സന്തോഷ് ശ്രീധർ (സൗദി)
ദമ്മാം: നിങ്ങൾ മണൽക്കാടിനെ ഇഷ്ടപെടുന്നോ സാഹസികരാണോ എങ്കിൽ പോരുവിൻ റബ്ബ് അൽ ഖാലി കാത്തിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മണൽ കാട് അപകടകാരിയായ മരുഭൂമി അതാണ് റബ്ബ് അൽ ഖാലി. 250മീറ്റർ ഉയരത്തിൽ പൊടിമണ്ണ് നിറഞ്ഞിടം. വിഷ പാമ്പുകളുടെ വിഹാര കേന്ദ്രം. ഒമാനെയും സൗദിയേയും ബന്ധിപ്പിക്കുന്ന റോഡ് കടന്നു പോകുന്നത് ഈ മരുഭൂമിയിൽകൂടിയാണ്. ഇതു വഴിയുള്ള പുതിയ പാത യാത്രക്കായി തുറന്നു. ഇനി സാഹസികർക്ക് ഒരു കൈ നോക്കാം. ഗൾഫിലെ ഏറ്റവും വലിയ ഹൈവേ ആണ് ഇത്.
റിയാദിലെ അൽ ബത്ത ഹരാധ് വില്ലേജിൽ തുടങ്ങി ഒമാൻ ചെക്ക് പോയിന്റിൽ അവസാനിക്കുന്ന റോഡിന്റെ നീളം 800കിലോമീറ്റർ ആണ്. 130ക്യുബിക് മീറ്റർ മണ്ണ് നീക്കം ചെയ്താണ് മനോഹരമായ പുതിയ റോഡ് നിർമ്മിച്ചിരിക്കുന്നത്. നിരവധി വമ്പൻ യന്ത്രങ്ങളുടെ സഹായത്തോടെ 600തൊഴിലാളികൾ പണിയെടുത്താണ് മരുഭൂമിയിലെ രാജപാത നിർമ്മിച്ചത് സൗദിയിലെ ഏറ്റവും വലിയ എണ്ണപ്പാടമായ ഷായ്‌ബ സ്ഥിതി ചെയ്യുന്നത് ഇവിടെ ആണ്.
എഴുത്തുകാർക്കും വിജ്ഞാന കുതുകികൾക്കും പര്യവേഷകർക്കും പ്രിയപെട്ടതാവും ഈ മരുഭൂമിയെന്ന് ബ്രിട്ടീഷ് പര്യവേഷകൻ വിൽഫ്രഡ് തേസിഗർ അഭിപ്രായപ്പെട്ടു.
പ്രകൃതി വാതകം, പെട്രോൾ, റേഡിയോ ആക്റ്റീവ് ലോഹങ്ങൾ, ഗ്ലാസ് സാൻഡ്, സോളാർ എനർജി എന്നിവയുടെ സമ്പുഷ്ട ഉറവിടം കൂടിയാണ് ഈ മരുഭൂമി. ഇതിന്റെ കിഴക്ക്, തെക്ക് കിഴക്കേ മേഖലകൾ ശുദ്ധ ജലത്താൽ സമ്പുഷ്ടമാണെന്നും പര്യവേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പകൽ സമയങ്ങളിൽ 50ഡിഗ്രി സെന്റിഗ്രേഡ് വരെ വർദ്ധിച്ച ചൂടും രാത്രിയിൽ 10 ഡിഗ്രി താഴ്ന്ന കാലാവസ്ഥയുമാണ്. ഒമാനിലെ ഇബ്രി താനെയിൽ ആണ് ഈ വമ്പൻ റോഡ് അവസാനിക്കുന്നത്.