റിപ്പോർട്ട്: സുനിൽ ചാക്കോ, കുമ്പഴ
പത്തനംതിട്ട: നവീകരിച്ച പത്തനംതിട്ട കെ എസ് ആർ ടി സി ബസ് ടെർമിനൽ തുറക്കുന്നു. ജില്ലാ ആസ്ഥാനത്തെ ഈ ബസ് ടെർമിനൽ മന്ദിരത്തിന്റെ ഉദ്ഘാടനം 16 ന് നടത്തുമെന്ന് വീണ ജോർജ് എം എൽ എ പറഞ്ഞു. യാത്രക്കാരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് അങ്ങനെ വിരാമമാകുന്നു
കരാറുകാരനുമായി ഉണ്ടാക്കിയ പുതിയ വ്യവസ്ഥയിൻ പ്രകാരം ബുധനാഴ്ച ആയിരുന്നു പണികൾ പൂർത്തിയാക്കേണ്ടിയിരുന്നത്. ബസ് ടെർമിനൽ കെട്ടിട സമുച്ചയത്തിന്റെ 95% പണികളും പൂർത്തിയായിട്ടുണ്ട്. പെയിന്റിംഗ് ജോലികളെല്ലാം കഴിഞ്ഞു. ഓഫീസുകൾ മുകളിലത്തെ നിലയിലേക്ക് മാറ്റി സ്ഥാപിച്ചു.
മാലിന്യ സംസ്കരണശാല, ശുചി മുറികളുടെ സെപ്റ്റിക് ടാങ്ക് എന്നിവയുടെ പണികൾ ആരംഭിച്ചിട്ടേയുള്ളൂ.അത് ഉടൻ പൂർത്തിയാകും. എം എൽ എ ഫണ്ട് ഉപയോഗിച്ചാണ് ഈ പണികൾ നടത്തുന്നത്.
ഇനി അവശേഷിക്കുന്ന കുറച്ചു പണികൾ രാത്രിയും പകലുമായി പൂർത്തിയാക്കാൻ കരാറുകാരന് നിർദേശം നൽകിയതായി ഇവിടം സന്ദർശിച്ച വീണ ജോർജ് എംഎൽഎ പറഞ്ഞു. മുൻ ആറന്മുള എം എൽ എ കെ ശിവദാസൻനായരുടെ ശ്രമ ഫലമാണ് പത്തനംതിട്ടയിൽ കെ എസ് ആർ ടി സി ടെർമിനൽ നവീകരണ പദ്ധതികൾ ആരംഭിക്കാൻ കഴിഞ്ഞത്.