GKPA ഖത്തർ ചാപ്റ്ററിന് അഭിമാനകരം.
GKPA ഖത്തർ ചാപ്റ്റർ വൈസ് പ്രസിഡന്റ് സിജോയും GKPA അംഗവും സഹോദരനും കൂടിയായ ജോൺസിയും കൂട്ടുകാരായ ടൈറ്റസും ഫാസിലുമാണ് അതി സാഹസികമായി മൂന്ന് ജീവനുകളെ ആഴക്കടലിൽ നിന്നും രക്ഷപ്പെടുത്തിയത്.
ദോഹ: വക്‌റയില്‍ ബോട്ട് മുങ്ങി കടലില്‍ കുടുങ്ങിയ മൂന്ന് പേരെ മറ്റൊരു ബോട്ടിലെത്തിയ മലയാളികള്‍ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ വക്‌റയില്‍ നിന്ന് 12 കിലോമീറ്റര്‍ കടലിന് ഉള്ളിലോട്ടായാണ് സംഭവം.
രാവിലെ ജാങ്കോ എന്ന സ്വകാര്യ ബോട്ടില്‍ ഉല്ലാസത്തിന് മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ചെങ്ങന്നൂര്‍ സ്വദേശി സിജോ, സഹോദരന്‍ ജോണ്‍സി, ടൈറ്റസ്, കോഴിക്കോട് സ്വദേശി ഫാസില്‍ എന്നിവര്‍. അപ്പോഴാണ് ദൂരെ കടലില്‍ എന്തോ പൊങ്ങിക്കിടക്കുന്നതായി കണ്ടത്. അടുത്ത് ചെന്നപ്പോഴാണ് ലൈഫ് ജാക്കറ്റുകളിട്ട മൂന്ന് പേര്‍ വെള്ളത്തില്‍ കിടക്കുന്നതായി കണ്ടത്. തൊട്ടടുത്ത് ഇവരുടെ ബോട്ട് തകര്‍ന്ന് പൂര്‍ണമായും മുങ്ങിക്കിടപ്പുണ്ടായിരുന്നു. ബോട്ടിന്റെ പെട്രോള്‍ ടാങ്കിലും മറ്റും പിടിച്ചാണ് ഇവര്‍ കിടന്നിരുന്നത്.
മീന്‍പിടിത്തത്തിന് ഇറങ്ങിയ രണ്ട് ഈജിപ്തുകാരും ഒരു ജോര്‍ദാന്‍കാരനുമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്ക് കയര്‍ എറിഞ്ഞ് കൊടുത്ത് ബോട്ടിലേക്ക് വലിച്ചുകയറ്റുകയായിരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്ന സിജോ ഗള്‍ഫ് മലയാളിയോട് പറഞ്ഞു. തുടര്‍ന്ന് 999 എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വിവരമറിയിച്ചു. അവര്‍ കോസ്റ്റ്ഗാര്‍ഡുമായി ബന്ധപ്പെടുകയും സംഭവസ്ഥലത്ത് കുതിച്ചെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
അപകടം നടന്ന 20 മിനിറ്റിന് ശേഷമാണ് തങ്ങള്‍ സ്ഥലത്തെത്തിയതെന്ന് സിജോ പറഞ്ഞു. അപകടത്തില്‍പ്പെട്ടവര്‍ വിസിലടിച്ച് ശബ്ദമുണ്ടാക്കിയിരുന്നെങ്കിലും പരിസരത്തൊന്നും വേറെ ആരും ഉണ്ടായിരുന്നില്ല. അവിചാരിതമായി തങ്ങള്‍ അവിടെ എത്തിയതു മൂലമാണ് മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനായതെന്ന് സിജോ കൂട്ടിച്ചേർത്തു.