കോട്ടയ്ക്കൽ. ഒതുക്കുങ്ങൽ പഞ്ചായത്തിലെ 2 പൊതുകുളങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സർവേ നടത്തി അതിർത്തി പുനർനിർണയിക്കണമെന്ന് മന്ത്രി കെ.രാജൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. ചെറുകുന്ന് നെടുങ്ങോട്ടുകുളമ്പ് കുളവും മറ്റത്തൂർ മാമ്പ്ര കുളവും ചിലർ കയ്യേറിയതായ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസയും പഞ്ചായത്തംഗവും സിപിഐ ലോക്കൽ സെക്രട്ടറിയുമായ മഞ്ഞക്കണ്ടൻ മുഹമ്മദ് അഷ്റഫും പരാതി നൽകിയതിനെത്തുടർന്നാണ് നടപടി.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഇരു കുളങ്ങളും 45 സെന്റോളം സ്ഥലത്താണുള്ളത്. എന്നാൽ, കയ്യേറ്റം മൂലം 20 സെന്റിലധികം നഷ്ടപ്പെട്ടതായി പറയുന്നു. മേഖലയിലെ കിണറുകളിൽ വെള്ളം വറ്റാതെ നിലനിർത്തുന്നതിൽ ഈ ജലാശയങ്ങൾക്കു വലിയ പങ്കുണ്ട്. പ്രശ്നത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഹമ്മദ് അഷ്റഫ് നേരത്തേ പഞ്ചായത്ത് ഭരണസമിതിക്കും പരാതി നൽകിയിരുന്നു.
മേയ് 26ന് ഇരു കുളങ്ങളും സർവേ നടത്തണമെന്നാണ് മന്ത്രിയുടെ നിർദേശം.