17.1 C
New York
Thursday, August 18, 2022
Home Nattu Vartha കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം

കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം

കൃഷിക്കും സ്വത്തിനും ജീവനും ഭീഷണിയായ കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി ജൂലൈ പതിനഞ്ചിന് മുന്‍പ് എല്ലാ പഞ്ചായത്തുകളിലും ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിനിധികളെ കൂടാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങിയവരും ജനജാഗ്രതാ സമിതിയിലുണ്ടാകും. ഓരോ പഞ്ചായത്തിലേയും തോക്ക് ലൈസന്‍സുള്ളവരുടെ കണക്ക് അതത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ശേഖരിച്ച് അതിന്റെ ഒരു പട്ടിക തയാറാക്കി അവരുടെ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കണം. അവര്‍ക്ക് ആവശ്യമായ പരിശീലനവും മോണിറ്ററിംഗും നല്‍കാനും ജനജാഗ്രതാസമിതിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കാട്ടുപന്നികളില്‍ നിന്നും കൃഷിയിടങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിരോധവേലി നിര്‍മാണ പദ്ധതി ജില്ലാ പ്ലാനിന്റെ ഭാഗമായി ഈ വര്‍ഷം ഏറ്റെടുത്ത് നടപ്പാക്കേണ്ടതുണ്ട്. കൃഷിയിടങ്ങള്‍ക്ക് ചുറ്റും തൂണുകള്‍ ഉറപ്പിച്ച് അതില്‍ ചെയിന്‍ ലിങ്ക്‌സ് കമ്പിവേലി സ്ഥാപിക്കണം. ഒന്നരമീറ്റര്‍ ഉയരത്തിലാണ് തൂണുകള്‍ സ്ഥാപിക്കേണ്ടത്. കൃഷി വകുപ്പ് എന്‍ജിനീയര്‍ തയാറാക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലുള്ള പ്രോജക്ടിനാണ് സര്‍ക്കാരിന്റെ പ്രത്യേക അനുമതി ലഭിച്ചിട്ടുള്ളത്. കര്‍ഷകര്‍ നേരിട്ട് നിര്‍മിക്കുന്ന സംരക്ഷണ വേലി പഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്റ്റിമേറ്റിലെ യൂണിറ്റ് കോസ്റ്റിന്റെ അടിസ്ഥാനത്തില്‍ അളവെടുത്ത് മൂല്യനിര്‍ണയം നടത്തി ചെലവിന്റെ തുക നിര്‍ണയിക്കും. നിര്‍മാണ ചിലവിന്റെ അമ്പത് ശതമാനമോ അമ്പതിനായിരം രൂപയോ കര്‍ഷകന്റെ അക്കൗണ്ടിലേക്ക് സബ്‌സിഡിയായി ലഭിക്കുന്നതായിരിക്കും. പഞ്ചായത്ത് പ്രസിഡന്റ്, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, വേലി നിര്‍മാണം നടത്തുന്ന പ്രദേശത്തെ ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് അംഗം എന്നിവര്‍ ഉള്‍പ്പെടുന്ന മോണിറ്ററിംഗ് കമ്മറ്റി ഇതിന്റെ മേല്‍നോട്ടം വഹിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കോന്നി സര്‍ക്കിളില്‍ 17 ജനജാഗ്രതാസമിതികളാണ് നിലവിലുള്ളതെന്നും ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് ഇതുവരെ 78 കാട്ടുപന്നികളെ വെടിവച്ചുകൊന്നുവെന്നും ഡിഎഫ്ഒ കെ.എന്‍. ശ്യാം മോഹന്‍ലാല്‍ യോഗത്തില്‍ അറിയിച്ചു. റാന്നി സര്‍ക്കിളില്‍ 21 ജനജാഗ്രതാസമിതികള്‍ രൂപീകരിച്ചുവെന്നും ഇതുവരെ 52 കാട്ടുപന്നികളെ വെടിവെച്ചു കൊന്നുവെന്നും ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ്മ അറിയിച്ചു.

കാട്ടുപന്നിയെ വെടിവച്ച് കൊല്ലുന്ന ഷൂട്ടര്‍മാര്‍ക്ക് പ്രതിഫലം നല്‍കുന്നത് സംബന്ധിച്ച് ഉത്തരവ് ഒന്നും വരാത്ത സാഹചര്യത്തില്‍ 1000 രൂപ വീതം അവര്‍ക്ക് ഹോണറേറിയം നല്‍കണമെന്നും, സാങ്കേതിക വിദഗ്ദ്ധരുടെ സഹായം ഷൂട്ടര്‍മാര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അറിയിക്കാനും യോഗത്തില്‍ തീരുമാനമായി.

ജില്ലാതലത്തില്‍ ഏറ്റെടുക്കേണ്ടതായ സംയുക്ത പദ്ധതികള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ വിശദീകരിച്ചു. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശപ്രകാരം ജില്ലാആസൂത്രണസമിതി ചേരുന്നതിന് ഒരാഴ്ച് മുന്‍പ് പ്രോജക്ടുകള്‍ അതത് തദ്ദേശഭരണസ്ഥാപനങ്ങള്‍ സമര്‍പ്പിക്കണമെന്നും മുന്‍കൂട്ടി കിട്ടാത്ത പ്രോജക്ടുകള്‍ സമിതി അംഗീകാരത്തിനായി പരിഗണിക്കില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കാട്ടുപന്നികളില്‍ ആന്ത്രാക്‌സ് കണ്ടെത്തിയ സാഹചര്യത്തില്‍ ഇവയെ വെടിവച്ചുകൊന്ന് സംസ്‌കരിക്കുമ്പോള്‍ വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ല വര്‍ഷങ്ങളായി നേരിടുന്ന പ്രശ്‌നമാണ് കാട്ടുപന്നിശല്യം. ഈ പ്രശ്‌നപരിഹാരത്തിനായി ജില്ല വലിയ സ്വാധീനമാണ് സര്‍ക്കാര്‍ തലത്തില്‍ ചെലുത്തിയത്. അതുകൊണ്ടു തന്നെ ഉത്തരവ് മികച്ച രീതിയില്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്. കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ തോക്ക് ലൈസന്‍സുള്ളവരുടെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചാല്‍ അതിന് അവര്‍ക്ക് പ്രാപ്തിയുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അതിന് വനംവകുപ്പിന്റെ സഹകരണത്തോടെയുള്ള പരിശീലനം ആവശ്യമാണ്. പഞ്ചായത്ത് പരിധിയില്‍ തോക്ക് ലൈസന്‍സുള്ള ആരുമില്ലെങ്കില്‍ അടുത്ത പഞ്ചായത്തിലെ ആളുകളുടെ സഹായം ഡിസ്ട്രിക്ട് ലെവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി വഴി തേടാമെന്നും കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതിനുള്ള മാര്‍ഗനിര്‍ദേശം വിദഗ്ദ്ധരുടെ സഹായത്തോടെ ഡിസ്ട്രിക്ട് ലെവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി വഴി ലഭ്യമാക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വം നേടിയെടുക്കാന്‍ വേണ്ടിയുള്ള സമഗ്രമായ പദ്ധതിയായ നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല പദ്ധതിക്കായി ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങളും തങ്ങളുടെ ഫണ്ട് വകയിരുത്തി പ്രോജക്ട് വയ്ക്കണം. ഗാര്‍ഹിക സോക്പിറ്റുകള്‍ ഇല്ലാത്ത വീടുകളില്‍ അത് നിര്‍മിക്കണം, ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം, സേനാംഗങ്ങള്‍ക്ക് യൂസര്‍ഫീ നല്‍കണം, എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഖരമാലിന്യ ശേഖരണത്തിന് എംസിഎഫ്, മിനി എംസിഎഫ്, ആര്‍.ആര്‍.എഫ് എന്നിവ സ്ഥാപിക്കുന്നതിന് പ്രോജക്ട് നടപ്പാക്കണം.

കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാനും വൈവിദ്ധ്യവല്‍ക്കരണത്തിനുമുള്ള പ്രോജക്ടുകള്‍ തയാറാക്കണം, കരിമ്പുകൃഷി പുനരുജ്ജീവനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കരിമ്പ് കൃഷി വ്യാപകമായി ആരംഭിക്കും. മാത്രമല്ല, ക്ഷീര കര്‍ഷകരില്‍ നിന്നും ചാണകം സംഭരിച്ച് പൊതുഇടങ്ങളില്‍ എത്തിച്ച് സമ്പുഷ്ടീകരിച്ച് പാക്കറ്റിലാക്കി വില്‍പന നടത്താനുള്ള പ്രോജക്ടും സംയുക്ത പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ബണ്‍ സന്തുലിത പത്തനംതിട്ട ജില്ല എന്ന പേരില്‍ ഫലവൃക്ഷതൈകള്‍, തണല്‍മരങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവ നട്ടുപിടിപ്പിക്കുന്ന പ്രോജക്ടും ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: