റിപ്പോർട്ട്: സന്തോഷ് ശ്രീധർ, സൗദി
ദമ്മാം : പ്രാദേശിക അന്തർദ്ദേശീയ പ്രശ്നങ്ങളെ ഉയർത്തി കാട്ടുന്നതിനോടൊപ്പം വിഷൻ 2030 നെയും റിയാദ് നഗര വികസനത്തെയും പ്രകീർത്തിച്ച് സൗദി പത്രങ്ങൾ.
വിഷൻ 2030 അതിന്റെ സാധ്യതയും പ്രാധാന്യവും തെളിയിച്ചിട്ടുണ്ടെന്നും അത് ആവശ്യവും തന്ത്രപരവും ആയ ഘടകമാണെന്ന് സ്ഥിരീകരിച്ചതായും അൽ റിയാദ് പത്രം അതിന്റെ എഡിറ്റോറിയലിൽ കുറിക്കുന്നു.
ഈ കാഴ്ച്ചപ്പാട് സഫലീകരിക്കുന്നതിനായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സൗദി ഭരണാധികാരി സൽമാൻ രാജാവും നൽകിവരുന്ന പ്രോത്സാഹന നടപടികൾ ശ്ലാഘനീയം ആണെന്ന് പത്രം പറയുന്നു.
വരുമാന സ്രോതസ്സുകൾ വൈവിധ്യ വൽക്കരിക്കാനും സമ്പത്ത് വ്യവസ്ഥയെ വളർത്താനുമുള്ള സൗദി അറേബ്യയുടെ പദ്ധതികളുടെ ഭാഗമായാണ് പുതിയ ഭരണ പരിഷ്ക്കാര നടപടികൾ ആഗോള സാമ്പത്തിക സെഷനിൽ സൗദി ഭരണാധികാരികൾ മുന്നോട്ട് വച്ചത്.
റിയാദ് ലോകത്തിലെ ഏറ്റവും വലിയ പത്ത് സാമ്പത്തിക നഗരങ്ങളിൽ ഒന്നായി മാറും. ഗുണനിലവാരമുള്ള പദ്ധതികളുടെ ഒരു പാക്കേജിലൂടെ അത് സാമ്പത്തികമായി ഉയരുക തന്നെ ചെയ്യുമെന്നും പത്രം വിലയിരുത്തുന്നു. അൽ യും പത്രവുംഅവരുടെ എഡിറ്റോറിയലിൽ ഇതേ വിലയിരുത്തലാണ് നടത്തിയിരിക്കുന്നത്.