(സന്തോഷ് ശ്രീധർ, സൗദി)
ദമ്മാം : കോവിഡിനെ തുടർന്ന് അടഞ്ഞു കിടന്ന വിനോദ സഞ്ചാര മേഖലകൾ ഒന്നൊന്നായി തുറക്കപ്പെടുകയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും യാത്ര മാർഗ്ഗങ്ങളുടെ ഉപരോധവും കാരണം നിലച്ചു പോയ വിനോദ സഞ്ചാരം പുഷ്ടിപ്പെടുന്ന കാഴ്ചയാണ് ജി. സി. സി. യിൽ എമ്പാടും കാണുന്നത്.
ഗൾഫ് രാജ്യങ്ങളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ബഹ്‌റൈൻ ന്റെ പ്രധാന വരുമാനം തന്നെ ടൂറിസത്തിൽ നിന്നുമാണ്. കോവിഡ് വരുത്തിയ നിശ്ചലാവസ്ഥ തെല്ലൊന്നുമല്ല ഈ മേഖലയെ ബാധിച്ചത്.

ആഭ്യന്തര സഞ്ചാരികളെ കൂടാതെ ബഹ്‌റൈൻ ടൂറിസത്തിന്റെ നട്ടെല്ലായിരുന്നു സൗദിയിൽ നിന്നുള്ള സഞ്ചാരികൾ. കോവിഡ് മൂലം സൗദി -ബഹ്‌റൈൻ കോസ്‌വേ അടച്ചതോടെ നിലശ്ച ടൂറിസം മേഖലക്ക് ഉണർവ്വിന്റെ നാളുകൾ ആണ് വരുന്നത്.
സൗദി കര മാർഗ്ഗം ഉള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ നീക്കിയതോടെ ഖത്തർ, കുവൈറ്റ്, ഒമാൻ, സൗദി,ബഹ്‌റൈൻ, യു. എ. ഇ. എന്നിവിടങ്ങളിൽ നിന്നും ഉള്ള സഞ്ചാരികൾക്ക് സൗദി വഴി ബഹ്‌റൈൻ ലേക്ക് വിനോദ യാത്ര സാധ്യമായിട്ടുണ്ട്.

വരുന്ന മാർച്ച് 31ന് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ കൂടി ആരംഭിക്കുന്നതോടെ ഗൾഫ് മേഖലയിലെ വിശേഷിച്ച് സൗദി -ബഹ്‌റൈൻ വിനോദ മേഖല മുന്നേ പോലെ സജീവം ആകും എന്നാണ് കണക്ക് കൂട്ടൽ.
നിലവിൽ സൗദി പൗരന്മാർക്ക് അന്യ രാജ്യങ്ങളിലേക്ക് പോയ് വരുന്നതിന് വിലക്ക് ഇല്ലെങ്കിലും അയൽ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് പി. സി. ആർ. ടെസ്റ്റ് നിർബന്ധം ആണ്. സൗദിയിൽ പ്രവേശിക്കുന്നതിന് മുമ്പ് മൂന്നു ദിവസത്തിനുള്ളിൽ ഉള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അതാത് ചെക്ക് പോസ്റ്റുകളിൽ കാണിക്കണം. ഇത് പരിശോധിക്കുന്നതിനും നിജസ്ഥിതി മനസ്സിലാക്കുന്നതിനും ആയി എല്ലാ ചെക്ക് പോസ്റ്റിലും കസ്റ്റംസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി പ്രത്യേകം മെഡിക്കൽ ടീമിനെയും നിയമിച്ചിട്ടുണ്ട്.
അതെ സമയം ആഭ്യന്തര ടൂറിസം പരിപോഷിപ്പിക്കാനുള്ള നടപടികളും സൗദിയിൽ തുടങ്ങി കഴിഞ്ഞു. സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആയ അൽ ഹസ്സ, ഹാഫൂഫ്, ദമ്മാം, തുറയ്ഫ്,ജിസ്സാൻ,അബഹ എന്നിവിടങ്ങളിൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും മറ്റും ഉള്ള നടപടികൾ തുടങ്ങി കഴിഞ്ഞു.
സൗദിയിലെ ഏറ്റവും വലിയ ഗവെർണ്ണറേറ്റ് ആയ അൽഹസ്സ ലോകത്തിലെ ഏറ്റവും വലിയ പച്ചപ്പ് ആയി ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ചിട്ടുണ്ട്.97 കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഈന്തപ്പന തോട്ടം ഇവിടുത്തെ പ്രത്യേകത ആണ്. പതിനഞ്ച് ലക്ഷം ജനങ്ങൾ ഇവിടെ അധിവസിക്കുന്നു.പ്രതി വർഷം മുപ്പത് മില്യൺ ഈന്തപ്പഴം ഇവിടെ ഉൽപ്പാദിപ്പിക്കുന്നു.
1932-ൽ ആണ് അൽ ഹസ്സ സൗദിയുടെ ഭാഗമാകുന്നത്.1930ൽ നടത്തിയ പര്യവേഷണത്തിൽ ഈ മേഖലയിൽ വർദ്ധിച്ച തരത്തിൽ പെട്രോളിയം നിക്ഷേപം കണ്ടെത്തിയിരുന്നു. അതോടെ ആണ് അൽഹസ്സയുടെ ആധുനിക യുഗം തുടങ്ങുന്നത്.1975-ൽ സ്ഥാപിതമായ കിങ് ഫൈസൽ യൂണിവേഴ്സിറ്റി വനിത വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകിവരുന്നു. സൗദിയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേസിറ്റി കൂടിയാണ് ഇത്.

ജബൽ അൽ ഖോറ മലനിരകൾ ആണ് ഹസ്സയിലെ മറ്റൊരു പ്രത്യേകത.ഉയർന്ന താപ നിലയിലും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ ചൂട് കുറവായതിനാൽ നിരവധി സഞ്ചാരികൾ ആണ് ഇവിടേക്ക് വരുന്നത്. പ്രകൃതി ജന്ന്യ ഗുഹാ മാർഗ്ഗങ്ങൾ മറ്റൊരു പ്രത്യേകതയാണ്.സൽവാ ബീച്ച്, ഹാഫ് ബേ മൂൺ ബീച്ച് എന്നിവയും ഹസ്സയോട് ചേർന്ന് കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആണ്.
സാധാരണ ആഴ്ച അവസാനങ്ങളിൽ സൗദികൾ വിനോദത്തിനും വിശ്രമത്തിനുമായി ബഹ്‌റൈൻലേക്കാണ് പോകാറ്. വ്യാഴാഴ്ച്ച ഉച്ചക്ക് തുടങ്ങുന്ന ഒഴുക്ക് വെള്ളിയാഴ്ച വൈകുവോളം നീണ്ടു നിൽക്കും. സർക്കാർ ഓഫീസുകൾക്ക് വെള്ളി ശനി അവധി ആയതിനാൽ നല്ലൊരു ശതമാനം സൗദികളും ഈ ദിവസങ്ങളിൽ ബഹ്‌റൈനിൽ ആയിരിക്കും. ഇവരെ ലക്ഷ്യം വെച്ചുള്ള ടൂറിസം പാക്കേജുകൾ ആവും വരും നാളുകളിൽ സൗദി വിനോദ സഞ്ചാര മേഖലയിൽ ഉണ്ടാവുക. നിയോം സിറ്റി സജ്ജമാകുന്നതോടെ വിനോദ സഞ്ചാര മേഖല വൻ മുന്നേറ്റം നടത്തുമെന്നാണ് സൗദി കണക്ക് കൂട്ടുന്നത്.
