ആർത്തിരമ്പിപ്പാഞ്ഞു
മുന്നേറി നേടി നാം
ആലോഷമാക്കുംവനിതാദിനങ്ങളെ .
മാറ്റിപ്പണിതു ദുരാത്മാവുതീണ്ടിയ
ലിംഗ വിവേചനഡ്രാക്കുളക്കോട്ടകൾ
കാലത്തിനൊപ്പമുണർന്നുനയിച്ചിടാം
കൈവിട്ടുപോകാതെ
യീകൊടിക്കൂറയെ.
ഓർത്തെടുക്കാം
നമ്മളോരത്തു നിന്നനാൾ
ചേർത്തുനിർത്താം
ലിംഗനീതിയെകൂട്ടിനായ് .
വേറിട്ടുനിർത്തുവാനാകില്ല
ഞങ്ങൾക്ക് വേരുണ്ട് മണ്ണിൽ
തലയുയർത്തീടുവാൻ –
ഒരേ ഗർഭപാത്രത്തിലാണു
പിറവിയിൽ
ഒരേ നീതിഞങ്ങൾക്കുമുണ്ടീ
യുലകിതിൽ
ആകാശമൊന്നിന്റെ
സ്വപ്നങ്ങളാണുനാം
ആകാരമൊന്നിന്റെ
വർണ്ണങ്ങളാണു നാം.
മേൽക്കോയ്മ താഴിട്ടടച്ചു
മുന്നേറിയോർ
മേൽമുണ്ട് മാറത്തുറപ്പിച്ചു
നിർത്തിയോർ
വീരേതിഹാസം രചിച്ചു
ചരിത്രമായ്
വീറോടെതിർത്തഭിമാനം
ജയിച്ചവർ.
നീതിത്തുലാസിന്റെ സൂചിയുറപ്പിച്ചു
നീതിയവകാശമായ്
ചെന്നുവാങ്ങിയോർ .
കാൽച്ചിലമ്പിൽ താളമൂന്നിച്ചവിട്ടണം
കാതോർത്തുനീങ്ങണം
കാലത്തിനൊപ്പമായ്
കാത്തുരക്ഷിക്കുവാൻ
കാവൽനിന്നീടണം
കാപാലികർ വന്നു നിൽപ്പുണ്ട് ചുറ്റിലും.
വീണ്ടും പടികടന്നെത്തുന്ന ഡ്രാക്കുള
പ്പല്ലുകൾ ദാഹം ജ്വലിക്കുന്നകണ്ണുമായ് .
രാകിമിനുക്കിയുറപ്പിച്ചുറൂമികൾ
കൈവിടാതെന്നും കരുതി വെച്ചീട്ടുക.
ബാലു പൂക്കാട്.✍