റിപ്പോർട്ട്: വിവേക് പഞ്ചമൻ
റിയാദ്- സൗദിയില്‍ പൊതുപരിപാടികള്‍ വിലക്കിയ സാഹചര്യത്തില്‍ കര്‍ശന പരിശോധനക്ക് നിര്‍ദേശം നല്‍കി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണ നടപടികള്‍ ഇന്ന് രാത്രി പത്ത് മുതലാണ് പ്രാബല്യത്തില്‍ വരിക.
വിവിധ മന്ത്രാലയ പ്രതിനിധികള്‍ നിയമലംഘനം പരിശോധിക്കാന്‍ രംഗത്തുണ്ടാകും. ഖബറടക്ക ചടങ്ങുകളിലും മറ്റും എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. റെസ്‌റ്റോറന്റുകളിലും കോഫീ ഷോപ്പുകളിലും ക്യമറ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ബലദിയ വിഭാഗം നിരീക്ഷിക്കും. പരിശോധനക്കെത്തുമ്പോള്‍ ക്യാമറ നോക്കിയാണ് നിയമലംഘനം കണക്കാക്കുക..കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഏതു സമയത്തും നിയന്ത്രണങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.
മിക്ക നിയന്ത്രണങ്ങളും നീങ്ങി സാധാരണ പോലെ ആയതിനുശേഷം ഒരിടവേളക്കുശേഷമാണ് സൗദി അറേബ്യയില്‍ വിനോദ മേളകളടക്കം എല്ലാ പൊതുപരിപാടികളും നിര്‍ത്തിവെക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കമ്പനികളുടെ യോഗങ്ങളോ വിവാഹ, അനുശോചന പരിപാടികളോ അനുവദിക്കില്ല. സിനിമ ശാലകളും വിനോദ കേന്ദ്രങ്ങളും അടക്കണം. മറ്റ് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകളുമായി തീരുമാനിച്ച് നടപ്പിലാക്കും. ഹോട്ടലുകളിലും ഇസ്തിറാഹകളിലും ടെന്റുകളിലും മറ്റുമുള്ള എല്ലാ ചടങ്ങുകളും ഒരു മാസത്തേക്കാണ് നീട്ടിവെക്കാന്‍ നിര്‍ദേശമുള്ളത്. ആവശ്യമെങ്കില്‍ നിരോധന കാലാവധി നീട്ടും. അത്യാവശ്യ ചടങ്ങുകളില്‍ അടുത്ത പത്ത് ദിവസത്തേക്ക് 20 പേരിലധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല.