സന്തോഷ് ശ്രീധർ, സൗദി
ദമ്മാം : അന്താരാഷ്ട്ര വിമാനങ്ങൾbക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് മാർച്ച് 31ന് പൂർണ്ണമായും പിൻവലിക്കുമെന്ന് സൗദി.
മാർച്ച് 31ന് ശേഷം എല്ലാ അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കും സൗദിയിലേക്ക് സർവ്വീസുകൾ നടത്താം എന്ന് സൗദി ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.
കൊറോണ വ്യാപനം സൗദിയിൽ കുറവായതും അന്താരാഷ്ട്ര തലത്തിൽ രോഗ വ്യാപനം കുറഞ്ഞു വരുന്നതും കണക്കിലെടുത്താണ് വിമാന സർവ്വീസിന് ഉള്ള വിലക്ക് നീക്കുന്നത്. മാർച്ചോടെ കൊറോണ വ്യാപനം ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.
നിലവിൽ ജനിതക മാറ്റം വന്ന കൊറോണ വ്യാപന രാജ്യങ്ങളിൽ നിന്നും ഉള്ള വിമാന സർവ്വീസുകൾക്ക് വിലക്ക് തുടരുകയാണ്. എന്നാൽ സൗദി സ്വദേശികൾക്ക് പുറം രാജ്യങ്ങളിലേക്ക് പോയ് വരുന്നതിന് തടസ്സം ഇല്ലന്ന് പത്രകുറിപ്പ് വ്യക്തമാക്കുന്നു.
ഇപ്പോൾ സൗദിയിൽ നിന്നും ചാർട്ടേഡ് വിമാനങ്ങൾ മാത്രമാണ് പുറത്തേക്ക് സർവ്വീസ് നടത്തുന്നത്. എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്നും ഉള്ള യാത്രികർക്ക് നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാൻ അനുവാദം ഇല്ല.
യൂ. എ. ഇ, മസ്കറ്റ് എന്നിവിടങ്ങളിൽ തങ്ങി 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞതിന് ശേഷം കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ സൗദിയിലേക്ക് പ്രവേശനം ഉള്ളു.
ഇന്ത്യയിൽ നിന്നുള്ള യാത്രികരിൽ നിന്നും 88000മുതൽ ഒരു ലക്ഷം രൂപ വരെ വസൂലാക്കിയാണ് ട്രാവൽ ഏജൻസികൾ ദുബായ് വഴിയും മസ്കറ്റ് വഴിയും യാത്രക്കാരെ സൗദിയിൽ എത്തിക്കുന്നത്.