കോട്ടയ്ക്കൽ. കൃഷിഭവൻ രണ്ടര വർഷമായി പ്രവർത്തിക്കുന്നത് പഴകിയ കെട്ടിടത്തിൽ. സിഎച്ച് ഓഡിറ്റോറിയത്തിനോടു ചേർന്ന് നഗരസഭയുടെ കൈവശമുള്ള കെട്ടിടത്തിന്റെ (പഴയ സാംസ്കാരിക നിലയം) മേൽക്കൂര അടർന്നു വീഴാറായ അവസ്ഥയിലാണ്.
ടൗണിൽ ടാക്സി സ്റ്റാൻഡിനു മുകളിലെ നഗരസഭാ കെട്ടിടത്തിലായിരുന്നു നേരത്തേ പ്രവർത്തിച്ചിരുന്നത്. ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി കെട്ടിടം പൊളിച്ചതോടെയാണ് വഴിയാധാരമായത്. പുതിയ കെട്ടിടത്തിലേക്കു ഉടൻ മാറാമെന്ന കണക്കൂകൂട്ടലിലാണ് നിലവിലുള്ള കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്. പുതിയ കെട്ടിടം ഇതുവരെ കണ്ടെത്താനായില്ല. കൃഷിഭവന്റെ ഇക്കോ ഷോപ്പും ഇവിടെ തന്നെയാണ് പ്രവർത്തിക്കുന്നത്. ഫയലുകൾ സൂക്ഷിക്കാനും മറ്റും ജീവനക്കാർ ഏറെ പ്രയാസപ്പെടുന്നുണ്ട്.
കൃഷിഭവനുവേണ്ടി കോട്ടൂരിൽ വാടകക്കെട്ടിടം കണ്ടെത്തിയിട്ടുണ്ടെന്നും ഉടൻ മാറാനാകുമെന്നാണ് പ്രതീക്ഷയെന്നും നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ പറഞ്ഞു.