പന്തളം: പുരാതന പ്രസിദ്ധമായ കടയ്ക്കാട് തലയനാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ ഇന്ന് മുതൽ ഞായർ വരെയുള്ള തീയതികളിൽ (ഫെബ്രുവരി 20 ശനി മുതൽ 22 തിങ്കൾ വരെ) കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭക്ത്യാദരപൂർവ്വം നടത്തപ്പെടുന്നു. പെരുന്നാളിനും അവിടെ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യ പിതൃക്കളുടെ ശ്രാദ്ധത്തിനും ആരംഭം കുറിച്ചുകൊണ്ട്, വികാരിയും തലനാട് കുടുംബയോഗം പ്രസിഡണ്ടുമായ ഫാദർ ജോൺ ശങ്കരത്തിൽ പെരുന്നാൾ കൊടിയേറ്റി.
തലയനാടിൻ്റെ പവിത്ര ഭൂമിയിൽ അന്ത്യവിശ്രമം കൊള്ളുകയും, നാനാജാതി മതസ്ഥർക്കും ആശ്രയവും അഭയ കേന്ദ്രവുമായി പരിലസിക്കുകയും ചെയ്യുന്ന പന്തളം കടയ്ക്കാട് സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൻ്റെ 62-ാമത് പെരുന്നാളിനും തലയനാട് പുണ്യപിതൃക്കളുടെ ശ്രാദ്ധപെരുന്നാളിനും, തലയനാട് കുടുംബയോഗം മുഖ്യരക്ഷാധികാരിയും നിലയ്ക്കൽ ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും.
20 ന് ശനിയാഴ്ച (ഇന്ന്) രാവിലെ എട്ടിന് അഞ്ചിന്മേൽ കുർബാന ആരംഭിക്കും, 12 30ന് ഉച്ച നമസ്കാരം, വൈകിട്ട് അഞ്ചിന് ഭക്തിനിർഭരമായ പ്രദക്ഷിണവും അതിനെത്തുടന്ന്, സന്ധ്യാനമസ്കാരവും ഉണ്ടായിരിക്കും.
പ്രധാന ദിവസമായ ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച (കുംഭം 9) കുടുംബയോഗം രക്ഷാധികാരി അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന നടത്തപ്പെടും. പെരുന്നാളിൽ സംബന്ധിക്കുവാൻ എത്തിച്ചേർന്ന എല്ലാ ഭക്ത ജനങ്ങൾക്കും ഉച്ചയ്ക്ക് 12 30 ന് ശ്രാദ്ധ സദ്യ ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് കബറിങ്കൽ ധൂപ പ്രാർത്ഥന അഭിവന്ദ്യ തിരുമേനിയുടെയും കുടുംബത്തിലെ മറ്റു വൈദീകരുടെയും നേതൃത്വത്തിൽ നടത്തപ്പെടും.
ഇരുപത്തിരണ്ടാം തീയതി തിങ്കളാഴ്ച 1:30 ന് ചേരുന്ന പൊതു കുടുംബ യോഗത്തിൽ പ്രസിഡണ്ട് ഫാദർ ജോൺ ശങ്കരത്തിൽ അധ്യക്ഷതവഹിക്കും. 3 30ന് കൊടിയിറക്കോടുകൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിലേക്കായി വികാരിയും പ്രസിഡന്റുമായ ഫാ.ജോൺ ശങ്കരത്തിൽ, ട്രസ്റ്റി ജോസഫ് കെ. ശങ്കരത്തിൽ, ജനറൽ കൺവീനർ അനീഷ് ശങ്കരത്തിൽ മോടിയിൽ, സെക്രട്ടറി എം. എബ്രഹാം പണിക്കർവില്ല, പബ്ലിസിറ്റി കൺവീനർ തോമസ് കെ. ശങ്കരത്തിൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റികൾ പ്രവർത്തിക്കുന്നു .
