റിപ്പോർട്ട്: വിവേക് പഞ്ചമൻ
ജിദ്ദ: ജിദ്ദ നവോദയയുടെ മുഖ്യരക്ഷാധികാരിയായി ഷിബു തിരുവനന്തപുരത്തെയും പ്രസിഡന്റായി കിസ്മത്ത് മമ്പാടിനെയും നവോദയ സെന്‍ട്രല്‍ കമ്മിറ്റി തെരഞ്ഞെടുത്തു. നിലവിലെ രക്ഷാധികാരി വി.കെ റഊഫ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഒഴിവിലാണ് പുതിയ രക്ഷാധികാരിയെ തെരഞ്ഞെടുത്തത്. നിലവിലെ പ്രസിഡന്റാണ് ഷിബു തിരുവനന്തപുരം. അദ്ദേഹം മുഖ്യ രക്ഷാധികാരിയായതോട ആ ഒഴിവിലേക്ക് പ്രസിഡന്റായി കിസ്മത്ത് മമ്പാടിനെ തെരഞ്ഞെടുക്കുകയായിരുന്നു. നിലവിലെ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര അതേ സ്ഥാനത്തു തുടരും.
സൗദിയിലെ യാത്രാ വിലക്കു മൂലം യു.എ.ഇയില്‍ കുടുങ്ങിയവര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പുതിയ വര്‍ഷത്തിലേക്കുള്ള മെമ്പര്‍ഷിപ് വിതരണം തുടങ്ങിയതായി നവോദയ അറിയിച്ചു. അംഗങ്ങള്‍ മരണപ്പെട്ടാല്‍ സാമ്പത്തിക സഹായം, മറ്റ് ജീവകാരുണ്യ സഹായങ്ങള്‍ എന്നിവ നല്കി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങിയ സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി ജനജീവിതം പൂര്‍ണമായി സ്തംഭിച്ചപ്പോള്‍ കരുത്തുറ്റ ജീവകാരുണ്യ പ്രവര്ത്തനനങ്ങള് നടത്താന്‍ നവോദയക്കായി. പതിമൂന്ന് ഏരിയകമ്മിറ്റികളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് യൂണിറ്റ് കമ്മിറ്റികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ സൗദിയുടെ വിവിധ മേഖലയില്‍ കൃത്യമായി ഭക്ഷണവും മരുന്നുമടക്കമുള്ള വിതരണം ചെയ്യാന്‍ സാധിച്ചു.
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്നു ലഭിച്ച അനുമതി പത്രവും സൗദിയുടെ കോവിഡ് 19 സന്നദ്ധ സേനയുടെ അംഗം എന്ന നിലയിലും ജിദ്ദ പട്ടണത്തിന്റെ കാരുണ്യ മേഖലയില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ നവോദയക്കായി. നാട്ടിലേക്കു പോകാന്‍ കഴിയാതിരുന്ന നൂറുകണക്കിനു പേര്‍ക്ക് കോണ്‍സുലേറ്റുമായി സഹകരിച്ച് വന്ദേഭാരത് മിഷന് പ്രകാരം കുറഞ്ഞ നിരക്കില്‍ യാത്രാ സൗകര്യം ഏര്പ്പെടുത്തിക്കൊടുക്കുന്നതിനും നവോദയക്കു കഴിഞ്ഞു.