സന്തോഷ് ശ്രീധർ (സൗദി)
ഭീകര വാദത്തിനെതിരെ ഒന്നിച്ച് പ്രവർത്തിക്കാൻ ഉച്ചകോടിയിൽ ധാരണ
ദമ്മാം : ഗൾഫ് മേഖലയിൽ വർധിച്ചു വരുന്ന ഭീകര വാദത്തിനെതിരെ ഒന്നിച്ച് പ്രവർത്തിക്കാൻ ജി. സി. സി. രാജ്യങ്ങളുടെ ഉച്ചകോടിയിൽ ധാരണയായി. ഇറാൻ ഉയർത്തുന്ന ആണവ, ബാലിസ്റ്റിക് മിസൈൽ ഭീഷണി ഒന്നിച്ച് നേരിടേണ്ടതുണ്ടെന്ന് ഗൾഫ് രാജ്യ പ്രതിനിധികൾ ആവശ്യപ്പെട്ടു.

അറബ് സഹകരണ കൗൺസിലിന്റെ 41- മത് സമ്മേളന വേദിയിലാണ് ഭീകര വാദത്തിനെതിരെ ഒന്നിച്ച് നീങ്ങാൻ തീരുമാനം ആയത്. സൗദി അറേബ്യയിലെ വടക്കുകിഴക്കൻ പ്രദേശമായ അൽ ഉല പൈതൃകനഗരത്തിൽ നടക്കുന്ന സമ്മേളനം സൗദി കിരീടാവകാശി അബ്ദുൾ ബിൻ സൽമാൻ രാജകുമാരൻ ഉൽഘാടനം ചെയ്തു.

ഖത്തറിനെതിരെ സൗദി, ബഹ്‌റൈൻ, യൂ ഏ. ഇ. രാജ്യങ്ങൾ ഏർപ്പെടുത്തിയിരുന്ന എല്ലാ ഉപരോധങ്ങളും അവസാനിപ്പിക്കാനും ഖത്തറുമായി സഹകരിച്ച് മുന്നോട്ടു പോകാനുമുള്ള ധാരാണാ പത്രത്തിൽ ഈജിപ്ത് ഉൾപ്പെടെയുള്ള ഏഴ് അറബ് രാജ്യങ്ങൾ ഒപ്പിട്ടു. ഇത് അൽ ഉല പ്രഖ്യാപനം എന്നറിയപ്പെടും.

ഈ പ്രഖ്യാപനം വരും നാളുകളിൽ ജി. സി. സി. രാജ്യങ്ങളിൽ വൻ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. കൊറോണ ബാധയെ തുടർന്ന് ജി. സി. സി. രാജ്യങ്ങളിൽ നിർമ്മാണ, വ്യാവസായിക മേഖലകളിൽ ഉണ്ടായ മാന്ദ്യത്തിന് അറുതി വരുത്താൻ പുതിയ പ്രഖ്യാപനത്തിന് കഴിയുമെന്ന പ്രതീക്ഷയാണ് ഉള്ളത്.

2017 ജൂണിൽ ഏർപ്പെടുത്തിയ ഉപരോധത്തിന് ശേഷം ഗൾഫ് കൗൺസിലിന്റെ ഒരു പരിപാടിയിലും ഖത്തർ പങ്കെടുത്തിരുന്നില്ല. നാലു വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഖത്തർ ഭരണാധികാരി ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതും സൗദിയിൽ പ്രവേശിക്കുന്നതും.
യു. എ. ഇ, ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ്, ഖത്തർ, സൗദി എന്നീ ഗൾഫ് രാജ്യങ്ങൾക്ക് പുറമേ ഈജിപ്ത് കൂടി അറബ് സഖ്യ കൗൺസിലിന്റെ 41ആ മത് സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
