ശ്രീ തിരുമാന്ധാം കുന്നിലമ്മ
ദക്ഷിണ ഭാരതത്തിലെ ചിരപുരാതനമായ ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം തിരുമാന്ധ കുന്ന് ഭഗവതി ക്ഷേത്രം. വിളിച്ചാൽ വിളിപ്പുറത്ത് വിളി കേൾക്കു മെന്ന് ഭകതരിന്നും ഉറക്കെ വിശ്വസിക്കുന്നു. ദേവി സങ്കൽപ്പത്തിലും ഭദ്രകാളീ വിശ്വാസത്തിലും ഒട്ടനവധി ക്ഷേത്രങ്ങൾ എങ്ങും നിലനിൽക്കുന്നുണ്ടെങ്കിലും അവയിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്നതാണ് തിരുമാന്ധാം കുന്നിലമ്മ. ചരിത്രത്തിന്റെ വേരോട്ടങ്ങളിൽ കെട്ടു പിണഞ്ഞു കിടക്കുന്ന ഇവിടം ദേശത്തിന്റെ പ്രാണവായു കൂടി ആവാഹിച്ചതും ഗതിവിധാനങ്ങൾ നിയന്ത്രിക്കന്നതുമാണ്.
വള്ളുവനാട് രാജവംശത്തിന്റെ ആരാധനാ മൂർത്തിയായി ഉപവസിച്ചിരുന്ന ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി തന്റെ തട്ടകമായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ കുടികൊണ്ട് പ്രജകളെ അനുഗ്രഹിച്ച് സദാ വിളങ്ങി വസിക്കുന്നത് നിർവൃതി ഉളവാക്കുന്ന ഒന്നാണ്. അമ്മയുടെ അനുഗ്രഹ തേജസ്സ് നിറഞ്ഞു നിൽക്കുന്ന ഇവിടം സന്ദർശിക്കുന്ന ഏതൊരു ഭക്തനും നിറഞ്ഞ സായൂജ്യമാണ് അനുഭവപ്പെടുന്നത്. വള്ളുവനാട്ടിലെ പഴയ കാല പ്രധാനികളായ പെരുമ്പടപ്പ് മൂപ്പന്മാരും കോഴിക്കോട് സാമൂതിരിമാരും വരെ അമ്മയുടെ നിത്യഭകതന്മാരായിരുന്നത് അതുകൊണ്ടും കൂടിയായിരിക്കണം. വള്ളുവനാട്ടിലെ കുടിൽ മുതൽ കൊട്ടാരം വരെ തികഞ്ഞ ഭക്തിയോടെ ആരാധിക്കുന്നുണ്ട്. ഒരു പക്ഷേ വള്ളുവനാടിന്റെ ചരിത്രം വാർത്തെടുക്കപ്പെട്ടത് തിരുമാന്ധാം കുന്നിലമ്മയുടെ ഐതിഹ്യങ്ങളിൽ കൂടിയുമായിരിക്കാം. ഈ ദേശത്തിന്റെ ശക്തിയും മുകതിയും അമ്മയുടെ അനുഗ്രഹത്തിലധിഷ്ഠിതമാണ്. വടക്ക് ആനക്കയം മുതൽ തെക്ക് പുലാമന്തോൾ പുഴയും കിഴക്ക് പന്തല്ലൂർ മലയും പടിഞ്ഞാറ് പാങ്ങ് കുന്നുകൾ വരെയും വിസ്തൃതിയുണ്ടായിരുന്ന വള്ളുവനാടിന്റെ പ്രധാന വാണിജ്യ കേന്ദ്രമാണ് അങ്ങാടിപ്പുറം .
ചരിത്രത്തോട് ഇത്രയും ഇഴചേർന്ന് നിൽക്കുന്ന ക്ഷേത്രങ്ങൾ കേരളത്തിൽ തുലോം വിരളമാണ്. മലപ്പുറം ജില്ലയിലെ പ്രധാന വാണിജ്യ പട്ടണമായ പെരിന്തൽമണ്ണയിൽ നിന്ന് കേവലം മൂന്ന് കിലോമീറ്ററോളം അകലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അവിടെ നിന്ന് കോഴിക്കോട് റോഡിലൂടെ സഞ്ചരിക്കുമ്പോൾ വലതു ഭാഗത്തായി തലയുയർത്തി നിൽക്കുന്ന തിരുമാന്ധാം കുന്നിലമ്മയെ മനസ്സുകൊണ്ടെങ്കിലും ഒന്നു വണങ്ങാതെ കടന്നുപോകുവാൻ സാദ്ധ്യമല്ല. ഷൊർണ്ണൂർ നിലമ്പൂർ റെയിൽ മാർഗ്ഗത്തിൽ അങ്ങാടിപ്പുറം പ്രധാനപ്പെട്ട സ്റ്റേഷനാണ്.
പ്രധാന റോഡിൽ നിന്നും ഉയർന്നു നില്ക്കുന്ന തെക്കേ ഗോപുര നട കടന്ന് വിശാലമായ പൂരപ്പറമ്പിലെത്തുമ്പോൾ അസംഖ്യം കല്പ്പടവുകൾ കുന്നിന് മുകളിലേക്ക് വഴിയൊരുക്കിയതായി കാണാം. കല്പടവുകളിലൂടെ കയറി കുന്നിൻ മുകളിൽ പ്രവേശിക്കുമ്പോൾ കൊടിമരവും ശ്രീമൂലസ്ഥാനവും മുഖമണ്ഡപവും എല്ലാം ദർശിക്കുവാൻ കഴിയും. സദാ വീശിയടിക്കുന്ന തെക്കൻ കാറ്റിൽ മർമ്മരം മൊഴിയുന്ന ആലിലക്കൂട്ടങ്ങൾ അനവദ്യമായ അനുഭൂതിയാണ് ഭക്തരിൽ ഉള വാക്കുന്നത്. ഭക്തജനങ്ങളുടെ സൗകര്യങ്ങൾക്കായി ദേവസ്വം ഓഫീസിലും കൗണ്ടറും ഇവിടെ സ്ഥിതി ചെയ്യുന്നു. തിരുസന്നിധിയിൽ വെച്ചുള്ള മംഗല്യ കർമ്മം വിശേഷമായി കരുതുന്നതിനാൽ വിവാഹമൊഴിഞ്ഞ ദിവസങ്ങളില്ലന്നു തന്നെ പറയാം. എല്ലാ സൗകര്യങ്ങളോടു കൂടിയ കല്യാണ മണ്ഡപം ഇതിനായി ഒരുക്കി ട്ടുണ്ട്. ഇവിടത്തെ മംഗല്യ സിദ്ധിക്കായുള്ള ഉപാസനയും അനുഷ്ഠാനങ്ങളും വളരെ പ്രസിദ്ധ മാണ്. നാടിന്റെ നെറ്റിത്തടം പോലെ ഉയർന്നു നിൽക്കുന്ന വിശാലമായ കുന്നിൻ മുകളിലെ തിലകക്കുറിയാണ് ശ്രീ തിരുമാന്ധാം കുന്ന് ഭഗവതി ക്ഷേത്രം.
( തുടരും)