സുനിൽ ചാക്കോ, കുമ്പഴ
പത്തനംതിട്ട: വർഷങ്ങളായി മുടങ്ങിക്കിടന്ന കെഎസ്ആർടിസിയുടെ പത്തനംതിട്ട ഷോപ്പിംഗ് കോംപ്ലക്സുകൾ പണി പൂർത്തിയാക്കി പ്രവർത്തന സജ്ജമാകുന്നു.
നിർമ്മാണം പൂർത്തിയായ പത്തനംതിട്ട ബസ് സ്റ്റേഷനിലെ ഷോപ്പിംഗ് കോംപ്ലക്സ് നാളെ ( ഫെബ്രുവരി 16 ) നാടിന് സമർപ്പിക്കും. മൂന്ന് നിലകളിലായി 95,000 സ്ക്വയർ ഫീറ്റാണ് ബിൽഡിംഗിലുള്ളത്. താഴത്തെ രണ്ട് നിലകളിലായുള്ള 49 കടമുറികൾ ഉദ്ഘാടനത്തിന് ശേഷം ലേലം ചെയ്തു വാടകയ്ക്ക് നൽകും. മൂന്നാം നിലയിലെ 5400 സ്ക്വയർ ഫീറ്റിൽ ശബരിമലയിൽ ഉൾപ്പെടെയുള്ള തീർത്ഥാടകർക്കായി എ.സി, നോൺ എ.സി ഡോർമെറ്ററിയും, യാത്രക്കാരായ സ്ത്രീകൾക്കായുള്ള താമസസൗകര്യവും ഒരുക്കും. വീണാ ജോർജ് എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ചാണ് ഭക്തർക്കുള്ള ഡോർമെറ്ററിയും, വനിതാ യാത്രക്കാർക്കുള്ള താമസ സ്ഥലവും ഒരുക്കുന്നത്.
2015 സെപ്തംബറിൽ നിർമ്മാണം ആരംഭിച്ച പത്തനംതിട്ടയിലെ ഷോപ്പിംഗ് കോംപ്ലക്സ് കെഎസ്ആർടിസിയുടെ തനത് ഫണ്ടിൽ നിന്നും ആറ് കോടി രൂപയും, മുൻ എം എൽ എ ശിവദാസൻ നായരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 2.17 കോടി രൂപയും, വീണ ജോർജ് എം എൽ എയുടെ തനത് വികസന ഫണ്ടിൽ നിന്നും 2.45കോടി രൂപയും ചിലവഴിച്ചാണ് നിർമ്മിച്ചത്.
നാളെ വൈകിട്ട് 5 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പത്തനംതിട്ടയിൽ നിർമ്മിച്ച ഷോപ്പിംഗ് കോപ്ലക്സിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. വീണാ ജോർജ് എംഎൽഎ, ആന്റോ ആന്റണി എംപി, കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈ ൻ, മറ്റു കൗൺസിലർമാർ തുടങ്ങിയവരും പങ്കെടുക്കും.