കോട്ടയ്ക്കൽ. ചരിത്രമുറങ്ങുന്ന ശിലാശാസനകളുടെ മാതൃക ഇന്ത്യനൂർ ഗണപതി ക്ഷേത്രത്തി |ൽ ഒരുക്കുന്ന ജോലി പൂർത്തിയായി. പൊതുജനങ്ങൾക്കു കാണാനാവുന്ന വിധം ക്ഷേത്രത്തിനുപുറത്ത് കിഴക്കേ നടയിൽ തയാറാക്കിയ ശിലാഫലകത്തിലാണ് ശാസനകൾ സ്ഥാപിക്കുന്നത്. കോട്ടയ്ക്കൽ കിഴക്കേ കോവിലകം ട്രസ്റ്റും ക്ഷേത്ര സംരക്ഷണ സമിതിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരു വർഷം മുൻപാണ് പണികൾ തുടങ്ങിയത്.
1968ൽ ചരിത്രകാരൻ ഡോ.എം.ജി.എസ്. നാരായണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യനൂർ ക്ഷേത്രത്തിൽ നിന്നു ശിലാശാസനകളും വിഗ്രഹങ്ങളും കണ്ടെടുത്തിരുന്നു. പിന്നീട് കാലിക്കറ്റ് സർവകലാശാലയുടെ ഭാഗമായി മാറിയ വട്ടെഴുത്തിലുള്ള ശാസനകൾ തിരിച്ചുകിട്ടാൻ പ്രയാസമായതിനാലാണ് അതേ മാതൃകയിൽ ഗ്രാനൈറ്റിൽ കൊത്തി പരിഭാഷ സഹിതം പ്രദർശിപ്പിക്കുന്നത്.
എഡി ഒൻപതാം ശതകത്തിന്റെ പകുതിയിൽ കേരളം ഭരിച്ചിരുന്ന ഇന്ദുകോത വർമ എന്ന ചേരരാജാവിന്റെ കാലത്താണ് ശാസനം തയാറാക്കിയത്. ഇന്ദുകോതനിൽ നിന്നാണ് “ഇന്ത്യനൂർ” എന്ന സ്ഥലപ്പേര് ഉണ്ടായതെന്നാണ് പറയുന്നത്.
നാളെ 9 ന് കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് മാനേജർ കെ.സി.ദിലീപ് രാജ അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ പിന്നണി പ്രവർത്തകരെ അനുമോദിക്കും.