വാർത്ത: സുനിൽ ചാക്കോ, കുമ്പഴ
പത്തനംതിട്ട, കുമ്പഴ : കുമ്പഴ മത്സ്യ മാർക്കറ്റിനു ഇനി അസഹനീയ ദുർഗന്ധത്തിൽ നിന്ന് ശാപമോക്ഷം. കേരള സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ 2.25 കോടി രൂപ മുടക്കി കുമ്പഴയിൽ ആധുനിക മത്സ്യ മാർക്കറ്റ് പണിയാൻ പത്തനംതിട്ട നഗര സഭ ഒരുങ്ങുന്നു. ഇതിന്റെ പ്രാരംഭ പരിശോധന എംഎൽഎ വീണ ജോർജ്, നഗര സഭ ചെയർമാൻ സക്കീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ കുമ്പഴയിൽ നടന്നു . കെട്ടിടം ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ ഒരുക്കിയാണ് മാർക്കറ്റ് വരുന്നത്.
മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ മത്സ്യ മൊത്തവ്യാപാര കേന്ദ്രമാണ് കുമ്പഴയിലെ മത്സ്യ മാർക്കറ്റ്.കടപ്പുറത്തു നിന്നു മത്സ്യം കയറ്റിയ വാഹനങ്ങൾ അർധരാത്രിക്കു ശേഷം ഇവിടെ എത്തുന്നു . നേരം പുലരും മുൻപേ അവ ലേലം ചെയ്ത് ചെറുകിട വിൽപനക്കാർക്ക് നൽകുന്നു.
ജില്ലയുടെ പല ഭാഗത്തു നിന്നും സമീപ ജില്ലകളിൽ നിന്നും മത്സ്യ വ്യാപാരികൾ ഇവിടെ മത്സ്യം വാങ്ങാനായി എത്തുന്നു. അത് കൊണ്ടു തന്നെ പുലർച്ചെ മുതൽ കുമ്പഴ -മലയാലപ്പുഴ റോഡിനോട് ചേർന്ന് കോൺക്രീറ്റ് ചെയ്ത് ഒഴിച്ച് ഇട്ട സ്ഥലത്തും, സമീപ റോഡിലും നല്ല തിരക്കാണ്. വാഹന തടസ്സം സ്ഥിര കാഴ്ചയാണ് ഇവിടെ. മറ്റ് സംവിധാനങ്ങൾ ഇല്ല. കുറച്ചു വാഹനങ്ങൾ മാത്രമേ കോൺക്രീറ്റ് ചെയ്ത സ്ഥലത്തേക്ക് കയറൂ. തിരക്കു കാരണം കൂടുതൽ വാഹനങ്ങളും റോഡിൽ നിർത്തി കച്ചവടം നടത്തുന്നതു കൊണ്ടാണ് ഇവിടെ റോഡിൽ തിരക്ക് ഉണ്ടാകുന്നത്. തന്മൂലം കാല്നടക്കാർക്കും, വാഹന യാത്രക്കാർക്കും പലപ്പോഴും ഇവിടെ ബുദ്ധിമുട്ട് അനുവഭപ്പെടുന്നു.
മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തതിനാൽ ഈ പ്രദേശത്ത് സഹിക്കാൻ പറ്റാത്ത വിധം ദുർഗന്ധമാണ് . മീൻ വെള്ളം വീണ് റോഡുകളിലെ ടാറിങ് ഇളകുന്നതും പതിവാണ്. വീണാ ജോർജ് എംഎൽഎ മുൻകൈ എടുത്താണ് പദ്ധതി നടപ്പാക്കുന്നത്.വർഷങ്ങളായി വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാതെ ശോചനീയാവസ്ഥയായ കുമ്പഴയിൽ ആധുനിക മത്സ്യ മാർക്കറ്റ് നിർമാണം എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് കുമ്പഴയും വികസിക്കട്ടെ എന്നാണ് നാട്ടുകാരും ഉറ്റുനോക്കുന്നത്.