(റിപ്പോർട്ട്: സുനിൽ ചാക്കോ, കുമ്പഴ)
പത്തനംതിട്ട: അടൂരിൽ വയോജനങ്ങളെ പരിപാലിക്കുന്ന മഹാത്മാ ജനസേവന കേന്ദ്രത്തിൽ നാളെ ഒരു വിവാഹം നടക്കുന്നു. ജീവിത വഴിയിൽ കുടുംബ പ്രാരാബ്ധം മൂലം ഇതുവരെയും സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ സമയം കിട്ടാതെ ഒറ്റക്ക് തുഴയേണ്ടി വന്ന രണ്ട് പേരെ കാലം നാളെ ചേർത്തു വയ്ക്കുന്നു. വൈകിയെരുതിതുടങ്ങുന്ന ആ പ്രണയ കാവ്യത്തിന് ആദ്യ വരികളാവാൻ ഇനി ഒരു നാളിന്റെ കാത്തിരുപ്പ് മാത്രം. നാളെ വാലൻന്റൈൻ ദിനത്തിൽ 58 കാരനായ രാജനും, 65 കാരിയായ സരസ്വതിയും വിവാഹിതരാകും.
തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് രാജൻ (58). വർഷങ്ങളായി, ശബരിമല തീർത്ഥാടന വേളയിൽ പമ്പയിലും പരിസരത്തുമുള്ള കടകളിൽ പാചകം ചെയ്തായിരുന്നു ഉപജീവനം കണ്ടെത്തിയത്. നാട്ടിലേക്ക് പണമയച്ചുകൊടുക്കും. സഹോദരിമാർക്കുവേണ്ടി ജീവിതം മാറ്റിവെച്ച രാജൻ സ്വന്തം ജീവിതം ചിന്തിച്ചില്ല. വിവാഹം കഴിക്കാൻ മറന്നു. കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ഡൗണായതോടെ രാജനെ, അന്നത്തെ പമ്പ സി.ഐ. പി.എം. ലിബിയാണ് 2020 ഏപ്രിൽ 18-ന് മഹാത്മയിലെത്തിച്ചത്. ഇപ്പോൾ വയോജനങ്ങളുടെ സംരക്ഷണവും, പാചകവും രാജൻ സ്വയം ഏറ്റെടുത്തു ജീവിക്കുന്നു.
ഇവിടെ വച്ചാണ് രാജന്റെ ജീവിതത്തിലേക്ക് അടൂർ മണ്ണടി പുളിക്കൽ സരസ്വതി (65) കടന്നു വരുന്നത്. മാതാപിതാക്കൾ മരിച്ചതോടെ സരസ്വതി ജീവിതത്തിൽ ഒറ്റപ്പെട്ടപ്പോൾ പൊതുപ്രവർത്തകരും പോലീസും ചേർന്നാണ് 2018 ഫെബ്രുവരി രണ്ടിന് മഹാത്മയിലെത്തിച്ചത്. അവിവാഹിതയായ, സംസാരവൈകല്യമുള്ള സരസ്വതി രോഗബാധിതരായ വയോജനങ്ങളെ ശുശ്രൂഷിക്കുന്ന ജോലിയാണ് ചെയ്യുന്നത്.
രാജൻ എത്തിയതോടെ പിന്നെ രണ്ടുപേരും ചേർന്നായി വയോജന പരിപാലനം. ഇവരുടെ ഒത്തൊരുമ കണ്ട് അന്തേവാസികളാണ് സരസ്വതിയെ രാജന് വേണ്ടി കല്യാണം ആലോചിച്ചത്. അന്നേരമാണ് ഇവർ ആദ്യമായി സ്വന്തം ജീവിതത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്. പരസ്പരം ഇഷ്ടപ്പെടുന്നെന്ന വിവരം ഇവർതന്നെ തങ്ങളുടെ ബന്ധുക്കളെ അറിയിച്ചപ്പോൾ ഇരുകൂട്ടർക്കും സമ്മതം.
മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി എ. പ്രിഷിൽഡ എന്നിവരാണ് ഇവരുടെ സമാഗമത്തിന് വഴി ഒരുക്കുന്നത് . അങ്ങനെ പ്രണയ ദിനത്തിൽ ഇനിയുള്ള ജീവിതം ഒന്നിച്ചു ഒഴുകാൻ നാളെ രാവിലെ 11 നും, 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ലളിതമായ ചടങ്ങുകളോടെ രാജൻ സരസ്വതിയുടെ കഴുത്തിൽ താലി ചാർത്തുന്നു. ജീവിതസായാഹ്നത്തിൽ നന്മയുടെ സുകൃതമായി കാലം ഒന്നിപ്പിക്കുന്ന ഇവർക്ക് മലയാളി മനസ്സിന്റെ ആശംസകൾ.