കോട്ടയ്ക്കൽ. നായാടിപ്പാറയിലെ നിർധന കുടുംബത്തിനായി സിപിഎം ഒരുക്കുന്ന “സ്നേഹവീടി”ന്റെ നിർമാണം ഇന്നു തുടങ്ങും. വാടക ക്വാർട്ടേഴ്സിൽ കഴിയുന്ന പൂഴിത്തറ പ്രഭാകരൻ, ഭാര്യ പുഷ്പ, മക്കളായ മിഥുൻ, പ്രവീൺ എന്നിവരടങ്ങുന്ന കുടുംബത്തിനാണ് കോട്ടപ്പടി ബ്രാഞ്ച് കമ്മിറ്റി പാണ്ഡമംഗലത്ത് വീടൊരുക്കുന്നത്.
രോഗിയായ പ്രഭാകരന് ജോലി ചെയ്യാൻ കഴിയുന്നില്ല. പുഷ്പ ക്ഷേത്രത്തിൽ താൽക്കാലിക ജീവനക്കാരിയാണ്. ഭിന്നശേഷിക്കാരിയായ മിഥുനും (27) പ്രവീണും (24) മനോവികാസ് സ്കൂൾ വിദ്യാർഥികളാണ്. അപകടത്തെത്തുടർന്ന് പ്രവീണിന്റെ വലതുകാൽ മുട്ടിനു താഴെ മുറിച്ചു മാറ്റിയിരിക്കുകയാണ്.
കുടുംബത്തിന്റെ പേരിലുള്ള 5 സെന്റ് സ്ഥലത്താണ് നിർമാണം. യു.തിലകൻ, എൻ. പുഷ്പരാജൻ, ടി.പി. ഷമീം, കെ.പത്മനാഭൻ, ടി.കബീർ, യു.രാഗിണി, എൻ.പി.സുർജിത് പി.വി.മധു, ഹരിദാസ് കള്ളിയിൽ, പി.സുരേഷ് കുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് വീടൊരുങ്ങുക. 6 മാസത്തിനകം പണി പൂർത്തീകരിക്കാനാണ് തീരുമാനം. ഇന്നു വൈകിട്ട് മൂന്നിന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ്കുട്ടി വീടിന്റെ കുറ്റിയടിക്കൽ കർമം നിർവഹിക്കും.