കൊറോണ വരുത്തിയ ലോക സാമ്പത്തിക മാന്ദ്യം മറ്റു ജി. സി. സി. രാജ്യങ്ങളിലെ പോലെ സൗദിയെയും തെല്ലൊന്നുമല്ല ഉലച്ചത്. ജി. സി. സി യിലെ ഏറ്റവും സമ്പന്നമായ രാജ്യമാണ് സൗദി. കൊറോണയെ തുടർന്ന് എണ്ണ വ്യാപാരം പകുതികണ്ട് കുറഞ്ഞതും വ്യവസായ,വ്യാപാര മേഖലകളിൽ ഉണ്ടായ അനിശ്ചിതത്വവും സൗദിയുടെ സാമ്പത്തിക രംഗത്ത് തെല്ലു വിള്ളൽ ഉണ്ടാക്കി എന്നത് വാസ്തവം.
എണ്ണ ഉൽപാദനം പകുതി ആക്കിയും നികുതി അഞ്ച് ശതമാനം ആയിരുന്നത് പതിനഞ്ച് ആക്കിയും സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള നടപടികളിലാണ് സൗദി ഇപ്പോൾ.കൊറോണ ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം മറികടക്കാൻ മറ്റു മാർഗ്ഗം ഇല്ലെന്നും ഇത് തുടരുമെന്നും ധനകാര്യ മന്ത്രി വ്യക്ത മാക്കി കഴിഞ്ഞു.
ഇതിനിടെ ഹൂദികളുടെ മിസൈൽ ആക്രമണത്തിൽ അരാംകോ എണ്ണ പ്ലാന്റിന് ഉണ്ടായ നാശ നഷ്ടം സൗദിക്ക് ഏറ്റ കനത്ത അടി ആയിരുന്നു.
ഈ സാമ്പത്തിക സാഹചര്യത്തിലാണ് പല പുതിയ വമ്പൻ പ്രോജെക്ടുകളുടെയും നിർമ്മാണം താൽക്കാലികമായി നിർത്തി വെക്കാൻ സർക്കാർ നിർബന്ധിതമായത്.
ഇത് മൂലം നിർമ്മാണമേഖലയിൽ ഉണ്ടായിരുന്ന നിരവധി ചെറുകിട കമ്പനികളും അടച്ചു പൂട്ടി. നിർമ്മാണമേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന നിരവധി ആയ ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും അടച്ചു. തൊഴിലാളികൾ ജീവിക്കാൻ മാർഗ്ഗം ഇല്ലാതെ അവരവരുടെ നാടുകളിലേക്ക് തിരിച്ചു പോയി. ഇതിൽ നല്ലൊരു ശതമാനവും മലയാളികൾ ആയിരുന്നു.
ലോകത്തിലെ രണ്ടാമത്തെയും സൗദിയിലെ ഏറ്റവും വലിയ വ്യവസായ മേഖല ആയ അൽ ജുബൈലിൽ മാത്രം ഒരു ലക്ഷത്തോളം മലയാളികൾ വിവിധ മേഖലകളിൽ പണിയെടുത്തിരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇവിടെ ചെറുകിട വ്യാപാര മേഖലയിൽ കൂടുതലും മലയാളികൾ ആയിരുന്നു.
കൊറോണ വരുത്തിയ മാന്ദ്യം കാരണം നിൽക്കകള്ളി ഇല്ലാതെ പകുതിയിൽ അധികം വരുന്ന മലയാളികൾ നാടണഞ്ഞു.
മാൻ പവർ സപ്ലൈ പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിൽ ആയതും മറ്റ് സ്വദേശി വൽക്കരണനിയമങ്ങളും വിദേശികളുടെ കൊഴിഞ്ഞു പോക്കിന് കാരണമായി.2021 വർഷം ആരംഭത്തിൽ തന്നെ സ്വദേശി വൽക്കരണം കടുപ്പിച്ചു കൊണ്ടുള്ള നടപടികൾ സർക്കാർ തുടങ്ങി. കഴിഞ്ഞു. ഈ വർഷം എഞ്ചിനീയറിംഗ് മേഖലയിൽ 7000സൗദി എഞ്ചിനീയർ മാരെ പുതുതായി നിയമിക്കുമെന്ന് സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. ഇതും ഏറെ ബാധിക്കുന്നത് മലയാളികളെ ആവും.
ജി. സി. സി. രാജ്യങ്ങളിൽ സ്വദേശി വൽക്കരണനിയമങ്ങൾ കർശനമായി നടപ്പാക്കികൊണ്ടിരിക്കുന്നഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്, വിശേഷിച്ചും സൗദിയിൽ. മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയിൽ നിയമങ്ങൾ കർശനമാണ്. എല്ലാ മേഖലയിലും സ്വദേശിവൽക്കരണം എന്ന നയമാണ് സൗദി ഭരണകൂടത്തിനുള്ളത്. സൂറകൗൺസിലും അത് ശരിവെക്കുന്നു. 2011ൽ നടപ്പാക്കി തുടങ്ങിയ സൗദി വൽക്കരണ നടപടികൾ അതിന്റെ പാരമ്യത്തിൽ എത്തിയത് 2018ൽ ആണ് . ഇതിനകം തൊഴിൽ നഷ്ടപ്പെട്ട് നിരവധി വിദേശികൾ അവരവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങിക്കഴിഞ്ഞു.
2019 ആദ്യ പാദത്തിൽ സർക്കാർ ഇറക്കിയ കണക്ക്പ പ്രകാരം പത്തു ദശലക്ഷം വിദേശികൾ ആണ്സൗ ദിയിൽ തൊഴിൽമേഖലയിൽ ഉണ്ടായിരുന്നത്.
വിദേശികളുടെ തൊഴിൽ അവസരങ്ങൾ വർധിക്കുമെന്നും വിദേശികൾ ആശങ്കപെടേണ്ടന്നും സൗദി ഭരണകൂടം ആവർത്തിക്കുമ്പോഴും നിലവിൽ തൊഴിലാളികൾ ആശങ്കയിൽ ആണ്. കാരണം മിക്ക മേഖലയിലും സ്വദേശി വൽക്കരണം നടപ്പാക്കി കഴിഞ്ഞു.
2019 സെപ്റ്റംബർ മാസത്തോടെ 8ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ട് സൗദി വിടേണ്ടി വന്നതായാണ് റിപ്പോർട്ട്. നിയമ ലംഘകരില്ലാത്ത സൗദി ആണ് ഭരണകൂടം ആഗ്രഹിക്കുന്നത്. നിയമ ലംഘനങ്ങൾക്ക് പിടിക്കപെടുന്നവരിൽ കൂടുതലും വിദേശികൾ ആണ്.
സൗദിയിൽ സ്വദേശിവൽക്കരണ നടപടികൾ ത്വരിതപെടുത്താനുള്ള ഉത്തരവാദിത്വം സാമൂഹ്യവികസന മന്ത്രാലയത്തിനാണ്. അതിന് ആക്കം കൂട്ടാനായി അരലക്ഷത്തോളം സ്വദേശികൾക്ക് തൊഴിൽ പരിശീലനം കൊടുത്തു കഴിഞ്ഞു . ഇന്ന് ഇവർ വിവിധ മേഖലകളിൽ പണിയെടുക്കുന്നു. സ്വദേശികളിൽ അഭ്യസ്ത വിദ്യരെ കണ്ടെത്തി തൊഴിൽ പരിശീലനം നൽകുന്ന പദ്ധതി പുരോഗമിക്കുന്നു.
രാജ്യത്തെ ചേംബർ ഓഫ് കോമേഴ്‌സ്കളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് പരിശീലനംനടക്കുന്നതെന്ന് സാമൂഹ്യ വികസന മന്ത്രാലയം വ്യക്തമാക്കുന്നു. 2019-2020 കാലങ്ങളിൽ പുതുതായി 12 മേഖലകളിൽ കൂടി സമ്പൂർണ സൗദി വൽക്കരണം നടപ്പാക്കി കഴിഞ്ഞു..
വാച്ച്, കണ്ണടകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഇലെക്ട്രിക്കൽ ഇലക്ട്രോണിക്സ് കടകൾ, സ്പെയർ പാർട്സ്കടകൾ, വസ്ത്ര ശാലകൾ, കാർപെറ്റ് കടകൾ, ഹോട്ടലുകൾ തുടങ്ങി മിക്ക മേഖലയിലും സൗദി വൽക്കരണം ആണ് .
സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്ക് മേൽ വലിയ നിയമ നടപടികൾ ആണ് നടപ്പാക്കുന്നത് . ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾ ഒരാൾക്ക് 20,000റിയാൽ പിഴ എന്ന കണക്കിനാവും ശിക്ഷ. ഒപ്പം തടവ് ശിക്ഷയും നാട് കടത്തലും ഉണ്ടാവും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾ ഇന്ന് തുലോം കുറവാണ്.
2018 ജനുവരി -മാർച്ചിൽ രണ്ടു ലക്ഷം വിദേശ തൊഴിലാളികൾ ആണ് സൗദി വിട്ടതെന്ന് ഈ മേഖലയിൽ ജോലി ചെയ്യുന്നവർ വിശദമാക്കുന്നു.
കൊണ്ടോട്ടി സ്വദേശി അബ്ദുൽ സമദ്, അനസ്, കോഴിക്കോട് സ്വദേശി റഫീക്ക്, കാസർഗോഡ് സ്വദേശി നാരായണ ഭട്ട് തുടങ്ങി നിരവധി ആൾക്കാരാണ് ഭാവി ഇരുളടഞ്ഞ് കടബാധ്യതകളോടെ മടക്ക യാത്രക്കായി കാതോർത്തിരിക്കുന്നത് . ഇനി എന്ത് എന്ന ചിന്ത ഇവരുടെ ഉറക്കം കെടുത്തിയിട്ട് നാളേറെയായി.
തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്കെത്തുന്ന പതിനായിര കണക്കായ പ്രവാസി മലയാളികളെ കാത്തിരിക്കുന്നത് എന്താണ്. കാത്തിരുന്നു കാണുക തന്നെ. നമ്മുടെ ഭരണാധികാരികൾക്ക് പാവം പ്രവാസിയെ കുറിച്ച് ചിന്തിക്കാൻ സമയം ഉണ്ടാകുമോ ?
(സന്തോഷ് ശ്രീധർ, സൗദി)