പോരാടുകയാണവൾ ഭൂമിയിൽ
പോരടിക്കുന്നതു ദാരിദ്രത്തോടും
പാരിൽ കഷ്ടതയേറുമീ കൗമാരം
പാരിന്നു തന്നെയിന്നഭിമാനമോ ?
വിനിഷയെന്നവൾക്കോമനപ്പേര്
യൂണിഫോമണിഞ്ഞ പ്ലസ്ടൂക്കാരി
സ്വന്തം സ്കൂൾമുഖത്തിൽ തൊഴി-
ലഭിമാനം കപ്പലണ്ടി കച്ചവടക്കാരി !!
ക്ലേശിക്കും ജീവിതത്തിൻ രണ്ടറ്റം
തമ്മിലൊന്നു കൂട്ടിമുട്ടിക്കുവാൻ
കൈതാങ്ങാകുമീ തൊഴിലിലെന്നും
കൈത്തിരിനാളമായച്ഛനുമമ്മക്കും !!
കണ്ടെത്തണം പഠനത്തിൻ ചിലവുകൾ
കപ്പലണ്ടി തൻ കച്ചവടമതു തുണക്കെ
കണ്ണിൽച്ചോരയോട്ടമുള്ളവരറിയേണം
കഷ്ടപ്പാടുകൾ ബഹുവിധമാം മുന്നിൽ !!
മോഹത്തിന്നതിരുകളില്ല മോഹിച്ചീടുകി –
ലതു കുറ്റവുമല്ല, തവ കൗമാരമെന്നും
മോഹിക്കട്ടെ, മോഹമെല്ലാം പുഷ്പ്പിക്കട്ടെ,
മോഹജീവനം സത്യമായ് ഭവിക്കട്ടെ പുത്രി !!
കെ. വിജയൻ നായർ, മുംബൈ✍