കോട്ടയ്ക്കൽ. നിരാലംബർ നിസ്സഹായാവസ്ഥയിൽ ഉഴറുമ്പോൾ കൈ പിടിക്കാൻ കോട്ടയ്ക്കലിൽ മാലാഖക്കൂട്ടമുണ്ട്. അങ്കണവാടി പ്രവർത്തകരും അധ്യാപികമാരും ഡോക്ടർമാരും അഭിഭാഷകരും വീട്ടമ്മമാരും അടങ്ങിയ ഈ കൂട്ടായ്മയുടെ പേരാണ് “എയ്ഞ്ചൽസ് വനിതാ ക്ലബ് “. ഭൂമിയിലെ മാലാഖമാർ ജീവകാരുണ്യ പ്രവർത്തനം തുടങ്ങിയിട്ട് 16 വർഷമായി.
കോട്ടയ്ക്കലിലെ പാതയോരത്ത് മുറിവിൽ പുഴുവരിച്ച നിലയിൽ കിടന്ന നബീസയെ ആരും പെട്ടെന്നു മറക്കില്ല. വിവരമറിഞ്ഞു ക്ലബ് പ്രവർത്തകരെത്തി ഇവരെ കുളിപ്പിച്ച്, പുതിയ വസ്ത്രം ധരിപ്പിച്ച് ആദ്യം ആശുപത്രിയിലേക്കും പിന്നീട് തവനൂരിലെ വയോജന സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. മോഷണക്കേസിൽ ജയിലിലായ പ്രതിയുടെ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചതും പ്രസവ ചെലവ് വഹിച്ചതും ഈ സ്നേഹക്കൂട്ടായ്മയാണ്. ഒടുവിൽ യുവതിയെ മഞ്ചേരിയിലെ മഹിളാമന്ദിരത്തിന്റെ തണലിൽ ഏൽപിക്കുകയും ചെയ്തു. കോട്ടൂരിലെ ബാലൻ – കാളി ദമ്പതികൾ, അലഞ്ഞു നടന്ന നാടോടി സ്ത്രീകൾ …. സ്വന്തമായി ഒരു ഓഫിസ് പോലുമില്ലാത്ത കൂട്ടായ്മയുടെ സ്നേഹം അനുഭവിച്ചറിഞ്ഞവർ അനവധിയാണ്.
ജനമൈത്രീ പൊലീസ്, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, സാമൂഹിക നീതി, ആരോഗ്യം, വനിതാ ശിശു വികസനം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചും ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി. ബോധവൽക്കരണ ക്ലാസുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, പ്രതിരോധ മരുന്ന് വിതരണം, സൗജന്യ യൂണിഫോം വിതരണം, വിധവകൾക്ക് ഓണക്കിറ്റ്, റമസാൻ റിലീഫ്, നേത്ര പരിശോധനയും ശസ്ത്രക്രിയയും, തൊഴിൽ പരിശീലനം, അവധിക്കാല പരിപാടികൾ, യുവജന സംഗമങ്ങൾ, അങ്കണവാടി കലോത്സവം തുടങ്ങിയ പരിപാടികളും നടത്തി. മുഖ്യധാരയിലേക്കു കൊണ്ടുവരാനായി കൗമാരക്കാരായ പെൺക്കുട്ടികൾക്കു ഫുട്ബോൾ പരിശീലനം നൽകി. “പൊതുഇടങ്ങൾ ഞങ്ങളുടേതു കൂടിയാണ് ” എന്ന മുദ്രാവാക്യമുയർത്തി നഗരസഭയുമായി ചേർന്നു വനിതാദിനത്തിൽ നടത്തിയ രാത്രിനടത്തം ശ്രദ്ധേയമായിരുന്നു. കോവിഡ് അടച്ചിടൽ കാലത്തും സജീവമായി രംഗത്തിറങ്ങി.
കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി ഡോ.പി.എം. വാരിയരുടെ പത്നിയും മെറ്റീരിയൽസ് വിഭാഗം മേധാവിയുമായ ശൈലജ മാധവൻകുട്ടിയാണ് ക്ലബിന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി മുന്നിൽ
നിൽക്കുന്നത്. കോട്ടയ്ക്കൽ ആര്യവൈദ്യശാല അഡീഷനൽ ചീഫ് ഫിസിഷ്യൻ ഡോ.കെ.മുരളീധരന്റെ പത്നിയും കവയിത്രിയുമായ ഗിരിജ പാതേക്കര പ്രസിഡന്റും പ്രഭാഷക കെ.കൃഷ്ണ സെക്രട്ടറിയുമാണ്. കെ.സി.ആലീസ് (വൈസ് പ്രസി.), ടി.വി. മുംതാസ് (ജോ.സെക്ര.), പത്മജ തിലകൻ (ട്രഷ.), സീമ വാസൻ, ശ്യാമള രാംദാസ്, ടി.വി. സുലൈഖാബി, എം.ഗിരിജ, ടി.വി. റാബിയ, കെ.രാജശ്രീ, കെ.കൃഷ്ണകുമാരി, രമ പരപ്പിൽ, കെ.കെ. റൈഹാനത്ത്, ഡോ. ശ്രീലക്ഷ്മീ രാജ് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ.