എറണാകുളം: സാമൂഹിക പ്രവർത്തന രംഗത്തും, ചാരിറ്റി പ്രവർത്തന രംഗത്തും മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള ആദരവായി ഗ്ലോബൽ കിഡ്നി ഫൌണ്ടേഷൻ ഏർപ്പെടുത്തിയ 2020 ലെ ഡോക്ടർ ബി.ആർ അംബേദ്ക്കർ വിമൺ എംപവർമെന്റ് അവാർഡിന് ശ്രീമതി സുവർണ്ണ കുമാരി അർഹയായി. എറണാകുളം ഭാരത് കൺവൻഷൻ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ റിട്ട്. ജഡ്ജി ശ്രീ. കമാൽ പാഷ ആണ് അവാർഡ് നൽകി ആദരിച്ചത്.

ഗാന്ധിജിയുടെ പേരിലുള്ള ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിൻ്റെ ആലപ്പുഴയുടെ സബ് സെൻ്ററിൻ്റെ ചെയർമാനായിട്ട് സേവനം ചെയ്യുന്ന സുവർണ്ണ, ആലപ്പുഴ ജില്ലയിലുടനീളം 2005ലാണ് തന്റെ പ്രവർത്തനമേഖല ആരംഭിച്ചത്. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അവരെ കൈപിടിച്ചുയർത്തുകയും അവർക്ക് വേണ്ടതായിട്ടുള്ള എല്ലാ കാര്യങ്ങൾക്കും കൈത്താങ്ങും സഹായകവുമായി നിലകൊള്ളുന്ന ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രത്തിന്റെ ലോക്കൽ ഡെവലപ്പ്മെന്റ് സെക്രട്ടറി, കേരളം ഒട്ടാകെ പ്രതിനിധീകരിക്കുന്ന ചാരിറ്റബിൾ സംഘടനയായ സമസ്ത്രീ മിഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ സംസ്ഥാന ചെയർപേഴ്സൺ, സംസ്ഥാന ഗവൺമെന്റിന്റെ വനിതാ ശിശുക്ഷേമ സമിതിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എച്ച് എം സി കാരുണ്യ ട്രസ്റ്റ് ഫോർ ഇന്ത്യയുടെ സംസ്ഥാന പ്രസിഡൻ്റ്, കുടുംബശ്രീയുടെ ADS സെക്രട്ടറി എന്നീ നിലകളിൽ പ്രശോഭിക്കുന്ന വ്യക്തിത്വമാണ് ശ്രീമതി സുവർണ്ണ കുമാരി. സാമൂഹിക സേവനങ്ങളെ മാനിച്ച് ഡൽഹിയിൽ നിന്നും നല്ല പ്രവർത്തകയ്ക്കുള്ള ഡോക്ടർ ബാബുജി ജഗദ് ജീവൻ നാഷണൽ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ആദരവുകളും ഇതിനോടകം ലഭിച്ചിട്ടുണ്ട്.

പുണ്യ ദിനമായ ശിവരാത്രി ദിവസംതന്നെ ഇങ്ങനെയൊരു അവാർഡ് വാങ്ങാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും, തനിക്കു ലഭിച്ച ഓരോ അവാർഡും പുതിയ പ്രവർത്തനങ്ങളിലേക്കുള്ള പ്രചോദനവും പ്രോത്സാഹനവും ആയി കാണുന്നുവെന്നും സുവർണ്ണ പറഞ്ഞു. തന്റെ സാമൂഹിക പ്രവർത്തനവും ചാരിറ്റി പ്രവർത്തനവും മനസിലാക്കി ഇങ്ങനെയൊരു അവാർഡിന് തിരഞ്ഞെടുത്ത കിഡ്നി ഫൌണ്ടേഷൻ ഡയറക്ടർ ബഹുമാനപ്പെട്ട ശ്രീ. ചന്ദ്രചേഖരൻ സാറിന് നന്ദി രേഖപ്പെടുത്തുന്നതായും സുവർണ്ണ കൂട്ടിച്ചേർത്തു
