കോട്ടയ്ക്കൽ. ആഗോള തലത്തിൽ തന്നെ ദേശാടന പക്ഷികളുടെ എണ്ണത്തിൽ വലിയ കുറവ് വന്നതായി വിദഗ്ധ പഠനം. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് കുറവിന്റെ തോത് കൂടുതലാണെന്നും കണക്കുകൾ പറയുന്നു.
വിദേശ സർവകലാശാലകളിലെ വിദഗ്ധർ അടക്കമുള ഒരുകൂട്ടം ഗവേഷകരാണ് പഠനം നടത്തിയത്.
സെൻട്രൽ ഏഷ്യൻ ഫ്ളൈവേയ്‌ക്ക് (സിഎഎഫ്) അകത്ത് ഇന്ത്യൻ തീരങ്ങളിൽ പതിവായി ശിശിരകാലം ആസ്വദിക്കാൻ എത്തുന്ന പക്ഷികളിൽ ഭൂരിഭാഗവും ഗുരുതരമായ ജനസംഖ്യാ തകർച്ചയ്ക്ക് വിധേയമായികൊണ്ടിരിക്കുന്നുണ്ട്. എന്നിരുന്നാലും, ഈ പ്രദേശങ്ങളിലെ തീരപക്ഷികളുടെ ജനസംഖ്യ കുറയുന്നതിനുള്ള കാരണങ്ങൾ വലിയരീതിയിൽ മനസ്സിലാക്കപ്പെട്ടിട്ടില്ല. ലഭ്യമായ പഠനങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യൻ തീരങ്ങളിലെ ദേശാടനപ്പക്ഷികളുടെ വൈവിധ്യം, സമൃദ്ധി, ജനസംഖ്യാ ചലനാത്മകത, വിതരണ രീതി എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിൽ കിഴക്കൻ തീരത്തെ അപേക്ഷിച്ച് പടിഞ്ഞാറൻ തീരം താരതമ്യേന കുറഞ്ഞ രീതിയിൽ മാത്രമേ പഠനത്തിന് വിധേയമാക്കപ്പെട്ടിട്ടുള്ളൂ. ദേശാടനപ്പക്ഷികളുടെ വൈവിധ്യവും ജീവിതക്രമവും രണ്ടു തീരങ്ങളിലും വ്യത്യസ്ത പ്രവണതകൾ പിന്തുടരുന്നതായും മനസ്സിലാക്കാൻ സാധിച്ചു. ഈ വ്യതിയാനങ്ങൾ അതത് തീരങ്ങളിലെ ഭൂപ്രകൃതിയിലെ വ്യത്യാസങ്ങൾക്കും തീരങ്ങൾ തമ്മിലുള്ള ജൈവികവും അജൈവികവുമായ ഘടകങ്ങൾക്കും അനുസൃതമാണ്. മനുഷ്യന്റെ കൈകടത്തലുകൾ തീരപ്പക്ഷികളുടെ നിലനിൽപിലും ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്നുണ്ട്. പടിഞ്ഞാറൻ തീരം എല്ലാ തരത്തിലും കിഴക്കൻ തീരത്തേക്കാൾ കൂടുതൽ ഉൽപാദനക്ഷമതയുള്ളതാണ് എന്നത് പ്രകടമാണ്. അതിനാൽ പടിഞ്ഞാറൻ തീരം ദേശാടനപ്പക്ഷികളുടെ കൂടുതൽ സമൃദ്ധിക്കും വൈവിധ്യത്തിനും കാരണമാകുമെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാൽ, വിരോധാഭാസമെന്ന വണ്ണം പടിഞ്ഞാറൻ തീരത്തേക്കാൾ കിഴക്കൻ തീരം ഇത്തരം പക്ഷികളുടെ വലിയ സമൃദ്ധിയെയും വൈവിധ്യത്തെയും പിന്തുണയ്ക്കുന്നതായാണ് നിലവിലെ പഠനങ്ങളിൽ ഗവേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞത്. അതിനാൽ, പടിഞ്ഞാറൻ തീരത്തെ പക്ഷികളുടെ എണ്ണക്കുറവ്
കൂടുതൽ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും വിധേയമാക്കേണ്ടതുണ്ടെന്നു കൂടി ഗവേഷകർ പറയുന്നു. പക്ഷികളുടെ പടിഞ്ഞാറൻ തീരത്തെ പ്രധാന ഇടത്താവളമായ കടലുണ്ടിയിൽ ഇവയുടെ വരവ് ഗണ്യമായി കുറഞ്ഞതായും പഠനം വ്യക്തമാക്കുന്നു. ഇവിടെ 2010ൽ പന്ത്രണ്ടായിരത്തിലധികം പക്ഷികൾ എത്തിയപ്പോൾ 2021ൽ
കേവലം രണ്ടായിരമായി കുറഞ്ഞു.
പൊൻമണൽക്കോഴി,
മംഗോളിയൻ മണൽക്കോഴി,
വലിയ മണൽക്കോഴി,
ചെറുമണൽക്കോഴി,
കുരുവി മണലൂതി,
ടെറക് മണലൂതി തുടങ്ങിയ 32 ഇനം പക്ഷികളിൽ എണ്ണത്തിൽ കുറവു സംഭവിച്ചതായാണ് കണ്ടെത്തൽ. കഴിഞ്ഞ 10 വർഷക്കാലത്തെ അടിസ്ഥാന വിവരങ്ങൾ പ്രയോജനപ്പെടുത്തിയായിരുന്നു പഠനം. സൗദി അറേബ്യയിലെ
കിങ്ങ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസിലെ ഡോ.കെ.എം.ആരിഫിന്റെ നേതൃത്തിലുള്ള സംഘത്തിൻ എ.പി. റാഷിബ (ഫാറൂഖ് കോളജ് ),
കെ.ജിഷ്ണു (എംഇഎസ്, പൊന്നാനി), എച്ച്. ബൈജു (അണ്ണാമലൈ സർവകലാശാല), സി.ടി. ഷിഫ( മടപ്പള്ളി കോളജ്) , ജാസ്മിൻ ആനന്ദ് (ടികെഎംഎം കോളജ്, നങ്ങ്യാർകുളങ്ങര) , കെ.വിചിത്ര (എംഇഎസ് കോളജ്, വളാഞ്ചേരി), യാഞ്ഞിഷു (യൂണിവേഴ്സിറ്റി ഓഫ് ഹെൽസിങ്കി, ഫിൻലൻഡ് ),അയ്‌മൻ നെഫ്‌ല, (യൂണിവേഴ്സിറ്റി ഒഫ് ട്യൂണീസ്, ട്യൂണീഷ്യ), സാബിർ ബിൻ മുസഫർ (യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി, യുഎ ഇ), കെ.എ.റുബീന
(എംഇഎസ് കോളജ് ആലുവ) എന്നിവരടങ്ങുന്നതാണ് ഗവേഷണ സംഘം.