(വാർത്ത: സന്തോഷ് ശ്രീധർ, സൗദി)
ദമ്മാം : തൊഴലാളികൾക്ക് ഓവർ ടൈം ആനുകൂല്യം നൽകുന്നത് നിർബന്ധമാക്കി സൗദി തൊഴിൽ നിയമത്തിൽ വ്യവസ്ഥ ചെയ്തു.
സ്വകാര്യ മേഖലയിലെ പല കമ്പനികളും അധിക ജോലിക്ക് കൂലി നൽകുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സൗദി മാനവ വിഭവശേഷി സാമൂഹ്യ വികസനകാര്യ മന്ത്രാലയം തൊഴിൽ നിയമത്തിൽ നിർബന്ധ വ്യവസ്ഥ കൂട്ടിച്ചേർത്തത്.
ഓവർടൈം ആനുകൂല്യം അടിസ്ഥാന വേതനത്തിന്റെ 150 ശതമാനം അധികം ആയിരിക്കണം എന്നും തൊഴിൽ നിയമത്തിൽ പറയുന്നു.
എന്നാൽ അധിക ജോലിക്ക് അധിക കൂലി നൽകുന്നതിന് പകരം വേതനത്തോടു കൂടിയുള്ള അവധി ആകാം എന്നും ഇത് തൊഴിലാളിയുടെ സമ്മതത്തോടെ ആയിരിക്കണം എന്നും തൊഴിൽ നിയമം അനുശാസിക്കുന്നു.
ഇത്തരം അവധികൾ തൊഴിലാളി പ്രയോജനപെടുത്തുന്നതിന് മുമ്പായി ഏതെങ്കിലും കരണത്താൽ തൊഴിൽ കരാർ അവസാനിക്കുന്ന പക്ഷം ഓവർടൈം ആനുകൂല്യങ്ങൾ പണമായി നൽകണം എന്നും മന്ത്രാലയം പുറത്തു വിട്ട തൊഴിൽ നിയമത്തെ സംബന്ധിച്ച് വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഔദ്യോഗിക അവധി ദിവസങ്ങളിലും പെരുന്നാൾ അവധി ദിവസങ്ങളിലും ഉള്ള ജോലികൾ ഓവർടൈം ജോലികൾ ആയി കണക്കാക്കുമെന്നും കുറിപ്പിൽ പറയുന്നു.
സ്വകാര്യ മേഖലയിൽ കൂടി ദ്വിദിന അവധി നടപ്പാക്കുന്നതിനെ കുറിച്ച് മന്ത്രാലയം ആലോചിച്ചു വരുകയാണെന്നും അതിനെ സംബന്ധിച്ച് ഉള്ള അഭിപ്രായ രൂപീകരണത്തിനായി തൊഴിലാളികളുടെയും സ്വകാര്യ മേഖലയുടെയും നിർദ്ദേശങ്ങൾ ക്ഷെണിച്ചു തുടങ്ങിയതായും മാനവ ശേഷി സാമൂഹ്യ വികസനകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.
ജോലി സമയം ദിവസം 8 മണിക്കൂറും ആഴ്ചയിൽ 40 മണിക്കൂറും ആയിരിക്കണം എന്നും റമദാൻ കാലത്ത് മുസ്ലിം തൊഴിലാളികളുടേത് ദിവസം 6 മണിക്കൂറും ആഴ്ചയിൽ 30 മണിക്കൂറും ആയിരിക്കണം എന്നും മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ സ്വകാര്യ മേഖലയിലെ തൊഴിൽ സമയം ദിവസത്തിൽ 8 മണിക്കൂറും ആഴ്ചയിലേത് 48 മണിക്കൂറോ അതിൽ കൂടുതലോ ആണ്. റമദാനിൽ മുസ്ലിം തൊഴിലാളിയുടെ നിലവിലെ ജോലി സമയം ദിവസത്തിൽ 6 മണിക്കൂറും ആഴ്ചയിൽ 36 മണിക്കൂറും ആണ്.