റിപ്പോർട്ട്: സന്തോഷ് ശ്രീധർ, സൗദി
ദമ്മാം: സൗദി അറേബ്യയുടെ മാനസ പദ്ധതി ആയ റിയാദ് മെട്രോ 2021 അവസാനം കമ്മീഷൻ ചെയ്യുമെന്ന് റിയാദ് റോയൽ കമ്മീഷൻ സി. ഈ. ഓ ഫഹദ് അൽ റശീദ് വ്യക്തമാക്കി.
വിഷൻ 2030 ന്റെ ഭാഗമായി നടപ്പാക്കുന്ന റിയാദ് നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യത്തിൽ എത്തിക്കാൻ റിയാദ് മെട്രോക്ക് കഴിയുമെന്ന് ഫഹദ് അൽ റശീദ് പ്രത്യാശ പ്രകടിപ്പിച്ചു.
ഇരുപത് ആഗോള കമ്പനികൾ അവരുടെ ആസ്ഥാനം റിയാദിലേക്ക് മാറ്റാം എന്ന് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു. ഏ. ഈ, ഖത്തർ എന്നിവിടങ്ങളിലെ മെട്രോ പദ്ധതികൾക്ക് പിന്നാലെ ആണ് സൗദിയും ആ രംഗത്തേക്ക് ചുവട് വെക്കുന്നത്.
വിഷൻ 2030 ന്റെ ഭാഗമായി റിയാദ് നഗരത്തിൽ നടപ്പാക്കുന്ന ഭരണ പരിഷ്ക്കാരങ്ങളുടെ ഭാഗമായാണ് മെട്രോ വികസനം നടപ്പാക്കുന്നത്. നിലവിൽ 75ലക്ഷം ജനസംഖ്യ ആണ് റിയാദിൽ ഉള്ളത്. അടുത്ത ഏതാനും വർഷത്തിനുള്ളിൽ റിയാദിലെ ജനസംഖ്യ ഒരു കോടിക്കും രണ്ട് കോടിക്കും ഇടയിൽ ആയി ഉയർത്താനുള്ള നടപടികളും ഉണ്ടാവും. അതിന് അടിസ്ഥാനവികസനം മെച്ചപ്പെടേണ്ടതുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഗരങ്ങളിൽ 40 ആം സ്ഥാനത്താണ് റിയാദ് . നഗര വികസന, സാമ്പത്തിക പരിഷ്ക്കരണ നടപടികളിലൂടെ റിയാദിനെ 10 ആം സ്ഥാനത്ത് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് റോയൽ കമ്മീഷൻ അംഗം വെളിപ്പെടുത്തി.
വളരുന്ന സൗദിക്ക് വളരുന്ന നഗരങ്ങൾ എന്ന കാഴ്ചപ്പാടാണ് സൗദി ഭരണാധികാരികൾക്ക് ഉള്ളതെന്നും അത് സാക്ഷാൽക്കരിക്കാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞതായും ഫഹദ് അൽ റശീദ് വ്യക്തമാക്കി. പൊതു ഗതാഗത പദ്ധതികൾ ആ നിലക്ക് ഉള്ളതാണ്. പശ്ചാത്തല വികസനവും ആവശ്യമാണ്.
പൈതൃക ടൂറിസം ലക്ഷ്യമിട്ടുള്ള വികസന പ്രവർത്തനങ്ങൾ ആവും റിയാദിൽ നടപ്പിലാക്കുക എന്നും അദ്ദേഹം പറഞ്ഞു.
വിഷൻ 2030 ന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക നഗരം റിയാദിൽ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.റിയാദിനെ ഹരിത വൽക്ക രിക്കാനും പദ്ധതിയുള്ളതായി അദ്ദേഹം വ്യക്തമാക്കി.
ആറ് മെട്രോ ലൈനുകൾ ഉൾപ്പെടുന്ന റിയാദ് മെട്രോക്ക് 176കിലോമീറ്റർ നീളവും 85 സ്റ്റേഷനുകളും ഉണ്ടാവും.2 മുതൽ 4 വരെ കോച്ച്കൾ ആവും ഓരോ ട്രെയിനിലും ഉണ്ടാവുക. 22.5 ബില്യൺ ഡോളർ ചെലവിട്ടാണ് മെട്രോ യാഥാർഥ്യമാക്കുന്നതെന്നും റോയൽ കമ്മിഷൻ സി. ഈ. ഓ. വ്യക്തമാക്കി.
