സന്തോഷ് ശ്രീധർ (സൗദി)
ദമ്മാം : പുതു വർഷത്തിൽ സ്വദേശി വൽക്കരണനടപടികൾ കടുപ്പിച്ച് സൗദി തൊഴിൽ മന്ത്രാലയം.2021 വർഷത്തിൽ ഏഴായിരം സ്വദേശി എൻജിനീയർ മാരെ പുതുതായി നിയമിക്കുമെന്ന് മന്ത്രാലയത്തിന്റെ കുറിപ്പിൽ പറയുന്നു.
സ്വകാര്യ നിർമ്മാണ മേഖലയിൽ ആവും ഇവരെ നിയമിക്കുക. ഇത് വിദേശി തൊഴിലാളികളെ ആകും കൂടുതൽ ബാധിക്കുക.
നിലവിൽ 30ശതമാനം സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അതുവഴി നല്ലൊരു ശതമാനം വിദേശികളുടെ തൊഴിൽ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
സൗദിയിലെ സ്വകാര്യ നിർമ്മാണ മേഖലയിൽ പണിഎടുക്കുന്ന എഞ്ചിനീയർ മാരിൽ കൂടുതലും ഫിലിപ്പിനികളോ, ഇന്ത്യക്കാരോ ആണ്. ഇന്ത്യക്കാരിൽ ഭൂരിപക്ഷം മലയാളികളും.
കൊറോണ ബാധയെ തുടർന്ന് 2019ഡിസംബർ മാസത്തിൽ നിർമ്മാണ പ്രവർത്തികൾ നിലച്ചതിനാൽ നിരവധി ചെറുകിട കമ്പനികൾ മുന്നോട്ടു പോകാനാവാതെ അവരുടെ തൊഴിലാളികളെ പറഞ്ഞു വിടുകയുണ്ടായി. രോഗഭീതിമൂലം ജോലി ഉപേക്ഷിച്ചു പോയവരും ഉണ്ട്. നിർമ്മാണ മേഖല സ്തംഭിച്ചതോടെ മേഖലയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന വ്യാപാര സ്ഥാപനങ്ങളിൽ പലതും എന്നേക്കുമായി അടക്കപ്പെട്ടു.
2019ഡിസംബർ വരെ 1,01,83,104 വിദേശികൾ ആണ് സൗദിയിൽ തൊഴിൽ മേഖലയിൽ ഉണ്ടായിരുന്നതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. നിലവിൽ 12-മേഖലകളിൽ ആണ് സ്വദേശി വൽക്കരണം നടപ്പാക്കിയിട്ടുള്ളത്.2030-ഓടെ സമ്പൂർണ്ണ സ്വദേശി വൽക്കരണം ആണ് ലക്ഷ്യമിടുന്നത്.