കോട്ടയ്ക്കൽ. ചങ്കുവെട്ടിയിലും ടൗണിലും ശുചിമുറി ഇല്ലാത്തതിനാൽ യാത്രക്കാർ ദുരിതത്തിൽ. ഹോട്ടലുകളെയും മറ്റും ആശ്രയിക്കേണ്ട ദുരവസ്ഥയിലാണ് സ്ത്രീകളും വയോധികരും അടക്കമുള്ള യാത്രക്കാർ.
4 വർഷം മുൻപ് ബസ് സ്റ്റാൻഡ് നവീകരണത്തിനായി അടച്ചതോടെയാണ് ശുചിമുറി സൗകര്യം ഇല്ലാതായത്. മാർക്കറ്റിനകത്ത് നഗരസഭ വർഷങ്ങൾക്കുമുൻപ് നിർമിച്ച ശുചിമുറിയാകട്ടെ ഇതുവരെ തുറന്നിട്ടുമില്ല. കഴിഞ്ഞദിവസം ടൗണിലെത്തിയ യാത്രക്കാരി ഏറെനേരം ശുചിമുറി തേടി നടന്നശേഷം ഓട്ടോറിക്ഷ വിളിച്ചു മറ്റൊരിടത്തേക്കു പോവുകയായിരുന്നു.
ദേശീയപാതയിലെ ചങ്കുവെട്ടി ജംക്ഷനിൽ ഷീ ടോയ്ലറ്റ് നിർമിക്കുമെന്ന് നഗരസഭാധികൃതർ വർഷങ്ങൾക്കുമുൻപ് പ്രഖ്യാപിച്ചതാണ്. ഇതുസംബന്ധിച്ച വിദഗ്ധ പരിശോധന നടന്നതല്ലാതെ തുടർനടപടിയുണ്ടായില്ല. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലേക്കും മറ്റുമായി നൂറുകണക്കിന് ആളുകളാണ് ദിനേന ഇവിടെയെത്തുന്നത്