കോട്ടയ്ക്കൽ:ലണ്ടനിൽ നിന്നു മലപ്പുറത്തേക്കു അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന കാർ യാത്ര ഇന്നലെ പ്രയാണം തുടങ്ങി. മൊയ്തീൻ കോട്ടയ്ക്കൽ, സുബൈർ കാടാമ്പുഴ, മുസ്തഫ കരേക്കാട്, ഹുസൈൻ കുറ്റിപ്പാല, ഷാഫി കുറ്റിപ്പാല എന്നിവരാണ് സംഘത്തിലുള്ളത്. 13 രാജ്യങ്ങളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും താണ്ടി യാത്ര 2 മാസത്തിനുശേഷം കോട്ടയ്ക്കൽ ആര്യവൈദ്യശാല കൈലാസമന്ദിരത്തിൽ അവസാനിക്കും.
മൊയ്തീൻ കോട്ടയ്ക്കൽ യുകെയിലാണ് ജോലി ചെയ്യുന്നത്. മറ്റുള്ളവർ ഗൾഫ് രാജ്യങ്ങളിലും. ലണ്ടനിൽ നിന്നു പടിഞ്ഞാറൻ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ താണ്ടി തുർക്കി, ഇറാൻ, പാക്കിസ്ഥാൻ വഴി വാഗ അതിർത്തിയിലൂടെ ഇന്ത്യയിൽ പ്രവേശിക്കാനാണ് പദ്ധതി. കശ്മീർ, ഡെൽഹി സംസ്ഥാനങ്ങൾ കടന്നാണ് 25,000 കിലോമീറ്റർ സഞ്ചരിച്ചു സംസ്ഥാനത്തെത്തുന്നത്.
വിവിധ രാജ്യങ്ങളുടെ സംസ്കാരവും രാജ്യത്തെ വ്യത്യസ്ത സംസ്കാരങ്ങളും നേരിൽ കണ്ടു മനസ്സിലാക്കാനായാണ് യാത്രയെന്ന് സംഘാംഗങ്ങൾ പറയുന്നു. “ടെറൻ ഡ്രൈവ് ലണ്ടൻ ടു കേരള” എന്നാണ് യാത്രയ്ക്ക് പേരിട്ടിരിക്കുന്നത്.
ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവും ബയോ ടോയ്ലറ്റും മറ്റും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.