കാടാമ്പുഴ: മരവട്ടം ഗ്രെയ്സ് വാലി ആർട്സ് ആന്റ് സയൻസ് കോളേജ് എൻ.എസ്. എസ്. യൂണിറ്റ് , കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് സംഘടിപ്പിച്ച നാളേക്കൊരു കതിർ, നടീൽ ഉത്സവം അക്ഷരാർത്ഥത്തിൽ നാടിന്റെ ഉത്സവമായി. മരവട്ടം പാടശേഖരത്തിൽ നടന്ന ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.
“ബ്ലാക്ക് റൈസ് ” ഇനത്തിൽ പെട്ട അപൂർവ്വയിനം ഞാറു നട്ടായിരുന്നു ഉദ്ഘാടനം . കേരളത്തിൽ നെൽകൃഷി അന്യം നിന്നു പോകുന്ന ഘട്ടത്തിൽ പുതിയ തലമുറയെ കാർഷിക മേഖലയോട് അടുപ്പിക്കുവാൻ ഇത്തരം പരിപാടികൾ പ്രചോദനമാകുമെന്ന് ബഷീർ രണ്ടത്താണി പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഞാറു നടുന്നതിന് നിലമൊരുക്കുന്നതിനും മറ്റും സഹായിച്ച കർഷകൻ സലാം ഹാജിയെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
മാറാക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ.പി. കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ എ.പി. ജാഫറലി, വാർഡു മെമ്പർ ടി.വി.റാബിയ, ഗ്രെയ്സ് വാലി കോളേജ് മാനേജർ ഫൈസൽ വാഫി കാടാമ്പുഴ, പ്രിൻസിപ്പൽ ഡോ. സി.പി. അയ്യൂബ് കേയി, കുഞ്ഞാപ്പ ഹാജി, അഹമ്മദ് മാസ്റ്റർ,മൊയ്തീൻ ഷാ കെ.കെ റജീൽ, റമീസ് .ഫെബിൻ ഷാദില്‍.അഖിൽ അൻസാരി .ഷഫീഖ് കോട്ടക്കൽ .കെ.പി.അഫീഫ് പുവ്വൻ ചിന, തുടങ്ങിയവർ ആശംസകളർപ്പിച്ചു.