വാർത്ത: സന്തോഷ് ശ്രീധർ, സൗദി
ദമ്മാം: സൗദി വൽക്കരണം ത്വരിതപെടുത്തുന്നതിന്റെ ഭാഗമായി വ്യവസായ മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുമെന്ന് സൗദി വ്യവസായ മന്ത്രി ബന്തർ അൽ ഖുറൈഫ്.
നിലവിൽ വ്യവസായ മേഖലയിൽ 5,70,000 പേർ തൊഴിൽ ചെയ്യുന്നുണ്ടന്നും ഇതിൽ 2,15000 പേർ സ്വദേശികൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷൻ 2030 ന്റെ ഭാഗമായി നടപ്പാക്കുന്ന സ്വദേശി വൽക്കരണ നടപടികൾ തുടരുകയാണെന്നും അക്കൗണ്ടിങ് തസ്തികയിൽ ഉൾപ്പെടെ അഭ്യസ്ത വിദ്യരായ സൗദി യുവതി യുവാക്കൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് വ്യവസായ മേഖലയിൽ കൂടി സൗദി വൽക്കരണം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2030 ഓടെ വ്യവസായം, ഖനന മേഖലകളിൽ നിന്നുമുള്ള കയറ്റുമതി ലക്ഷ്യം 424ബില്യൺ റിയാൽ ആണെന്നും മന്ത്രി സൂചിപ്പിച്ചു.
വ്യവസായ മേഖലകളിൽ പണിയെടുക്കുന്ന വനിതകളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനുള്ള നടപടികൾ തുടങ്ങിയതായും കഴിഞ്ഞ വർഷം 1700 കോടി റിയാലിന്റെ വായ്പ്പ വ്യവസായ മേഖലയുടെ ഉന്നമനത്തിനായി ചെലവഴിച്ചതായും സൗദി നിർമ്മിത വസ്തുക്കളുടെ കയറ്റുമതിക്ക് പ്രോത്സാഹനം നൽകുമെന്നും ഇക്കാര്യത്തിൽ സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തം ഉറപ്പ് വരുത്തുമെന്നും മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു.
സൗദിയിൽ മൊത്തം 35 വ്യവസായ സിറ്റികൾ ഉണ്ടെന്നും ഇവിടെ എല്ലാം കൂടി 11 ട്രില്യൺ റിയാലിന്റെ നിക്ഷേപം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഈ വർഷം അക്കൗണ്ടിങ് മേഖലയിൽ 5000 സ്വദേശികൾക്ക് നിയമനം നൽകും ഇതിനായി മാനവ ശേഷി സാമൂഹ്യ വികസന മന്ത്രാലയവും സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ട്സും സംയുക്തമായി തൊഴിൽ പരിശീലനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
തൊഴിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ വ്യവസായ മേഖലയിൽ നിയമിക്കും. ആദ്യ രണ്ടു വർഷം 30മുതൽ 50ശതമാനം വരെ ശമ്പളം മാനവശേഷി വികസന നിധിയിൽ നിന്നും നൽകും. സ്വകാര്യ മേഖലയിലെ ഒഴിവുകൾ താഖാത്ത് പോർട്ടലിൽ പരസ്യപ്പെടുത്തണം എന്ന് നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
അഞ്ചോ അതിൽ കൂടുതലോ പേർ അക്കൗണ്ടിങ് വിഭാഗത്തിൽ ജോലിഎടുക്കുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളും 30 ശതമാനം സ്വദേശികളെ നിയമിക്കണം. ബിരുദധാരികൾക്ക് 6000 റിയാലും ഡിപ്ലോമക്കാർക്ക് 4500റിയാലും ശമ്പളം നൽകണം എന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു.