റിപ്പോർട്ട്: സന്തോഷ് ശ്രീധർ, സൗദി
ദമ്മാം : സൗദിയിൽ തൊഴിൽ ചെയ്യുന്ന വിദേശികളുടെ തിരിച്ചറിയൽ രേഖ ആയ ഇഖാമ ഇനി മുതൽ മൂന്ന് മാസത്തേക്കും എടുക്കാം.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ചേർന്ന പ്രത്യേക മന്ത്രി സഭാ യോഗത്തിൽ ആണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.ഇത് സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് വലിയൊരു ആശ്വാസം ആണ്.
നിലവിൽ ഒരുവർഷ കാലയളവിലേക്കാണ് ഇഖാമ നൽകി വന്നിരുന്നത്. തൊഴിലുടമയെ സംബന്ധിച്ചിടത്തോളം വലിയൊരു തുകയാണ് ഇതിലേക്കായി ചെലവിനത്തിൽ മാറ്റേണ്ടിയിരുന്നത്.
ഇഖാമ ഫീസ്, ലെവി, മെഡിക്കൽ ഇൻഷുറൻസ് എന്നിവക്കെല്ലാം കൂടി 12000 റിയാൽ ഒരു തൊഴിലാളിക്ക് ചെലവ് ചെയ്യേണ്ടത് ഉണ്ടായിരുന്നു.
പുതിയ പ്രഖ്യാപനത്തോടെ ഇനി മുതൽ മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ആയി നിജപ്പെടുത്തി അടച്ചാൽ മതിയാകും. ഭാരിച്ച തുക ഒന്നിച്ച് അടക്കുന്നതിൽ നിന്നും മോചിതമാകാം.
ചെറുകിട കമ്പനികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും അവരുടെ തൊഴിലാളികളെ മൂന്നു മാസ വിസയിലോ ആറ് മാസ വിസയിലോ കൊണ്ട് വന്നാലും ആ കാലയളവിലേക്ക് മാത്രം ഇഖാമ എടുക്കാൻ കഴിയും.
ഗാർഹിക ജോലിക്കുള്ള (ഡ്രൈവർ, മറ്റ് ഇതര തൊഴിലാളികൾ ) വിസയിൽ എത്തുന്നവർക്ക് ഇത് ബാധകം അല്ല. അവർക്ക് വാണിജ്യ, വ്യവസായ മേഖല യിൽ ജോലി ചെയ്യുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ലെവി ഇല്ല എന്നതാണ് കാരണം.
ലെവി ഏർപ്പെടുത്തിയതും ഇഖാമ ഫീസും കാരണം നിരവധി തൊഴിലാളികൾ ആണ് കഴിഞ്ഞ വർഷങ്ങളിൽ സൗദി വിട്ടു പോയത്.