റിപ്പോർട്ട്: നിരഞ്ജൻ അഭി
അബുദാബി: വ്യക്തികളെ തിരിച്ചറിയാൻ ഫെയ്സ് ഐഡി ഉപയോഗിക്കുന്നതിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ആദ്യഘട്ടത്തിൽ സ്വകാര്യമേഖലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഫെയ്സ് ഐഡി ഉപയോഗിക്കുക. തിരിച്ചറിയൽ നടപടികൾക്കായി നിരവധി രേഖകൾ സമർപ്പിക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് ഫെയ്സ് ഐഡി പരീക്ഷിക്കുന്നത്. വിജയകരമാണെങ്കിൽ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും.
യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മഖ്തും അധ്യക്ഷത വഹിച്ച മന്ത്രിസഭായോഗത്തിലാണ് തീരുമാനം.നിലവിൽ ലോകത്തെമ്പാടും മൊബൈൽ ഫോണുകളിൽ ഫെയ്സ് ഐഡി റെക്കഗ്നിഷൻ ഉപയോഗിക്കുന്നുണ്ട്..സ്വകാര്യ മേഖലയിൽ ഇത് പരീക്ഷിക്കുന്നതിന് ആഭ്യന്തരമന്ത്രാലയം നേതൃത്വം നൽകും. കൃത്യതയും,സുതാര്യതയും വർധിപ്പിക്കുന്നതിന് ഒപ്പം അധികമായ കടലാസ് ജോലികൾ ഒഴിവാക്കാനുമാകും. ഒട്ടേറെ രേഖകൾ സമർപ്പിക്കുന്നതിന്പകരം വ്യക്തിഗത ഐഡൻറിറ്റി സ്ഥിരീകരിക്കുന്നതിന് ചില സ്വകാര്യമേഖല സേവനങ്ങളിലും ഫേഷ്യൽ ഐഡി നടപ്പാക്കുമെന്ന് റാഷിദ് അൽ മക്തൂം പറഞ്ഞു. സ്ഥാപനങ്ങളിലെ സേവനങ്ങൾ വേഗത്തിലാക്കാനും ഇത് സഹായിക്കും.
ചൊവ്വയിലേക്ക് ബഹിരാകാശ പേടകം വിജയകരമായി അയച്ച യുഎഇയുടെ ശാസ്ത്ര നേട്ടത്തെ പ്രകീർത്തിച്ചുകൊണ്ടാണ് മന്ത്രിസഭായോഗം ആരംഭിച്ചത്. യുഎഇയുടെ അടുത്ത 50 വർഷം ആരംഭിക്കുന്നതിന് മികച്ച നേട്ടമാണ് ഇതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു..
നിരഞ്ജൻ അഭി.
