയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം ഉണ്ടായത്. അതിനെ തുടർന്ന് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് സൗദിയിൽ എത്തി.
ഉച്ചകോടി നടക്കുന്ന അൽ ഉലനഗരത്തിലെ അന്താരാഷ്ട്ര വിമാനതാവളത്തിൽ സൗദി കിരീടാവകാശി സൽമാൻ ബിൻ രാജകുമാരൻ നേരിട്ടെത്തിയാണ് ഖത്തർ അമീറിനെ സ്വീകരിച്ചത്.
2017 ജൂണിൽ ആണ് അൽ ജസിറാ ചാനൽ നടത്തിയ ഒരു പരാമർശത്തെ തുടർന്ന് സൗദി, യൂ. ഏ. ഈ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്. സൗദിയിൽ ഭീകരാക്രമണത്തിന് നേതൃത്വം കൊടുക്കുന്ന ഹൂദികളെ ഖത്തർ സഹായിക്കുന്നു എന്നതായിരുന്നു സൗദിയുടെ പ്രധാന ആക്ഷേപം.
അതിനെ തുടർന്ന് സൗദി ഖത്തറുമായുള്ള കര, വ്യോമ, നാവിക മാർഗ്ഗങ്ങൾ എല്ലാം അടക്കുക ആയിരുന്നു.കുവൈറ്റിന്റെ നയപരമായ ഇടപെടലാണ് ഇരു രാജ്യങ്ങളുടെയും സൗഹൃദം ഊട്ടി ഉറപ്പിക്കാൻ ഇടയായത്.
